എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

Posted on: March 28, 2013 8:24 am | Last updated: March 28, 2013 at 8:24 am
SHARE

മലപ്പുറം: എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് നാളെ കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ തുടക്കമാകും. ‘ധര്‍മ്മപതാകയേന്തുക’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മെമ്പര്‍ഷിപ്പ് പുന:സംഘടനാ പ്രവര്‍ത്തനങ്ങളുടെ നാലാം ഘട്ടമായാണ് നാളെയും മറ്റെന്നാളുമായി ജില്ലാ പ്രതിനിധി സമ്മേളനവും വാര്‍ഷിക കൗണ്‍സിലും നടക്കുന്നത്.
ജില്ലയിലെ യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ ഘടകങ്ങളില്‍ പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. നാളെ ജില്ലാ വാര്‍ഷിക കൗണ്‍സിലും അനുബന്ധ പരിപാടികളുമാണ് നടക്കുക. ജില്ലാ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും 2013-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പും കൗണ്‍സിലിന്റെ ഭാഗമായി നടക്കും.
നാളെ വൈകുന്നേരം നാലിന് കൗണ്‍സില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, പി കെ എം സഖാഫി, പി എം മുസ്തഫ മാസ്റ്റര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി വി മുഹമ്മദ് ഹാജി, പി കെ മുഹമ്മദ് ബശീര്‍, ടി അലവി പുതുപറമ്പ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. തെരഞ്ഞടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ സയ്യിദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരി നിയന്ത്രിക്കും.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അലവി സഖാഫി കൊളത്തൂര്‍ പ്രസംഗിക്കും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍, സയ്യിദ് വി പി ഹബീബ്‌കോയ തങ്ങള്‍ സംബന്ധിക്കും. ജില്ലയിലെ 20 സോണുകളില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. വൈകുന്നേരം അഞ്ച് മണിക്ക് പ്രകടനത്തോടെ പരിപാടി സമാപിക്കും.