കിലയില്‍ നാഷനല്‍ കോണ്‍ഫറന്‍സ് 30ന് ആരംഭിക്കും

Posted on: March 28, 2013 6:00 am | Last updated: March 28, 2013 at 12:41 am
SHARE

തൃശൂര്‍: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷും സര്‍വ്വശിക്ഷാ അഭിയാനും സംയുക്തമായി, മാര്‍ച്ച് 30 ന് മുളങ്കുന്നത്തുകാവ് കില യില്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് പി സി ചാക്കോ എം പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 30 നും ഏപ്രില്‍ ഒന്നിനുമായി പാഠ്യപദ്ധതി പരിഷ്‌ക്കരണവും ക്ലാസ്സ്‌റൂം സമ്പ്രദായങ്ങളും എന്ന വിഷയത്തില്‍, നടത്തുന്ന കോണ്‍ഫറന്‍സ് ഇംഗ്ലീഷ് ഭാഷാധ്യായനത്തില്‍ വിവിധ പഠനരീതികളേയും തന്ത്രങ്ങളേയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും വൈവിധ്യമാര്‍ന്ന ബോധന സാമഗ്രികളും ക്ലാസ്സ്‌റൂം സമ്പ്രദായങ്ങളും ആവിഷ്‌ക്കരിക്കുന്നതിനും സഹായകമാകും.

ചടങ്ങില്‍ കേന്ദ്രമാനവവിഭവശേഷി വകുപ്പുമന്ത്രി ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഇ എഫ് എല്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ അമൃതവല്ലി, പ്രൊഫ ജയശീലന്‍, പ്രൊഫ രമാകാന്ത്, അഗ്നി ഹോത്രി, ബ്രിട്ടീഷ് കൗണ്‍സിലില്‍ നിന്നും സൈമണ്‍ എതര്‍ട്ടണ്‍, യു എസ് എമ്പസ്സിയില്‍ നിന്നും കോണി ഗ്രീന്‍ലീഫ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഏപ്രില്‍ ഒന്നിന് വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന സമാപനസമ്മേളനത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഫറന്‍സില്‍ 9 ശില്‍പ്പശാലകളും 28 പ്രബന്ധാവതരണങ്ങളും ഒരു ഓപ്പണ്‍ഫോറവും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍മാരായ ഡോ പി കെ ജയരാജ്, നജ്മ, വിനീജ തുടങ്ങിയവര്‍ പങ്കെടുത്തു.