സജിയും ജെസമിയും വിങ്ങുന്ന ഓര്‍മ്മയായി:അഭിനാഷും അതുലും ഇനി അനാഥര്‍

Posted on: March 28, 2013 6:00 am | Last updated: March 28, 2013 at 12:26 am
SHARE

കാഞ്ഞങ്ങാട്: കര്‍ണാടക ഹാസന്‍ കത്രിഗട്ട ദേശീയപാതയില്‍ ആംബുലന്‍സും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് മരണപ്പെട്ട വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ സജികുമാറിന്റെയും ഭാര്യ ജെസിയുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി ഇന്നലെ കാഞ്ഞങ്ങാട്ടെത്തിച്ചപ്പോള്‍ അരങ്ങേറിയത് അങ്ങേയറ്റം വികാര നിര്‍ഭരമായ രംഗങ്ങള്‍.
അച്ഛനും അമ്മയും ഒരുമിച്ച് നഷ്ടമായതിന്റെ താങ്ങാനാവാത്ത ആഘാതവും ഹൃദയം നുറുങ്ങുന്ന വേദനയുമായി പതിനൊന്നുകാരന്‍ അഭിനാഷും പത്തുവയസുകാരന്‍ അതുലും സജികുമാരിന്‍യും ജെസിയുടെയും ചേതനയറ്റ ശരീരങ്ങളില്‍ വീണ് പൊട്ടിക്കരഞ്ഞപ്പോള്‍ അവിടെ കൂടിനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു. ഹാസന്‍ ചെന്റായ പട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സജിയുടെയും ജെസിയുടെയും മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെത്തിച്ചത്. തുടര്‍ന്ന് പുതിയകോട്ടയിലെ സത്യസായി മന്ദിരത്തിനു മുന്നില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു.
തിരുവനന്തപുരം സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ അഭിനാഷും അതുലും തങ്ങളുടെ എല്ലാമെല്ലാമായ മാതാപിതാക്കളുടെ അപകട മരണവിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇവരെ സത്യസായി സേവാസമിതി പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കിടത്തിയ സായി മന്ദിരത്തിലേക്ക് കൊണ്ടുവന്നു. മൃതദേഹങ്ങള്‍ കണ്ട് മക്കള്‍ രണ്ടുപേരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.
കൗമാരത്തിലെത്തുന്നതിനു മുമ്പുതന്നെ അനാഥരായ കുട്ടികളുടെ നിലവിളി രംഗം കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു. അന്ത്യോപചാരങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ സജിയുടെ നാടായ ചേര്‍ത്തലയിലേക്ക് കൊണ്ടുപോയി.
സജിയും ജെസിയും എട്ടുവര്‍ഷത്തോളമായി നാട്ടക്കല്ലില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. മക്കള്‍ രണ്ടുപേരും തിരുവനന്തപുരത്ത് സത്യസായി സേവാ ട്രസ്റ്റിന്റെ കീഴില്‍ സ്‌കൂള്‍ പഠനം നടത്തിവരുന്നതിനാല്‍ വാടകവീട്ടില്‍ ദമ്പതികള്‍ മാത്രമായിരുന്നു താമസം. കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും കാരണം അവശനിലയിലായിരുന്ന ജെസി പുട്ടപര്‍ത്തിയില്‍ ചികിത്സയിലായിരുന്നു. ജെസിക്ക് രോഗം മൂര്‍ച്ഛിച്ചതിനാല്‍ മുമ്പ് ചികിത്സ നടത്തിയ മംഗലാപുരം എ ജെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്. സജിയും ജെസിയും അടക്കം ആറുപേരാണ് ഹാസനിലുണ്ടായ അപകടത്തില്‍ മരിച്ചത്.
നിരവധിപേര്‍ സായി മന്ദിരത്തിലേക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തി.