Connect with us

National

യു പി എയിലെ രണ്ട് അധികാരകേന്ദ്രങ്ങള്‍ പരാജയം: ദിഗ്‌വിജയ്‌

Published

|

Last Updated

ന്യുഡല്‍ഹി: രണ്ട് അധികാരകേന്ദ്രങ്ങളുണ്ടാക്കി യു പി എ നടത്തിയ പരീക്ഷണം പരാജയമായിരുന്നുവെന്നും, സോണിയാഗാന്ധി ചെയ്തത് പോലെ മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയാക്കാന്‍ രാഹുല്‍ ഗാന്ധി മുതിരില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്.
“വ്യക്തിപരമായി പറഞ്ഞാല്‍ ഈ മാതൃക നന്നായി പ്രവര്‍ത്തിച്ചിട്ടില്ല. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നാണ് ഞാന്‍ വ്യക്തിപരമായി കരുതുന്നത്. പ്രധാനമന്ത്രി ആരാണോ, അവര്‍ക്ക് ആധികാരികമായി പ്രവര്‍ത്തിക്കാന്‍ കഴിയണം”- ഒരു ടി വി അഭിമുഖത്തില്‍ ദിഗ്‌വിജയ് അഭിപ്രായപ്പെട്ടു.
രണ്ട് യു പി എ സര്‍ക്കാറുകളുടെ കാലത്തും സോണിയ ഒരിക്കലും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിട്ടില്ല. 2004 മുതല്‍ നിലവിലുള്ള സര്‍ക്കാറിനും പാര്‍ട്ടിക്കും വ്യത്യസ്ത നേതൃത്വമെന്ന പരീക്ഷണത്തിന്റെ കാര്യത്തിലുള്ള ആദ്യ വിലയിരുത്തലായാണ് ദിഗ്‌വിജയ് സിംഗിന്റെ അഭിപ്രായപ്രകടനത്തെ കരുതുന്നത്.
പ്രധാനമന്ത്രി പദമേറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വിമുഖനാണെന്ന അഭിപ്രായ പ്രകടനങ്ങളെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് തള്ളിക്കളഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കും പ്രധാനമന്ത്രിയാകുകയെന്നതാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചിരിക്കെ, രാഹുല്‍ ഗാന്ധി മാത്രമായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് പാര്‍ട്ടി വക്താവ് റഷീദ് ആല്‍വി പറഞ്ഞു. എല്ലാ പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിയായിരിക്കണം അടുത്ത പ്രധാനമന്ത്രിയെന്ന് ഹൃദയംഗമമായി ആഗ്രഹിക്കുന്നുണ്ടെന്ന് വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും രാഹുലിനുണ്ട്. അദ്ദേഹത്തിന് സ്വന്തം ചിന്താശൈലിയുണ്ട്. ദീര്‍ഘ വീക്ഷണമുണ്ട്. ആല്‍വി വ്യക്തമാക്കി.

Latest