Connect with us

Thrissur

ആധുനിക ക്രിമിറ്റോറിയം നിര്‍മ്മിക്കാന്‍ സമാജത്തിന് സൗജന്യ നിരക്കില്‍ ഭൂമി നല്‍കും: നഗരസഭ

Published

|

Last Updated

ഇരിങ്ങാലക്കുട: എസ് എന്‍ ബി എസ് സമാജത്തിന് ആധുനിക ക്രിമിറ്റോറിയം നിര്‍മ്മിക്കാന്‍ സൗജന്യ നിരക്കില്‍ ഭൂമി വിട്ടുനില്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം എന്‍ എന്‍ ബി എസ് സമാജം ഉപയോഗിക്കുന്ന 37.5 സെന്റ് സ്ഥലമാണ് നൂറ് രൂപ നിരക്കില്‍ വിട്ടുനല്‍കാന്‍ യോഗം തീരുമാനിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കാതെ മുന്‍ ചെയര്‍പേഴ്‌സണ്‍ സ്വന്തമായി സര്‍ക്കാരിന് കത്തു നല്‍കിയതാണ് ഭൂമി വിട്ടുനല്‍കുന്നതിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന നഗരസഭ ചെയര്‍പേഴ്‌സന്‍ ബെന്‍സി ഡേവിഡിന്റെ നിലപാട് യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി. ഇതിനെ തുടര്‍ന്ന് മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയാഗിരി വിശദീകരണം നല്‍കാന്‍ മൈക്ക് ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കുകയും മൈക്ക് തിരികെ വാങ്ങുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് മുന്‍ ചെയര്‍പേഴ്‌സണ്‍ നടത്തളത്തില്‍ ഇറങ്ങാനും ശ്രമം നടത്തി. തുടര്‍ന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും വൈസ് ചെയര്‍മാനുമായ ആന്റോ പെരുങ്കുഴി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍ സെക്രട്ടറിയുടെ കത്തിനെച്ചൊല്ലി ഭരണപക്ഷം തന്നെ രണ്ട് ചേരി തിരിഞ്ഞ് കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത് യു ഡി എഫിലെ ഭിന്നത വെളിവാക്കുന്നതായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ഇടപെട്ടാണ് ശ്മശാന ഭൂമി പ്രശ്‌നം പരിഹരിച്ചതെന്ന് സി എം പി അംഗം പി കെ ഷാഹിദിന്റെ പ്രസ്താവന യോഗത്തില്‍ ബഹളത്തിനിടയാക്കി. പുറത്തു നിന്നുള്ള ഭരണം അംഗീകരിക്കാനാവില്ല എന്ന് ബി ജെ പി അംഗം പറഞ്ഞു.

ശ്മശാന ഭൂമി പ്രശ്‌നത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബി ജെ പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സമാജം ഭാരവാഹികള്‍ അപേക്ഷ നല്‍കിയാല്‍ പരിഹരിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. സാരസ്വത ബ്രഹ്മണ സമൂഹം പ്രാര്‍ത്ഥനാലയമായി ഉപയോഗിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കാനും യോഗം തീരുമാനിച്ചു.

Latest