ജി സി സി ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒമാനിലേക്ക് മാറ്റുന്നതിന് നിയന്ത്രണം

Posted on: March 28, 2013 6:30 pm | Last updated: March 28, 2013 at 6:30 pm
SHARE

മസ്‌കത്ത്: ജി സി സി രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് മാറ്റിക്കൊടുക്കുന്നതിന് ഒമാനില്‍ നിയന്ത്രണം വരുന്നു. ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നിരീക്ഷിച്ച ശേഷം മാത്രം ലൈസന്‍സ് നല്‍കുന്ന രീതി കൊണ്ടു വരുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ്  പുറത്തിറങ്ങിയിട്ടില്ല. സഊദി ലൈസന്‍സിനാണ് കൂടുതല്‍ നിയന്ത്രണം. കഴിഞ്ഞ ദിവസങ്ങളില്‍ സഊദി ലൈസന്‍സുള്ള ചിലര്‍ ഒമാന്‍ ലൈസന്‍സെടുക്കാനായി പോയപ്പോള്‍ അധികൃതര്‍ മടക്കി അയച്ചു.
അതേസമയം, യു എ ഇ ലൈസന്‍സ് മാറ്റിക്കൊടുക്കുന്നുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഉദാര സമീപം പുലര്‍ത്തുന്ന രാജ്യങ്ങളില്‍നിന്നുള്ള ലൈസന്‍സ് മാറ്റിക്കൊടുക്കുന്നതാണ് ആര്‍ ഒ പി നിയന്ത്രിക്കുന്നതെന്നാണ് സൂചന. സഊദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമം കര്‍ശനമല്ല. അവിടെ ഡ്രൈവിംഗ് പരിശോധനയും ലൈസന്‍സ് നടപടികളും ലളിതമാണ്. ഇത് അപകടങ്ങള്‍ ഉണ്ടാക്കുന്നതിനു കാരണമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ കര്‍ശന നിയമം നിലനില്‍ക്കുന്ന യു എ ഇയിലെ ലൈസന്‍സ് ആര്‍ ഒ പി സ്വീകരിക്കുന്നു. മറ്റു ഗള്‍ഫ് നാടുകളിലെ ലൈസന്‍സുകളും അധികൃതര്‍ പരിശോധനക്കു വിധേയമാക്കി മാത്രമേ മാറ്റി നല്‍കൂ.
ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമം കര്‍ശനമാക്കാന്‍  പോലീസ് ട്രാഫിക് സെക്യൂരിറ്റി വിഭാഗം തീരുമാനിച്ചിട്ടുണ്ട്. മതിയായ പരിചയം നേടിയ ശേഷം മാത്രം ലൈസന്‍സ് അനുവദിക്കുക എന്നതിനൊപ്പം താത്കാലിക ലൈസന്‍സ് നല്‍കി ഒരു വര്‍ഷം പരിശോധിച്ച ശേഷം മാത്രം സ്ഥിരപ്പെടുത്തി നല്‍കുന്നതുള്‍പെടെയുള്ള പരിഷ്‌കരണങ്ങള്‍ കൊണ്ടു വരുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ബ്ലാക്ക് പോയിന്റ് ഏര്‍പെടുത്തുകയും വര്‍ഷത്തില്‍ പരിധിയിലധികം ബ്ലാക് പോയിന്റ് നേടുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന രീതിയിലും പരിഗണനയിലാണ്.
ട്രാഫിക് നിയമങ്ങളില്‍നിന്ന് ആരും മുക്തരല്ലെന്ന് പോലീസ് ട്രാഫിക് സേഫ്റ്റി വിഭാഗം മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രധാന റോഡുകളെല്ലാം അതിസൂക്ഷ്മ ക്യാമറകള്‍ കൊണ്ട് നിയന്ത്രിക്കുന്നതിനും ശ്രമിച്ചു വരുകയാണ്. ഇതിന്റെ ഭാഗമായാണ് ജി സി സി രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സിനും നിയന്ത്രണം വരുന്നത്. യു എ ഇയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നിയമം പ്രാബല്യത്തില്‍ വന്നരുന്നു. ഒമാനുള്‍പെടെ ഒരു ജി സി സി രാജ്യത്തെയും ലൈസന്‍സ് അവിടെ നേരിട്ടു മാറ്റാനാകില്ല. ടെസ്റ്റ് നല്‍കി വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ.