കുടിവെള്ളവും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പും

Posted on: March 28, 2013 7:32 am | Last updated: March 29, 2013 at 12:54 pm
SHARE

SIRAJ.......സംസ്ഥാനത്തെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയില്ലെങ്കില്‍ കോളറ, മഞ്ഞപ്പിത്തം. ഉദരരോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ജലമലിനീകരണം വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. രാജ്യത്ത് കുടിവെള്ളത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം കലര്‍ന്ന സംസ്ഥാനം കേരളമാണെന്ന് ഈ മാസം 14ന് നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നതാണ്. സംസ്ഥാനത്തെ 34 ശതമാനം കുടിവെള്ള സ്രോതസ്സുകളിലും ഫഌറൈഡ്, നൈട്രേറ്റ്, ബാക്ടീരിയ, വര്‍ധിച്ച അമ്ലത മുതലായവ അടങ്ങിയിട്ടുണ്ട്. അതേസമയം മലിനമായ കുടിവെള്ളത്തിന്റെ തോത് ദേശീയ ശരാശരി 11 ശതമാനമാണ്.
മിക്ക ഹോട്ടലുകളിലും ശീതള പാനീയ കടകളിലും പൊതുവെ ഗുണനിലവാരമില്ലാത്ത ജലമാണ് ഉപയോഗിക്കുന്നതെന്ന പരാതി നേരത്തെയുണ്ട്. കഴിഞ്ഞ വാരത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കീഴില്‍ വിവിധ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഏറെയും വൃത്തിഹീനമാണെന്ന് കണ്ടെത്തുകയുണ്ടായി. ഈ നഗരങ്ങളിലെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്ന ടാങ്കറുകളിലും ഹോട്ടലുകളിലുമാണ് സംഘം പരിശോധന നടത്തിയത്. പല ടാങ്കറുകളുടെയും കുടിവെളള സ്രോതസ്സ് വൃത്തിഹീനമാണെന്നാണ് പരിശോധനാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്.
നാട് വിട്ടുതാമസിക്കുന്നവരും യാത്രക്കാരുമായിരുന്നു മുമ്പ് ഹോട്ടലുകളില്‍ നിന്ന് ഭക്ഷിച്ചിരുന്നത്. ഇന്ന് സ്ഥിതി മാറി. നഗരങ്ങളില്‍ സായാഹ്ന ഭക്ഷണത്തിന് പലരും കുടുംബസമേതം ഹോട്ടലുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. എന്നാല്‍ പല ഹോട്ടലുകളിലെയും ഭക്ഷണവും പാനീയവും അത്ര സുരക്ഷിതമല്ല. ടാങ്കറുകളിലെത്തിക്കുന്ന വെള്ളത്തെയാണ് ഇത്തരം സ്ഥാപനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത്. സംസ്ഥാനത്ത് വരള്‍ച്ചയും കുടിവെള്ളക്ഷാമവും വര്‍ധിച്ച സാഹചര്യത്തില്‍ ടാങ്കറുകളിലെ ജലവിതരണം നല്ലൊരു കച്ചവടമായി മാറിയിട്ടുമുണ്ട്. ഈ വെള്ളം എവിടെ നിന്നാണ് ശേഖരിക്കുന്നതെന്ന് ആരും അന്വേഷിക്കാറില്ല. അങ്ങനെ അന്വേഷിക്കാന്‍ തുനിഞ്ഞാല്‍ ഹോട്ടലുകള്‍ നടത്താനാകില്ലെന്നായിരിക്കും കച്ചവടക്കാരുടെ പ്രതികരണം. ഇത് വന്‍ദുരന്തങ്ങള്‍ക്കിടയാകുമ്പോഴാണ് അധികൃതരും കണ്ണ് തുറക്കുന്നത്. സംസ്ഥാനത്തെ മിക്ക ജലസ്രോതസ്സുകളിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും ഇത് വ്യാപകമായ രോഗബാധക്ക് കാരണമായേക്കാമെന്നും ആരോഗ്യ വകുപ്പിന്റെ അവലോകന റിപ്പേര്‍ട്ട് വന്നത് അടുത്ത ദിവസമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടരുകയും ഒരു ഡോക്ടറടക്കം എട്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. കോളജ് പരിസരത്തെ ഹോട്ടലുകളിലെ ജലമാണ് രോഗബാധക്ക് കാരണമെന്നാണ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയത്.
വേനലില്‍ സംസ്ഥാനത്ത് കടിവെള്ള, ഐസ് വില്‍പ്പന സജീവമാണ്. ശീതള പാനീയവും ജ്യൂസും സര്‍ബത്തും ഏറ്റവും കൂടുതല്‍ ചെലവാകുന്ന സംസ്ഥാനവുമാണ് കേരളം. ഐസ് ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കാനാണ് എല്ലാവര്‍ക്കും താത്പര്യം. ശുദ്ധജലത്തില്‍ നിന്നാണോ ഐസ് നിര്‍മിച്ചതെന്ന് കച്ചവടക്കാരും ഉപഭോക്താക്കളും ചിന്തിക്കാറില്ല. മത്സ്യം കേടുകൂടാതിരിക്കാനായി ഉണ്ടാക്കുന്ന ഐസ് ചേര്‍ത്ത് പാനീയം വല്‍ക്കുന്ന കടക്കാര്‍ പോലും സംസ്ഥാനത്തുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മിനറല്‍ വാട്ടറുകളെ ആശ്രയിക്കാമെന്ന് വെച്ചാലും രക്ഷയില്ല. അണുവിമുക്തവും മാലിന്യരഹിതവും ആവശ്യമായ ധാതു ലവണങ്ങള്‍ അടങ്ങിയതുമാണ് മിനറല്‍ വാട്ടര്‍ എന്നാണ് പൊതുവെ ധരിക്കപ്പെടുന്നത്. ഇത്തരം കുപ്പിവെള്ളത്തിലും മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പല കമ്പനികളും ഭൂഗര്‍ഭജലം കുഴല്‍ക്കിണറുകള്‍ വഴി ശേഖരിച്ചാണ് കുപ്പിവെള്ളം നിര്‍മിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ ഖനലോഹങ്ങളുടെ സാന്നിധ്യം ഈ വെള്ളത്തില്‍ കൂടുതലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉണര്‍ത്തുന്നു.
ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവപൂര്‍വം പരിഗണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ ആഹാരം പാകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും വിമലവുമാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രം ഉണരുകയും പരിശോധന സജീവമാക്കുകയുമല്ല, ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നിരന്തര പരിശോധനയും ജാഗ്രതയും കൈക്കൊള്ളുകയാണാവശ്യം.