കൂടംകുളം പ്ലാന്റ് ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങും

Posted on: March 28, 2013 7:56 am | Last updated: March 28, 2013 at 7:56 am
SHARE

bricsഡര്‍ബന്‍: തമിഴ്‌നാട്ടിലെ കൂടംകുളത്തുള്ള ആണവോര്‍ജ പ്ലാന്റ് അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന അഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. ആയിരം മെഗാവാട്ട് ശേഷിയുള്ള ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനമാകും അടുത്ത മാസം നടത്തുകയെന്ന് പ്രധാനമന്ത്രി പുടിനെ അറിയിച്ചു. ഇന്ത്യ- റഷ്യ സഹകരണത്തോടെയുള്ള ആണവ പദ്ധതിയുടെ അവശേഷിക്കുന്ന ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്ലാന്റിന്റെ മൂന്ന്, നാല് യൂനിറ്റുകള്‍ക്കുള്ള എല്ലാ അനുമതിയും ഇതിനകം ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനം അടുത്ത മാസം തന്നെ ആരംഭിക്കും – സിംഗ് പറഞ്ഞു. കൂടംകുളം പ്ലാന്റിന്റെ സാങ്കേതിക, സാമ്പത്തിക സഹായം റഷ്യയാണ് നല്‍കുന്നത്.
ധനമന്ത്രി പി ചിദംബരം, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. തിരുനല്‍വേലി ജില്ലയിലെ കൂടംകുളം പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരവും ഉപരോധവുമുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തി യിരുന്നു. ജപ്പാനിലെ ഫുക്കുഷിമ ആണവ പ്ലാന്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ദുരന്തത്തിന് ശേഷമാണ് സമരം ശക്തിയാര്‍ജിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ പുട്ടിന്‍, സെപ്തംബറില്‍ രാജ്യത്ത് നടക്കുന്ന ജി 20 ഉച്ചകോടിയില്‍ മന്‍മോഹന്‍ സിംഗ് പങ്കെടുക്കുമെന്ന് പ്രത്യാശിച്ചു. റഷ്യയുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരു അവസരവും ഇന്ത്യ ഒഴിവാക്കില്ലെന്ന് പ്രധാനമന്ത്രി ഇതിന് മറുപടി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച സിംഗ്, റഷ്യന്‍ സുരക്ഷാ ഏജന്‍സിയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.