Connect with us

Thrissur

സാംസ്‌ക്കാരിക നഗരിയും പിന്നിട്ട് മെമു പാലക്കാട്ടേക്ക്

Published

|

Last Updated

തൃശൂര്‍: യാത്രക്കാര്‍ക്ക് ആവേശവും അനുഗ്രഹവുമായി എറണാകുളത്ത് നിന്നുള്ള മെമു ട്രെയിന്‍ പാലക്കാട്ടേയ്ക്ക് സര്‍വ്വീസ് ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് ഏറണാകുളം തൃശൂര്‍ പാതയില്‍ സര്‍വ്വീസ് ആരംഭിച്ച മെമു അധികം വൈകാതെ തന്നെ ബജറ്റ് പ്രഖ്യാപനം പാലിച്ച് പാലക്കാട്ടേക്ക് നീട്ടിയത് റെയില്‍വ്വേയുടെ ഈസ്റ്റര്‍ സമ്മാനമായി. എറണാകുളത്തുനിന്ന് പുറപ്പെട്ട് ഇന്നലെ വൈകിട്ട് 4.45 ഓടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ മെമുവിന്റെ പാലക്കാട്ടേയ്ക്കുള്ള ആദ്യ യാത്ര പി സി ചാക്കോ എം പി ഫഌഗ് ഓഫ് ചെയ്തു.

വിവിധ സ്‌റ്റേഷനുകളിലും യാത്രക്കാരില്‍നിന്നുമായി മെമുവിന് ലഭിക്കുന്ന സ്വീകരണത്തില്‍ സന്തോഷമുണ്ടെന്ന് പി.സി. ചാക്കോ പറഞ്ഞു. തൃശൂരില്‍ നിന്ന് ഗുരുവായൂരിലേക്കും കണ്ണൂരിലേക്കുമുള്ള ഷട്ടില്‍ സര്‍വീസ് ഉടനാരംഭിക്കുമെന്നും അദ്ദേഹമറിയിച്ചു. കുരുത്തോലകളും അലങ്കാര പെരുമയുമായാണ് മെമു വള്ളുവനാട്ടിലേക്ക് യാത്ര തിരിച്ചത്.
പാലക്കാട്ടേയ്ക്കുള്ള മെമുവിന്റെ ആദ്യ യാത്രയില്‍ പൂങ്കുന്നം സ്‌റ്റേഷന്‍വരെ എം പിയും പങ്കുചേര്‍ന്നു. ട്രെയിനില്‍ യാത്രക്കാരോട് കുശലം പങ്കിട്ട അദ്ദേഹം ഇടയ്ക്ക് പാലക്കാട് എം പി എം ബി രാജേഷിനെ വിളിച്ച് ട്രെയിന്‍ 7.30ന് പാലക്കാട് എത്തുമെന്നും അവിടുത്തെ സ്വീകരണം ഗംഭീരമാക്കണമെന്ന് ഓര്‍മ്മിപ്പിക്കുവാനും മറന്നില്ല. പൂങ്കുന്നം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുന്‍ എം എല്‍ എ എ എം പരമന്‍, കൗണ്‍സിലര്‍മാരായ സരളാദേവി, ഗിരീഷ്‌കുമാര്‍ എന്നിവരും യാത്രക്കാരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് നിലവിളക്ക് കൊളുത്തിയ അദ്ദേഹം എല്ലാവരേയും കൈവീശി യാത്രയാക്കിയാണ് സ്‌റ്റേഷന്‍ വിട്ടത്. വടക്കാഞ്ചേരി സ്‌റ്റേഷനിലും മെമുവിന് വന്‍ സ്വീകരണം നല്‍കി. ജോണ്‍ ഡാനിയേല്‍, എം പി പോളി, പ്രൊഫ. എം മാധവന്‍കുട്ടി, പ്രൊഫ. എം മുരളീധരന്‍, തൃശൂര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ജയകുമാര്‍ എന്നിവരും എം പി യോടൊപ്പമുണ്ടായിരുന്നു.

 

Latest