Connect with us

Kerala

ടിപി:കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രതികളെ ഓര്‍ക്കാട്ടേരി ടൗണില്‍ കണ്ടതായി സാക്ഷി മൊഴി

Published

|

Last Updated

കോഴിക്കോട്:ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രതികളെ ഓര്‍ക്കാട്ടേരി ടൗണില്‍ വെച്ച് കണ്ടതായി സാക്ഷി മൊഴി. 35-ാം സാക്ഷി ഓര്‍ക്കാട്ടേരി സൂര്യകാന്തി ബുക്‌സ് ആന്‍ഡ് സ്‌റ്റേഷനറി കടയുടമ ഏറാമല എടക്കുനി രാധാകൃഷ്ണനാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്. പുതുതായി തുടങ്ങുന്ന തന്റെ കടയിലേക്ക് ഏറാമല റോഡില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര ബുക്‌സില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ടുവരുമ്പോഴാണ് താന്‍ പ്രതികളെ കണ്ടത്. ടാക്‌സി സ്റ്റാന്‍ഡില്‍ കെ എല്‍ 18 എ 5964 എന്ന നമ്പറില്‍ ഒരു ഇന്നോവ കാര്‍ നിര്‍ത്തിയിട്ടത് കണ്ടു. കാറില്‍ അഞ്ചാറ് പേര്‍ ഉണ്ടായിരുന്നു. കാറിന്റെ വലതു ഭാഗത്ത് കേസിലെ പ്രതികളായ മയ്യഴി പന്തക്കല്‍ നടുവില്‍ മാലയാട്ട് മനോജ്കുമാര്‍ എന്ന കിര്‍മാണി മനോജ് (32), ചൊക്ലി പറമ്പത്ത് കെ കെ മുഹമ്മദ് ഷാഫി (26) എന്നിവര്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടു. സംസാരിച്ചു നിന്നവരില്‍ ഒരാള്‍ കറുത്ത് ഉയരം കുറഞ്ഞതും മറ്റൊരാള്‍ നീണ്ടു മെലിഞ്ഞ ആളുമായിരുന്നു. പിന്നീട് വടകര ഡി വൈ എസ് പി ഓഫീസില്‍ മൊഴി നല്‍കാന്‍ പോയപ്പോഴാണ് ഇരുവരുടെയും പേര് മനസ്സിലാക്കിയത്. കറുത്ത ആള്‍ കിര്‍മാണി മനോജാണെന്നും മെലിഞ്ഞ് നീണ്ട ആള്‍ മുഹമ്മദ് ഷാഫിയാണെന്നും പറഞ്ഞു തന്നത് ഡി വൈ എസ് പി ഓഫീസിലെ ഒരു പോലീസുകാരനായിരുന്നു. ഇയാളുടെ പേര് തനിക്ക് അറിയില്ലെന്നും രാധാകൃഷ്ണന്‍ എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. ഷാഫിയെയും മനോജിനെയും ഇന്നോവ കാറും രാധാകൃഷ്ണന്‍ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു.
ടി പി കൊല്ലപ്പെട്ട അന്ന് വൈകുന്നേരം ആറ് മുതല്‍ രാത്രി 10വരെ താന്‍ കടയില്‍ സാധനങ്ങള്‍ ഒരുക്കി വെക്കുകയായിരുന്നു. തുടര്‍ന്ന് ഒരു സുഹൃത്തിന്റെ ബൈക്കില്‍ കയറി ഓര്‍ക്കാട്ടേരിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഏറാമലയിലെ തന്റെ വീട്ടിലേക്ക് പോയി. രാത്രി 11 ഓടെയാണ് ടി വി വാര്‍ത്തയില്‍ നിന്ന് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വിവരം അറിയുന്നത്. പിറ്റേ ദിവസം പുലര്‍ച്ചെ താന്‍ മൃതദേഹം കാണാനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ സമീപത്തുണ്ടായിരുന്നു. താമരശ്ശേരി സി ഐ ആയിരുന്നു ഇന്‍ക്വസ്റ്റ് നടത്തിയിരുന്നതെന്നും അദ്ദേഹം മൊഴി നല്‍കി.
ആര്‍ എം പി ഓര്‍ക്കാട്ടേരി ഏരിയാ സെക്രട്ടറി എന്‍ വേണുവിനേയും ചന്ദ്രശേഖരനേയും 25 വര്‍ഷത്തെ പരിചയമുണ്ട്. വേണുവിനൊപ്പം താനും ഏറാമല പഞ്ചായത്ത് അംഗമായിരുന്നു. സി പി എം ഏറാമല ലോക്കല്‍ കമ്മിറ്റി അംഗമായും ഡി വൈ എഫ് ഐ ബ്ലോക്ക് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ എം പി രൂപവത്കരിച്ച ശേഷം ഏറാമല ലോക്കല്‍ സെക്രട്ടറിയായിരുന്നുവെങ്കിലും ഇപ്പോള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തില്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. ആര്‍ എം പിയുടെ ലോക്കല്‍ സെക്രട്ടറിയായതുകൊണ്ട് കേസാവശ്യാര്‍ഥം അങ്ങനെയല്ലെന്ന് പറയുകയല്ലേ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന,് ശരിയല്ലെന്ന് രാധാകൃഷ്ണന്‍ മൊഴി നല്‍കി. കണ്ട കാര്യത്തെക്കുറിച്ച് താന്‍ പോലീസില്‍ മൊഴി നല്‍കിയ ശേഷമാണ് എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ കാര്‍ കാണാന്‍ പോയിരുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ രാധാകൃഷ്ണന്‍ വിവിധ കേസുകളിലെ പ്രതിയാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ തന്റെ പേരില്‍ രണ്ട് കേസുകള്‍ ഉണ്ടായിരുന്നുവെന്നും അത് സി പി എമ്മില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നുവെന്നും രാധാകൃഷ്ണന്‍ മൊഴി നല്‍കി. ഓര്‍ക്കാട്ടേരിയിലെ പറക്കാട്ട് കുമാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്, ശിവശങ്കരന്‍ എന്നയാളെ അടിച്ചു പരിക്കേല്‍പ്പിച്ച കേസ് എന്നിവയായിരുന്നു ഈ രണ്ട് കേസുകള്‍. ആര്‍ എം പി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍ വേണു കൂട്ടു പ്രതിയായിരുന്നുവെന്നും എന്നാല്‍ ഈ രണ്ട് കേസും സി പി എം നേതൃത്വം ഏറ്റെടുത്ത് നടത്തുകയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം മൊഴി നല്‍കി.