ക്ലാസിക്കല്‍ കാര്‍ ഫെസ്റ്റിവല്‍ ഇന്നും നാളെയും

Posted on: March 28, 2013 6:26 pm | Last updated: March 28, 2013 at 6:26 pm
SHARE

മസ്‌കത്ത്: ഒമാന്‍ ക്ലാസിക്കല്‍ കാര്‍ ക്ലബ് സംഘടിപ്പിക്കുന്ന ക്ലാസിക്കല്‍ കാര്‍ ഫെസ്റ്റിവല്‍ ഇന്നും നാളെയും നടക്കും. ബോഷര്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പാര്‍ക്കിംഗില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ 50 ക്ലാസിക്കല്‍ കാറുകള്‍പ്രദര്‍ശിപ്പിക്കും.
1949ല്‍ നിര്‍മിച്ച ഡോഡ്ജ് ഫാര്‍ഗോ, 1963ല്‍ നിര്‍മിച്ച കാഡില്ലാഗ് എല്‍ഡറാഡോ, 1958ല്‍ നിര്‍മിച്ച് ഫിയറ്റാ 500, 1965 ഫോര്‍ഡ് മസ്റ്റംഗ്, 195ല്‍ നിര്‍മിച്ച ബൂഇക്ക് റിവേറിയ, 1974ലെ റോവര്‍ 3500 തുടങ്ങിയ പഴകിയതും കൂടുതല്‍ കാലം രാജ്യത്തെ റോഡുകളില്‍ ഓടി ചരിത്രത്തിലിടം നേടിയതുമായ നിരവധി കാറുകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തും.
ഒമാന്‍ ക്ലാസിക്കല്‍ കാര്‍ ക്ലബിന് കീഴില്‍ നാലാം തവണയാണ് രാജ്യത്ത് കാര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇന്നും നാളെയും നടക്കുന്ന പ്രദര്‍ശനത്തിന് ശേഷം അടുത്ത കാലത്ത് തന്നെ മറ്റൊരു പ്രദര്‍ശനം കൂടെ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ അഹ്മദ് അല്‍ സഖ്‌രി പറഞ്ഞു.
2012ല്‍ വിവധ ക്ലാസിക്കല്‍ കാറുകള്‍ സൂക്ഷിക്കുന്ന വ്യക്തികളുടെ സഹകരണത്തോടെയാണ് ഒമാന്‍ ക്ലാസിക്കല്‍ കാര്‍ ക്ലബ് നിലവില്‍ വന്നത്. പുതിയ തലമുറയിലേക്ക് ക്ലാസിക്കല്‍ കാറുകളുടെ ചരിത്രം പകരുന്നതിന് സഹായകമാകുന്ന വിവര കൈമാറ്റങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും.
ക്ലാസിക്കല്‍ കാര്‍ ക്ലബില്‍ രെജിസ്റ്റര്‍ ചെയ്യാത്ത ക്ലാസിക്കല്‍ കാറുകള്‍ ക്ലബിന് കൈമാറുന്നതിനും ക്ലബില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനും പ്രദര്‍ശനത്തില്‍ സൗകര്യമുണ്ടാകും. 70ല്‍ കൂടുതല്‍ കാറുകള്‍ പ്രദര്‍ശനത്തോടെ ക്ലാസിക്കല്‍ കാര്‍ ക്ലബില്‍ അംഗത്തമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  അഹ്മദ് അല്‍ സഖ്‌രി പറഞ്ഞു.