പദ്ധതി പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 30 വരെ സമയം

Posted on: March 28, 2013 8:00 am | Last updated: March 28, 2013 at 8:00 am
SHARE

തിരുവനന്തപുരം: ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 30 വരെ സമയം ദീര്‍ഘിപ്പിച്ച് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച് മാസം ഒടുവില്‍ കൂടുതല്‍ അവധി ദിവസങ്ങള്‍ വരുന്നതിനാലാണിത്. സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് പല പഞ്ചായത്തുകളും ആവശ്യപ്പെട്ടിരുന്നതായി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പോലീസിലെ തണ്ടര്‍ബോള്‍ട്ട് വിഭാഗത്തിന് വാഹനങ്ങളും ഉപകരണവും വാങ്ങാന്‍ 11.5 കോടി രൂപ അനുവദിച്ചു. കേരഫെഡ് വഴി നടപ്പാക്കുന്ന പച്ചത്തേങ്ങ സംഭരണ പദ്ധതിയില്‍ മാര്‍ച്ച് വരെ സംഭരിച്ച വകയിലെ നഷ്ടം നികത്താന്‍ 1.44 കോടി രൂപ അനുവദിക്കും.
കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ഒരു ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ തസ്തിക സൃഷ്ടിക്കും. മലപ്പുറം അരീക്കോട്ട് ഐ ടി പാര്‍ക്ക് നിര്‍മിക്കും. ഇതിനായി 53.72 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി. ട്രിപ്പിള്‍ ഐ ടിക്ക് വേണ്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്ഥാപിക്കാന്‍ കോട്ടയം വളവൂരില്‍ 22.89 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും. പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന് പാട്ടത്തിന് നല്‍കിയ അഞ്ച് സെന്റ് ഭൂമി സൗജന്യമായി പതിച്ചുനല്‍കും. മീനച്ചില്‍ കുരിയന്നൂരില്‍ അഞ്ച് ഏക്കര്‍ റവന്യൂ ഭൂമി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് സെന്റര്‍ സ്ഥാപിക്കാന്‍ ടൂറിസം വകുപ്പിന് കൈമാറും.