മുംബൈ സ്‌ഫോടന പരമ്പര: സൈബുന്നീസക്കും മാപ്പ് നല്‍കണമെന്ന് ജ. മാര്‍ക്കണ്ഡേയ കട്ജു

Posted on: March 27, 2013 9:50 pm | Last updated: March 27, 2013 at 9:50 pm
SHARE

kadjuന്യൂഡല്‍ഹി/ മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരകളില്‍ കുറ്റാരോപിതയായി അഞ്ച് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട സൈബുന്നീസ കാസിയക്ക് മാപ്പ് നല്‍കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) മാര്‍ക്കണ്ഡേയ കട്ജു. മാപ്പ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് 70കാരിയായ സൈബുന്നീസ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.
മനുഷ്യത്വപരമായ അവസ്ഥ പരിഗണിച്ച് സൈബുന്നീസക്ക് മാപ്പ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണനും എഴുതുമെന്ന് കട്ജു അറിയിച്ചു. ‘സൈബുന്നീസയും മാപ്പ് അര്‍ഹിക്കുന്നു. അവരുടെ വിധിന്യായ ഫയല്‍ പരിശോധിക്കവെ മുമ്പ് ഇക്കാര്യം പരിഗണിച്ചിരുന്നു. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.’ കട്ജു ബ്ലോഗില്‍ എഴുതി. നേരത്തെ നടന്‍ സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്ന് കട്ജു ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് ദത്തിനും സുപ്രീം കോടതി വിധിച്ചത്. 20 വര്‍ഷമായി സഞ്ജയ് ദത്ത് അനുഭവിക്കുകയാണ്. മനുഷ്യത്വം പരിഗണിച്ച് അദ്ദേഹത്തിന് മാപ്പ് നല്‍കണമെന്നാണ് കട്ജു നേരത്തെ പറഞ്ഞത്. സൈബുന്നീസക്കും ദത്തിനും മാപ്പ് നല്‍കണമെന്ന് കാണിച്ച് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കത്തെഴുതുമെന്ന് കട്ജു ഇന്നലെ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് ഇക്കാര്യം അധികൃതരെ ഉണര്‍ത്തണമെന്നാവശ്യപ്പെട്ട് കട്ജുവിന് സൈബുന്നീസയുടെ മകള്‍ ശഗുഫ്ത ് ഇ മെയില്‍ അയച്ചിരുന്നു. ‘ഞാനോ എന്റെ ഉമ്മയോ സെലിബ്രിറ്റികളായിരുന്നെങ്കില്‍ സഞ്ജയ് ദത്തിന് ലഭിക്കുന്ന പിന്തുണ തങ്ങള്‍ക്കും ലഭിക്കുമായിരുന്നു. മനുഷ്യത്വപരമായ പരിഗണനയാണെങ്കില്‍ എന്തുകൊണ്ട് സഞ്ജയ് ദത്തിന് മാത്രം? സൈബുന്നീസക്ക് എന്തുകൊണ്ടില്ല? അബു സലീമും മന്‍സൂര്‍ അഹ്മദ് സഈദ് അഹ്മദും ഏല്‍പ്പിച്ച ബാഗില്‍ എ കെ 56 തോക്കുകളും തിരകളും ഗ്രനേഡുമാണെന്ന് ഉമ്മ അറിഞ്ഞിരുന്നില്ല. അവര്‍ നിരപരാധിയാണ്.’ 40കാരിയായ ശഗുഫ്ത പറഞ്ഞു.