ലോകം ഒരഭയാര്‍ഥി ക്യാമ്പായി മാറുന്ന കാലം

Posted on: March 28, 2013 7:39 am | Last updated: March 29, 2013 at 9:48 am
SHARE

worldനൗര്‍ചംസ് ക്യാമ്പില്‍ മൂന്ന് കിണറുകളാണുള്ളത്. വരണ്ട നദീതടം കുഴിച്ചുണ്ടാക്കിയവ. പരന്ന കല്ലുകള്‍ പാകിയും കാര്‍ഡ്‌ബോര്‍ഡുകള്‍ വെച്ചുമാണ് അവയുടെ ആള്‍മറ പണിതിട്ടുള്ളത്. സൂര്യോദയമായിട്ടില്ലാത്ത പുലര്‍ച്ചെ ആ ചെളിവെള്ളം കോരിയെടുക്കുന്നതിനായി ഞാന്‍ പോകുന്നു. അപ്പോഴേക്കും സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിര തന്നെ അവിടെ സ്ഥാനം പിടിച്ചിരിക്കും….
ഇപ്പറഞ്ഞതൊക്കെ ക്യാമ്പിന്റെ ആദ്യനാളുകളിലെ കാര്യമാണ്. പിന്നെപ്പിന്നെ കിണറുകളില്‍ വെള്ളം കുറഞ്ഞുകുറഞ്ഞുവന്നു. ചേറും ചെളിയും നിറഞ്ഞു. അതിനൊത്ത് ആ സംസാരങ്ങളും നിലച്ചുകൊണ്ടിരുന്നു. കോരിയെടുക്കുന്ന വെള്ളത്തില്‍ ചെളിയാണ്. അത് ബക്കറ്റിനടിയിലേക്ക് ഊറിക്കൂടാനും വെള്ളം തെളിയാനും സമയം വേണം. തെളിഞ്ഞ ശേഷമേ പാത്രങ്ങളിലേക്ക് ഒഴിക്കാവൂ. മുള്ള്‌നിറഞ്ഞ കുറ്റിച്ചെടികള്‍, തണല്‍ തരാന്‍ കഴിയാത്ത അക്കേഷ്യാ മരങ്ങള്‍, നദീതടത്തിലെ വരണ്ട താഴ്‌വര….. പലകയും കാര്‍ഡ്‌ബോര്‍ഡും കൊണ്ടുണ്ടാക്കിയ വീടുകള്‍, പൊളിഞ്ഞ ടെന്റുകള്‍, വാഹനത്തിലെ തീമറക്കോപ്പ് കൊണ്ട് പണിത താത്കാലിക വീടുകള്‍, ഡ്രമ്മുകളാകുന്ന പാര്‍പ്പിടങ്ങള്‍, കമ്പ് കൊണ്ട് ടയറുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ കൂരകള്‍… ഇങ്ങനെ ദുരിതം നിറഞ്ഞ ഒരു കരയിലേക്ക് ദിവസവും സൂര്യന്‍ ഉദിച്ചുയരുന്നത് അതിനെ കൂടുതല്‍ വരട്ടുന്നതിന് വേണ്ടിയാണ്….
ജലദൗര്‍ലഭ്യത്താല്‍ കുളിക്കാനോ വസ്ത്രങ്ങള്‍ കഴുകാനോ പറ്റുന്നില്ല. എച്ചിലും അഴുക്കും അമേധ്യവും പുരണ്ടുകിടക്കുന്നു കുട്ടികളുടെ കുപ്പായങ്ങള്‍. അഴുക്കുപിടിച്ചു മരത്തൊലിപോലെ കട്ടിയായി, സ്ത്രീകളുടെ വസ്ത്രങ്ങള്‍. വൃദ്ധജനങ്ങളുടെ മുഖങ്ങള്‍ കറുത്തു കരിവാളിച്ചിരിക്കുന്നു. മുടി ജട പിടിച്ചിരിക്കുന്നു. അവരുടെ അടുത്തൂടെ പോയാല്‍ ശവനാറ്റം അനുഭവപ്പെടും. ഓക്കാനിക്കാന്‍ തോന്നും.
(അലഞ്ഞുതിരിയുന്ന നക്ഷത്രം- ജെ എം ജി ലെ ക്ലെസിയോ)
സിറിയ, ഫലസ്തീന്‍, രാഖിന, മാലി, കോംഗോ, സെന്‍ട്രല്‍ ആഫ്രിക്ക, തമിഴ്‌വംശജര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവ ചില രാഷ്ട്രങ്ങളും സമൂഹങ്ങളുമാണ്. മാധ്യമങ്ങള്‍ക്കിത് വാര്‍ത്താ സ്രോതസ്സുകളും. രാഷ്ട്രങ്ങള്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവസരങ്ങള്‍ മുതലാക്കാനും ഉള്ള ഉപകരണവും. രാഷട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇതേ താത്പര്യം തന്നെ. പുറം നാട്ടുകാര്‍ക്ക്, വിപ്ലവമെന്ന് പറഞ്ഞ് ചോരത്തിളപ്പ് ഉച്ചിയിലെത്തിക്കാനും അത് പരീക്ഷിക്കുന്നതിന് ആളെക്കൂട്ടാനുമുള്ള വഴി.
എന്നാല്‍, ഈ പേരുകളിലറിയപ്പെടുന്നത് അഭയാര്‍ഥികളെന്ന ഒരു കൂട്ടമാണ്. ചോരയും വിയര്‍പ്പും ദാഹവും വിശപ്പും ആഗ്രഹങ്ങളും തൃഷ്ണകളും ദുഃഖവും സങ്കടങ്ങളും എല്ലാമുള്ള മനുഷ്യര്‍. ജനിച്ചുവളര്‍ന്നയിടങ്ങളില്‍ അധിനിവേശ ദംഷ്ട്രകള്‍ വന്നുപതിച്ചതു മൂലമോ ഭരണീയരുടെ പിടിപ്പുകേട് കൊണ്ടോ നിക്ഷിപ്ത താത്പര്യക്കാരുടെ പിടിവാശി കൊണ്ടോ ജീവനും കൊണ്ട് ഓടിപ്പോന്നവര്‍. പിടഞ്ഞുവീഴുന്ന ഉടപ്പിറപ്പുകളുടെയും സഹജീവികളുടെയും നെഞ്ച് പിളര്‍ത്തുന്ന കാഴ്ച കണ്ട് സമ്പാദിച്ചതെല്ലാം ഉപേക്ഷിച്ച് ഓടിപ്പോന്ന് ഒടുവില്‍ ഒരു നേരത്തെ അപ്പത്തിനായി അന്യന്റെ മുന്നില്‍ കൈ നീട്ടാന്‍ വിധിക്കപ്പെട്ടവര്‍.
രണ്ട് വര്‍ഷം കൊണ്ട് സിറിയയില്‍ നിന്ന് എത്ര ലക്ഷങ്ങളാണ് തുര്‍ക്കിയിലേക്കും ഇറാഖിലേക്കും ജോര്‍ദാനിലേക്കും ലബനാനിലേക്കും ഓടിപ്പോയത്? അക്രമങ്ങള്‍ക്കും കൊള്ളക്കും രക്തം ചിന്തലിനും യാതൊരു ശമനവുമില്ല. മാത്രമല്ല ദിനംപ്രതി വര്‍ധിക്കുകയുമാണ്. എല്ലാവര്‍ക്കും വേണ്ടത് രക്തമാണ്. മരണത്തിന്റെ എണ്ണം വെച്ചാണ് വിജയിയാരെന്ന് തീരുമാനിക്കുന്നത്. വിപ്ലവകാരികളും സൈന്യവും സാധാരണക്കാരന്റെ രക്തം കൊണ്ട് ശക്തി തെളിയിക്കുന്നു. പിടിച്ചടക്കലും കീഴ്‌പ്പെടുത്തലും മറ്റും സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടിയും. ദാഹിച്ചുവലഞ്ഞ വായില്‍ മതിയാവോളം വെള്ളം നല്‍കണമെങ്കില്‍ സന്നദ്ധ സംഘടനകളും യു എന്‍ ഏജന്‍സികളും കനിയണം. കൈക്കുഞ്ഞുങ്ങളുടെ വാവിട്ടുകരച്ചിലുകളും വൃദ്ധന്‍മാരുടെ ദീനരോദനങ്ങളുമാണ് ക്യാമ്പുകളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. ക്യാമ്പുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ? അറിയില്ല. എന്ത് വിദ്യാഭ്യാസം? അക്ഷരങ്ങളോടും അക്കങ്ങളോടും സല്ലപിച്ച,് അധ്യാപകരുടെ സ്‌നേഹവും പരിലാളനവും ലഭിച്ച് ഔന്നത്യത്തിന്റെ പടികളില്‍ കുഞ്ഞിളം കാലുകള്‍ വെക്കേണ്ട കുട്ടികള്‍ വിശപ്പിനോടും ദാഹത്തോടും ദുരിതത്തോടുമാണ് മല്ലിടുന്നത്. സ്‌കൂളുകളും കോളജുകളും തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് വരെ പ്രാക്തന നാഗരികതയുടെ സകല ഗരിമയോടും കൂടി നെഞ്ചുവിരിച്ച് നിന്നിരുന്ന സിറിയയിലെ സാംസ്‌കാരിക പൈതൃക നഗരങ്ങള്‍ നിലക്കാത്ത വെടിയൊച്ചകളും ബോംബ് വര്‍ഷങ്ങളും മൂളിപ്പറക്കുന്ന യുദ്ധവിമാനങ്ങളും മാത്രമുള്ള ചുടലക്കളമായിരിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 70,000 പേര്‍ കൊല്ലട്ടതായാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ഓരോ ആഴ്ചയിലും 40,000 ഓളം പേര്‍ പലായനം ചെയ്യുന്നു. ഇതുവരെ പലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഇത് ഔദ്യോഗിക കണക്കാണ്. കണക്കിനപ്പുറം കാര്യങ്ങള്‍ എത്രയെന്ന് ഊഹിക്കുക പ്രയാസം. അത് ഭയാനകമായിരിക്കും. സിറിയയില്‍ തുടരുന്ന അരക്ഷിതാവസ്ഥയും അരാജകത്വവും അവസാനിപ്പിക്കാനും പുതു ജീവിതം അനുഭവിക്കാന്‍ സിറിയക്കാരെ സഹായിക്കാനും മുന്നോട്ടുവരേണ്ടവര്‍ കുറ്റകരമായ അനാസ്ഥയിലാണ്.
ടുണീഷ്യയില്‍ നിന്ന് വീശിയ മുല്ലപ്പൂ വിപ്ലവം ടുണീഷ്യയില്‍ മാത്രമാണ് കുറച്ചുകാലത്തേക്കെങ്കിലും സൗരഭ്യം പരത്തിയത്. അക്കാലത്ത് ടുണീഷ്യയുടെ അതിര്‍ത്തികടന്നപ്പോഴേക്കും അത് ദുര്‍ഗന്ധ വിപ്ലവമായി മാറി. ഇപ്പോള്‍ ടുണീഷ്യയില്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ മൃതാവശിഷ്ടങ്ങള്‍ നാറ്റം പരത്തുന്നത് പോലെ. നിക്ഷിപ്ത താത്പര്യങ്ങളും രാഷ്ട്രീയ കാര്യലാഭവും ലാക്കാക്കിയുള്ള വിപ്ലവ പരിപാടികളാണ് ഈജിപ്തിലും ലിബിയയിലും നടന്നതും സിറിയയില്‍ നടക്കുന്നതും ബഹറൈനില്‍ നടക്കാന്‍ പോകുന്നതും. അതില്‍ കുറച്ചെങ്കിലും രക്ഷ നേടിയത് യമനാണ്. അവിടുന്ന് അസ്ഥിരതകളുടെയോ അക്രമങ്ങളുടെയോ വാര്‍ത്തകള്‍ കാണുന്നില്ല. വിപ്ലവകാരികള്‍ക്കിടയില്‍ ‘തീവ്രവാദികള്‍’ കടന്നുകയറുന്നതും ആയുധ വര്‍ഷം നടത്തിയതും ബൂമറാംഗായിരിക്കുന്നു. സിറിയയില്‍ ജനാധിപത്യം പുലരണമെന്ന അതിയായ ആശയോടെ ആയുധമെടുത്തവര്‍ പക്ഷേ, സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ പുലര്‍ത്തുന്നത്. ഈയടുത്ത് കൊല്ലപ്പെട്ട മുതിര്‍ന്ന സുന്നി പണ്ഡിതന്‍ മുഹമ്മദ് സഈദ് റമസാന്‍ അല്‍ ബൂതിയുടെ മരണം അതാണ് കാണിക്കുന്നത്. ദമസ്‌കസിലെ മധ്യ മസ്ര ജില്ലയിലെ പള്ളിയില്‍ വിദ്യാര്‍ഥികള്‍ക്ക് മതപഠന ക്ലാസ് എടുത്തുകൊണ്ടിരിക്കെയായിരുന്നു അക്രമികള്‍ സ്‌ഫോടനം നടത്തിയത്. ഇപ്പോള്‍ സിറിയയിലെ ‘ജനാധിപത്യ പോരാട്ട’ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ജനാധിപത്യവിരോധികളും ഏകാധിപത്യം പുലരാന്‍ ആഗ്രഹിക്കുന്നവരുമായ തീവ്രവാദികളാണ് എന്ന് ഈ കൊലപാതകത്തില്‍ നിന്ന് അനുമാനിക്കാം. അല്ലെങ്കില്‍ പള്ളി എന്തിന് ലക്ഷ്യം വെച്ചു? എന്തിന് ആ സാത്വികനെ വധിച്ചു?
ഗാസ പുകഞ്ഞുകൊണ്ടിരിക്കേണ്ടത് ഇസ്‌റാഈലിന്റെയും യു എസിന്റെയും ആവശ്യമായത് പോലെ സിറിയയില്‍ വിസ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം നിലനില്‍ക്കേണ്ടത് ചിലരുടെ അതിജീവനത്തിന്റെ പിടിവള്ളിയായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഐക്യരാഷ്ട്ര സഭയോ അറബ് ലീഗോ പോലും ചെറുവിരലനക്കുന്നില്ല. മറ്റുള്ളവര്‍ ദുരിതത്തിന്റെ കുത്തുപാളയെടുത്താലും സ്വന്തം രാജ്യത്തെ ജി ഡി പിയും ജി എന്‍ പിയും റോക്കറ്റ് പോലെ ഉയരാനാണ് രാഷ്ട്രത്തലവന്‍മാര്‍ നെട്ടോട്ടമോടുന്നത്. അതിന് മറ്റ് രാഷ്ട്രങ്ങളിലെ വിപണി സ്വന്തമാക്കാനും ആയുധ ഇടപാട് നടത്താനും എന്ത് വൃത്തികെട്ട പണിയുമെടുക്കുന്നു. ബാല്യങ്ങള്‍ അരക്ഷിതമായ കയ്‌പേറിയ അനുഭവങ്ങള്‍ മാത്രം പങ്ക് വെക്കാനുള്ള ഒരു തലമുറയാണ് സിറിയയില്‍ വളര്‍ന്നുവരുന്നത്. സന്തോഷവും ആഹ്ലാദവും നിറഞ്ഞ ആഡംബര കപ്പലിനെ സുനാമി തിരമാല വിഴുങ്ങുന്നത് പോലെ കണ്ണടച്ച് തുറക്കും മുമ്പ് വ്യവസ്ഥിതി ഇവരെ ഇങ്ങനെയാക്കിയിരിക്കുന്നു. ബന്ധപ്പെട്ട അധികാരികളും അന്താരാഷ്ട്ര മേലാളന്‍മാരെന്ന് ഊറ്റം കൊള്ളുന്നവരും താത്പര്യ സംരക്ഷണമെന്ന വേലിക്കെട്ടിനപ്പുറത്തേക്ക് നീങ്ങുന്നില്ല.
മ്യാന്‍മര്‍ വീണ്ടും പുകയുന്നതും അതുകൊണ്ടാണ്. അവിടെ ഭൂരിപക്ഷമായ ബുദ്ധര്‍, സന്യാസിമാരുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ മുസ്‌ലിംകളെ വംശഹത്യ നടത്തുകയാണ്. നഷ്ടത്തിന്റെയും ദുരിതത്തിന്റെയും ഭാണ്ഡവുമേറ്റി ക്യാമ്പുകളിലേക്ക് ഈയാംപാറ്റകളെ പോലെ മുസ്‌ലിംകള്‍ എത്തുന്നു. മാസങ്ങള്‍ക്ക് മുമ്പ് ബുദ്ധ സന്യാസിമാര്‍ റോഹിംഗ്യ മുസ്‌ലിംകള്‍ക്ക് മേല്‍ സംഹാരതാണ്ഡവമാടിയിരുന്നു. അതിന്റെ കനലുകള്‍ കെട്ടടങ്ങും മുമ്പെ നിക്ഷിപ്ത താത്പര്യക്കാര്‍ വീണ്ടും ഊതിയെടുക്കുന്നു. ഊതിയെടുത്ത കനലുകള്‍ മറ്റുള്ളവരെ നശിപ്പിക്കാനുള്ള ആയുധമാക്കുന്നു. തിബത്തില്‍ ചൈനയുടെ സര്‍വാധിപത്യത്തിനെതിരെ സ്വയം തീ കൊളുത്തി പ്രതിഷേധാഗ്നി പടര്‍ത്തി ലോകശ്രദ്ധ തങ്ങളിലേക്ക് ആവാഹിക്കുന്ന ബുദ്ധ ഭിക്ഷുക്കള്‍ അതിര്‍ത്തി കടക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെ തീ കൊളുത്തി ചാമ്പലാക്കുന്നു. ഏഴ് ദിവസം കൊണ്ട് തൊണ്ണൂറായിരത്തോളം വീടുകളും നിരവധി പള്ളികളുമാണ് ഈ ‘അഹിംസാ ഭിക്ഷുക്കള്‍’ അഗ്നിക്കിരയാക്കിത്. 40 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്ക്. പതിവ് പോലെ യു എന്‍ പ്രതിനിധികളെത്തി സ്ഥിതി വിലയിരുത്തുന്നു. പിന്നെ പ്രസ്താവനാ യുദ്ധം. തീര്‍ന്നു അന്താരാഷ്ട്ര ഇടപെടല്‍.
ഫലസ്തീന്‍ തന്നെ വലിയൊരു അഭയാര്‍ഥിക്യാമ്പാണെന്ന് ലോകം എന്നോ മനസ്സിലാക്കിക്കഴിഞ്ഞു. മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെയും സ്ഥിതി ഇതു തന്നെ. വെടിയൊച്ചകളും ദീനരോദനങ്ങളും ചോരയും ചിതറിക്കിടക്കുന്ന മാംസഭാഗങ്ങളും സ്ഥിരം കാഴ്ച. വെറും കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുകയാണ് ലോകവും. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സ്ഥിതിയും ഭരണസംവിധാനവും ‘തീവ്രവാദി’ സംഘങ്ങളുടെ തേരോട്ടവും; ശ്മശാന ഭൂമിയാകാന്‍ വേണ്ട ചേരുവകളെല്ലാം ഒത്തിരിക്കുന്നു ഇവിടെ. അധികാരിവര്‍ഗത്തിന്റെ തോന്നിവാസ ഭരണം ഛിദ്രശക്തികള്‍ മുതലെടുക്കുന്നു. ഇത്തരം ശക്തികള്‍ സമാന്തര അധികാര കേന്ദ്രങ്ങളായി പരിണമിക്കുന്നു. ബലിയാടുകളാകുന്നത് അധികാരികളുടെ വളര്‍ച്ചക്ക് ഊടും പാവും നെയ്ത പാവം ജനങ്ങളും. അവരുടെ മാനസിക ആദാനപ്രദാനങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിന് മാറ്റം വേണം. അണ്വായുധ പ്രയോഗത്തേക്കാള്‍ ഇരട്ടി പ്രഹരമാണ് പ്രസ്താവനാ യുദ്ധം കൊണ്ടുണ്ടാകുന്നത്. ആശയും പ്രതീക്ഷയും നല്‍കുകയും മറുകൈ കൊണ്ട് എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്യുന്നു. ഈ ദശാസന്ധിയില്‍ മാറിച്ചിന്തിക്കുന്ന നേതാക്കളിലേക്കാണ് ലോകം കാതോര്‍ത്തിരിക്കുന്നത്. ദുരിതവും ദുരന്തവും തങ്ങളാല്‍ ആകും വിധം ശമിപ്പിക്കാന്‍ പരിശ്രമിക്കുന്ന നേതൃത്വം. അത്തരമൊരു അവസ്ഥാവിശേഷം സ്വപ്‌നം കാണല്‍, സാമ്പത്തിക കിടമത്സരം ജനജീവിതത്തെ നിര്‍ണയിക്കുന്ന കാലത്ത് സര്‍ തോമസ് മൂറിനെ മറികടക്കുന്ന ഉട്ടോപ്യയാകും. ദുരിതങ്ങളുടെ വാര്‍ത്തകളും ദൃശ്യങ്ങളും വോട്ടാക്കാന്‍ കിടമത്സരം നടത്തുന്ന പുതിയ രാഷ്ട്രീയപരിതസ്ഥിതിയാണ് കേരളത്തില്‍ പോലും. ദുരന്തങ്ങള്‍ ആഘോഷിക്കപ്പെടുന്നു. അത് സ്വദേശത്തായാലും വിദേശത്തായാലും. സിറിയയും ഗാസയും അങ്ങനെയുള്ള രാഷ്ട്രങ്ങളും കത്തിക്കൊണ്ടിരിക്കണമെന്നാണ്, മുല്ലപ്പൂവിപ്ലവം കൊണ്ടാടുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് ഈ ദീനരോദനങ്ങള്‍ രാഷ്ട്രീയ അസ്തിത്വം നിര്‍മിക്കാനുള്ള ഊടുവഴികള്‍ മാത്രം. അപ്പോഴും അഭയാര്‍ഥി ക്യാമ്പിലെ വിശേഷങ്ങള്‍ ഇങ്ങനെയെല്ലാമായിരിക്കും.
ആണുങ്ങളുടെ കണ്ണുകളില്‍ ഒരുതരം പാട മൂടിയതായി തോന്നുന്നു. മൂടിക്കെട്ടിനില്‍ക്കും പോലെയാണവര്‍. നോട്ടത്തിന് ആഴമില്ല. തിരിച്ചറിയാത്ത നോട്ടം. വെറുപ്പില്ല, വിദ്വേഷമില്ല, കണ്ണീരില്ല, അസ്വസ്ഥതയില്ല, അഭിലാഷമില്ല. ജീവിതത്തിന്റെ മധുരമാണ് ജലം; ഒരുപക്ഷെ അതിന്റെ അഭാവമാകാം ഇതിനെല്ലാം കാരണം.
ബോംബുകള്‍ ആട്ടിയോടിച്ച നഗരവാസികളാണ് അഭയാര്‍ഥികളായി വന്നിട്ടുള്ളത്. അവരുടെ കൈയിലെ പണത്തിന് ഇവിടെ യാതൊരു മൂല്യവും ഇല്ല. അവര്‍ വിഫലമായി റോഡുനീളെ ഇരന്നുനടന്നു. ഇവിടെ ദീര്‍ഘകാലം തങ്ങുന്നതിനുള്ള പാസ്സ് കിട്ടാനും ട്രക്കില്‍ ഇരിപ്പിടം കിട്ടുന്നതിനുമൊക്കെ അവര്‍ക്കു യാചിക്കുകയേ വഴിയുള്ളൂ.
ക്യാമ്പില്‍ ആളുകളുടെ എണ്ണം കൂടിയതോടെ റേഷന്‍വിതരണത്തില്‍ കുറവും പിശുക്കും അനുഭവപ്പെട്ടു. മരണത്തിന് ക്ഷാമമില്ലാതായി. കാലത്ത് കിണറ്റിന്‍കരയില്‍ ചെന്നപ്പോള്‍ കമ്പിവേലികള്‍ക്കിടയിലെ ഇടുക്കില്‍ നായ്ക്കളുടെ ജഡങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു. ജീവനുള്ളവയാകട്ടെ ശേഷിക്കുന്നവയെ കടിച്ചുവലിക്കുന്നു.
(അലഞ്ഞുതിരിയുന്ന നക്ഷത്രം- ജെ എം ജി ലെ ക്ലെസിയോ)

 

[email protected]