ഇടപ്പിള്ളി-മണ്ണുത്തി ദേശീയ പാതയില്‍ ടോള്‍നിരക്ക് വര്‍ധിപ്പിച്ചു

Posted on: March 28, 2013 6:00 am | Last updated: March 27, 2013 at 11:58 pm
SHARE

തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയില്‍ വര്‍ധിപ്പിച്ച ടോള്‍നിരക്ക് കഴിഞ്ഞ ദിവസം അര്‍ധ രാത്രിമുതല്‍ നിലവില്‍ വന്നു. പുതുക്കിയ ടോള്‍നിരക്ക് അനുസരിച്ച് ചെറുകിട വാണിജ്യ വാഹനങ്ങള്‍, ബസ്, ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ എന്നിവക്ക് പത്തു രൂപ മുതല്‍ നാല്‍പതു രൂപ വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം കാര്‍, ജീപ്പ് എന്നിവക്ക് അഞ്ച് രൂപ ഇളവ് വരുത്തിയിട്ടുണ്ട്. ടോള്‍നിരക്ക് കുറക്കും, ദേശീയ പാതയുടെ അനുബന്ധ സംവിധാനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും തുടങ്ങി മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തിയാണ് ഈ പുതിയ തീരുമാനം. കാറുകള്‍ക്ക് ഒരു യാത്രക്ക് 50 രൂപയും ഒരു ദിവസം തന്നെയുള്ള ഒന്നിലേറെ യാത്രകള്‍ക്ക് 80 രൂപയുമാണ്. നിലവില്‍ ഇത് 55ഉം, 85ഉം ആയിരുന്നു. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് നിലവില്‍ 95 രൂപ എന്നത് 105 ആയും, പ്രതിമാസ നിരക്ക് 145ല്‍ നിന്ന് 155ഉം ആക്കിയും വര്‍ധിപ്പിച്ചു. ബസ്, ട്രക്ക് എന്നിവക്ക് 210ഉം, 315ഉം മള്‍ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 335ഉം, 505ഉം ആണ് ടോള്‍ നല്‍കേണ്ടത്.