മൈക്രോസോഫ്റ്റിനെതിരെ യൂറോപ്യന്‍ യൂണിയന് പരാതി

Posted on: March 27, 2013 8:47 pm | Last updated: March 27, 2013 at 8:50 pm

MICROSOFT-EUമാഡ്രിഡ്: മൈക്രോസോഫ്റ്റിനെതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ കൂട്ടായ്മ യൂറോപ്യന്‍ യൂനിയന് പരാതി നല്‍കി. എട്ടായിരം അംഗങ്ങളുള്ള സ്‌പെയിനിലെ ഹി്‌സ്പ ലിനക്‌സ് എന്ന ലിനക്‌സ് ഉപയോക്താക്കളുടെ കൂട്ടായ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിന്‍ഡോസ് എട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കൂടി വില്‍ക്കപ്പെടുന്ന കമ്പ്യൂട്ടറുകളില്‍ ലിനക്‌സ് പോലുള്ള മറ്റു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാനുള്ള തന്ത്രം മൈക്രോസോഫ്റ്റ് പ്രയോഗിച്ചിട്ടുണ്ടെന്നാണ് ഇവരുടെ 14 പേജ് വരുന്ന പരാതിയില്‍ പറയുന്നത്. യു ഇ എഫ് ഐ സെക്യുവര്‍ ബൂട്ട് (UEFI Secure Boot) സംവിധാനമാണ് ഇതിനായി മൈക്രോസോഫ്റ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനാല്‍ മറ്റു ഓപ്പറേറ്റിംഗ് സി്‌സറ്റം ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കിലും മൈക്രോസോഫ്റ്റില്‍ നിന്ന് അതിന്റെ കീ നേടണം. ഇത് ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും യൂറോപ്യന്‍ സോഫ്റ്റ്‌വെയര്‍ വ്യവസായത്തെ തകര്‍ക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.
ഇഷ്ടമുള്ള വെബ് ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തതിന് മൈക്രോസോഫ്റ്റിനെതിരെ നേരത്തെ നല്‍കിയ പരാതിയില്‍ മാര്‍ച്ച് ആറിന് യൂറോപ്യന്‍ യൂണിയന്‍ 561 ദശലക്ഷം ഡോളര്‍ പിഴ ഒടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി ഇ യുവിന് മുന്നിലെത്തുന്നത്.