Connect with us

Thrissur

ജില്ലാ പഞ്ചായത്തിന് 141.46 കോടിയുടെ ബജറ്റ്

Published

|

Last Updated

തൃശൂര്‍: 141,46,16,657 രൂപ വരവും 132,55,72,800 രൂപ ചെലവും 8,90,43,857 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ടി നിര്‍മ്മല അവതരിപ്പിച്ചു. 55,74,33,000 രൂപയുടെ പദ്ധതി വിഹിതത്തില്‍ 39,44,78,000 രൂപ ജനറല്‍ വിഭാഗത്തിനും 15,96,84,000 രൂപ പട്ടികജാതി ഘടക പദ്ധതികള്‍ക്കും 32,71,000 രൂപ പട്ടികവര്‍ഗ ഘടക പദ്ധതികള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്.

മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ ആകെ 13,88,22,000 രൂപയാണ് അടുത്ത വര്‍ഷം ചെലവഴിക്കുക. ഇതില്‍ 7,75,90,000 രൂപ റോഡുകള്‍ക്കും 6,12,32,000 രൂപ മറ്റ് ആസ്തികളുടെ മെയിന്റനന്‍സിനുമായി ചെലവഴിക്കും.
ജനറല്‍ പര്‍പ്പസ് ഗ്രാന്റായി 1,79,46,800 രൂപയും തനത് ഫണ്ടില്‍ നിന്നുള്ള പദ്ധതികള്‍ക്കായി 5,81,86,000 രൂപയും വകയിരുത്തിയിട്ടുണ്ട്. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ള 52,66,85,000 രൂപയും ഈ വര്‍ഷം ചെലവഴിക്കും. വിദ്യാഭ്യാസ മേഖലയില്‍ 15 കോടി രൂപയുടെ പദ്ധതികളാണ് അടുത്ത വര്‍ഷം നടപ്പാക്കുക. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ ഫാമുകളുടെ ആധുനികവല്‍ക്കരണത്തിന് രണ്ട്‌കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജലസമൃദ്ധി പദ്ധതി ഈ വര്‍ഷം നടപ്പാക്കും. കൂടാതെ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി ശക്തന്‍ തമ്പുരാന്‍ മൈതാനിയില്‍ പ്രത്യേക വിപണന കേന്ദ്രം തുടങ്ങാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വനിതാ-വൃദ്ധ – ശിശുമേഖലകള്‍ പ്രത്യേക ഘടകപദ്ധതിയില്‍ നിന്ന്മാറ്റി ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് വൈസ്പ്രസിഡന്റ് പറഞ്ഞു. ഇന്ദിര ആവാസ് യോജനയ്ക്കു കീഴില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 2007 മുതല്‍ നല്‍കാനുള്ള കുടിശ്ശിക അടുത്ത വര്‍ഷം കൊണ്ട് കൊടുത്ത് തീര്‍ക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.