സ്‌പെയ്ന്‍,ജര്‍മ്മനി,ഇറ്റലി വിജയിച്ചു: അര്‍ജന്റിനക്ക് സമനില

Posted on: March 27, 2013 4:05 pm | Last updated: March 28, 2013 at 3:01 pm
SHARE

france spaoinഫ്രാന്‍സിനെ കീഴടക്കി സ്‌പെയിനിന്റെ തിരിച്ചുവരവ്…ആറാം മത്സരവും ജയിച്ച് ഹോളണ്ട്….സമനിലക്കുരുക്കില്‍ ഇംഗ്ലണ്ട്….ജര്‍മനിയുടെ കരുത്തറിയിക്കല്‍….ഇസ്‌റാഈളിന്റെയും പോര്‍ച്ചുഗലിന്റെയും ജയങ്ങള്‍….യൂറോപ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആവേശം നിറഞ്ഞു.
ഗ്രൂപ്പ് ഐ യില്‍ ഫിന്‍ലന്‍ഡിനോട് സമനിലയില്‍ കുരുങ്ങിയത് വഴി നില അപകടത്തിലായ സ്‌പെയിന്‍ ഫ്രാന്‍സിനെ ഏക ഗോളിന് തോല്‍പ്പിച്ച് തിരിച്ചുവരവ് നടത്തി. ബാഴ്‌സലോണ സ്‌ട്രൈക്കര്‍ പെഡ്രോ റോഡ്രിഗസാണ് സ്‌പെയിനിന്റെ വിജയ ഗോള്‍ നേടിയത്. പോഗ്ബക്ക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്ത് പേരുമായാണ് ഫ്രാന്‍സ് മത്സരം പൂര്‍ത്തിയാക്കിയത്. ജയത്തോടെ, അഞ്ച് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റ് നേടി സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. പത്ത് പോയിന്റോടെ ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത്. ജോര്‍ജിയ (നാല് പോയിന്റ്), ബെലാറസ് (മൂന്ന് പോയിന്റ്), ഫിന്‍ലന്‍ഡ് (രണ്ട് പോയിന്റ്) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരം ഒരു മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോഴാണ് സ്‌പെയിനിന്റെ ഗോള്‍. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ പെഡ്രോ നേടുന്ന പത്താം ഗോളായിരുന്നു ഫ്രാന്‍സിനെതിരെ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ അമ്പത് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും സ്‌പെയിന്‍ ഭദ്രമാക്കി. എഴുപത്തെട്ടാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടാണ് ഫ്രാന്‍സിന് പോള്‍ പോഗ്ബയെ നഷ്ടമായത്.
പാരിസിലെ സ്റ്റേഡ് ഡി ഫ്രാന്‍സ് വേദി സ്‌പെയിന്‍ കോച്ചിനും ഫ്രാന്‍സ് കോച്ചിനും ഒരു പോലെ പ്രിയങ്കരമാണ്. 2000ത്തില്‍ ഡെല്‍ ബോസ്‌ക് റയല്‍മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത് ഈ സ്റ്റേഡിയത്തിലാണ്. 1998 ല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ദെഷാംസ് ഫ്രാന്‍സിന്റെ ലോകകിരീടം ഉയര്‍ത്തിയതും ഇതേ വേദിയില്‍. പക്ഷേ, ഇത്തവണ സ്റ്റേഡിയം സന്തോഷം സമ്മാനിച്ചത് ഡെല്‍ബോസ്‌കിനാണെന്ന് മാത്രം. പരുക്കേറ്റ ജോര്‍ഡി അല്‍ബ, സസ്‌പെന്‍ഷനിലായ ഡേവിഡ് സില്‍വ എന്നിവരെ കൂടാതെയാണ് സ്‌പെയിന്‍ ഇറങ്ങിയത്. ഷാവിഹെര്‍നാണ്ടസ്,ഷാവി അലോണ്‍സോ എന്നീ മിഡ്ഫീല്‍ഡര്‍മാരുടെ തിരിച്ചുവരവ് സ്പാനിഷ് നിരക്ക് കരുത്തേകി. ഫ്രാന്‍സിന്റെ പ്രതിരോധത്തില്‍ റയലിന്റെ യുവതാരം റാഫേല്‍ വറാനെയും ലോറന്റ് കോസിന്‍ലിയും അണിനിരന്നു. പ്രതിരോധനിരക്ക് മുന്നിലായി ഇരുപതുകാരന്‍ പോള്‍ പോഗ്ബയും. സ്‌ട്രൈക്കറായി കരീം ബെന്‍സിമ ഒരിക്കല്‍ കൂടി പരാജയപ്പെടുന്നത് ഫ്രാന്‍സ് അനുയായികള്‍ കണ്ടു. തുടരെ പന്ത്രണ്ടാം മത്സരത്തിലാണ് ബെന്‍സിമ ഗോള്‍ നേടാനാകാതെ കളം വിട്ടത്.
തുടക്കം ഫ്രാന്‍സിന്റെ ഞെട്ടിക്കലായിരുന്നു. മാത്യു വല്‍ബ്യൂന ഇരുപത് മീറ്റര്‍ അകലെനിന്ന് ബൈസിക്കിള്‍ കിക്കടിച്ച് സ്‌പെയിന്‍ ഗോള്‍ മുഖം വിറപ്പിച്ചു. സ്‌പെയിന്‍ പതിയെ പൊസഷന്‍ ഗെയിമിലേക്ക് വന്നു.അഞ്ചാം മിനുട്ടില്‍ ഷാവി ഓപണ്‍ ചാന്‍സ് പാഴാക്കി. മോണ്‍റിയലായിരുന്നു ഷാവിക്ക് അവസരമൊരുക്കിയത്. പതിനഞ്ചാം മിനുട്ടില്‍ വല്‍ബ്യൂന-ജാലറ്റ് നീക്കത്തില്‍ കരീം ബെന്‍സിമയിലൂടെ ഫ്രാന്‍സിനും തുറന്ന അവസരം. റയല്‍മാഡ്രിഡ് സ്‌ട്രൈക്കറുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. മുപ്പത്തൊന്നാം മിനുട്ടില്‍ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് പെഡ്രോയെ ബോക്‌സില്‍ വീഴ്ത്തിയതിന് സ്‌പെയിന്‍ താരങ്ങള്‍ പെനാല്‍റ്റിക്ക് വാദിച്ചു. അമിതപ്രതിഷേധം കാണിച്ച ഷാവിയെ റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തി ഒതുക്കി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഫ്രാന്‍സ് ഗോള്‍ നേടിയെന്ന് കരുതി. ഫ്രാങ്ക് റിബറിയുടെ നിലംപറ്റെ ഷോട്ട് സ്‌പെയിന്‍ ഗോളി വിക്ടര്‍ വാല്‍ഡസ് മികച്ചൊരു സേവ് നടത്തി.
രണ്ടാം പകുതിയില്‍ ബെന്‍സിമ മോശം ഫോം തുടര്‍ന്നപ്പോള്‍ ഫ്രഞ്ച് അനുകൂലികള്‍ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിനെ ഇറക്കാന്‍ മുറവിളി കൂട്ടി. എട്ട് മിനുട്ട് ശേഷിക്കെ, ബെന്‍സിമക്ക് പകരം മൂസസിസോക്കോ ഇറങ്ങി. ഫ്രഞ്ച് അനുയായികള്‍ കൂക്കിവിളിച്ചാണ്, ഗോളടിക്കാതെ ആയിരം മിനുട്ട് പൂര്‍ത്തിയാക്കിയ ബെന്‍സിമയെ തിരികെ അയച്ചത്. സെപ്തംബറില്‍ ജോര്‍ജിയക്കെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. സ്‌പെയിന്‍ ഫിന്‍ലന്‍ഡിന്റെ തട്ടകത്തിലെത്തും.
ഗ്രൂപ്പ് ബിയില്‍ മാള്‍ട്ടക്കെതിരെ ഇറ്റലിക്ക് 2-0ന് ജയമൊരുക്കിയത് മരിയോ ബലോടെല്ലിയാണ്. സ്‌കോറിംഗ് മികവ് തുടരുന്ന മരിയോ ഇരട്ടഗോളുകളോടെ മിന്നുംതാരമായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് പതിമൂന്ന് പോയിന്റോടെ ഇറ്റലി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീലിനെതിരായ സൗഹൃദമത്സരത്തില്‍ സമനില ഗോള്‍ നേടി ബലോടെല്ലി ഫോം അറിയിച്ചിരുന്നു.
എ സി മിലാന്‍ ക്ലബ്ബിന് വേണ്ടിയും ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. ആറാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ബലോടെല്ലി ഇറ്റലിയെ മുന്നിലെത്തിച്ചത്. മാള്‍ട്ട ഡിഫന്‍ഡര്‍ ലൂക് ഡിമെച് ഇറ്റലി സ്‌ട്രൈക്കര്‍ എല്‍ ഷാരവിയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു കിക്ക്. രണ്ടാം ഗോള്‍ വോളിയിലൂടെയാണ് മരിയോ നേടിയത്. രണ്ട് ഗോളിന് പിറകിലായതോടെ മാള്‍ട്ട മത്സരം ഉപേക്ഷിച്ചില്ല. തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തി. ഇത് ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ ദൗര്‍ബല്യങ്ങള്‍ എടുത്തുകാണിച്ചു. ഇറ്റലിയുടെ പ്രകടനത്തില്‍ താന്‍ സംതൃപ്തനല്ലെന്ന് ഗോളി ബുഫണ്‍ തുറന്നടിക്കുകയും ചെയ്തു. അതേ സമയം ബലോടെല്ലിയുടെ മികവിനെ പുകഴ്ത്തി. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ബള്‍ഗേറിയ-ഡെന്‍മാര്‍ക്ക് (1-1) സമനില, ചെക് റിപബ്ലിക്ക് 3-0ന് അര്‍മേനിയയെ തോല്‍പ്പിച്ചു. അഞ്ച് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റാണ് ഇറ്റലിക്ക്. ആറ് മത്സരം കളിച്ച ബള്‍ഗേറിയ പത്ത് പോയിന്റോടെ രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ചെക് റിപബ്ലിക്കാണ് മൂന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്ക് (6), അര്‍മേനിയ (3), മാള്‍ട്ട (0) പിറകില്‍.
ഗ്രൂപ്പ് സിയില്‍ അയര്‍ലന്‍ഡ്-ആസ്ത്രിയ (2-2) സമനിലയില്‍ പിരിഞ്ഞപ്പോള്‍ ജര്‍മനി 4-1ന് കസാഖിസ്ഥാനെ തകര്‍ത്തു. ആറ് മത്സരങ്ങളില്‍ പതിനാറ് പോയിന്റോടെ ജര്‍മനി യോഗ്യതക്കരികില്‍. രണ്ടാം സ്ഥാനത്തുള്ള ആസ്ത്രിയക്ക് എട്ട് പോയിന്റ്. സ്വീഡന്‍, അയര്‍ലന്‍ഡ് ടീമുകള്‍ക്കും എട്ട് പോയിന്റ്. കസാഖിസ്ഥാന്‍ (1), ഫെറോ ഐലന്‍ഡ്(0) പുറത്തായി. ജര്‍മനിക്കായി റ്യൂസ് ഇരട്ടഗോള്‍ നേടി. ഗോറ്റ്‌സെ, റുന്‍ഡോഗന്‍ എന്നിവരും സ്‌കോര്‍ ചെയ്തു.
ഗ്രൂപ്പ് ഡിയില്‍ റുമാനിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത ഹോളണ്ട് തുടരെ ആറാം യോഗ്യതാ റൗണ്ട് ജയം നേടി. തുര്‍ക്കിയെ ഹംഗറി (1-1) തളച്ചപ്പോള്‍ എസ്‌തോണിയ 2-0ന് അന്‍ഡോറയെ കീഴടക്കി. റോബിന്‍ വാന്‍ പഴ്‌സിയുടെ ഇരട്ടഗോളുകളാണ് ഡച്ചിന് കരുത്തേകിയത്.
സ്‌നൈഡര്‍ക്ക് പകരം ആദ്യ ലൈനപ്പില്‍ ഇടം നേടിയ റാഫേല്‍ വാന്‍ഡെര്‍ വാര്‍ടാണ് ഹോളണ്ടിന്റെ ലീഡ് ഗോള്‍ നേടിയത്. തൊണ്ണൂറാം മിനുട്ടില്‍ ലെന്‍സ് പട്ടിക തികച്ചു. പതിനെട്ട് പോയിന്റോടെ ഹോളണ്ട് ഗ്രൂപ്പില്‍ യോഗ്യതക്കരികിലാണ്. ഹംഗറി പതിനൊന്ന് പോയിന്റോടെ രണ്ടാമതും റുമാനിയ പത്ത് പോയിന്റോടെ മൂന്നാമതും തുര്‍ക്കി ഏഴ് പോയിന്റോടെ നാലാമതും.
ഗ്രൂപ്പ് എഫില്‍ ഉത്തര അയര്‍ലന്‍ഡിനെ 0-2ന് തോല്‍പ്പിച്ച ഇസ്‌റാഈലിന് ആറ് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റായി. അസര്‍ബൈജാനെ ഇതേ മാര്‍ജിനില്‍ പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചെങ്കിലും പതിനൊന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. ഗോള്‍ ശരാശരിയുടെ മുന്‍തൂക്കം ഇസ്‌റാഈലിനാണ്. നാല് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള റഷ്യയാണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്. അസര്‍ബൈജാനെതിരെ രണ്ടാം പകുതിയിലായിരുന്നു പോര്‍ച്ചുഗലിന്റെ ഗോളുകള്‍. അറുപത്തിമൂന്നാം മിനുട്ടില്‍ ബ്രൂണോ ആല്‍വസ്, എഴുപത്തൊമ്പതാം മിനുട്ടില്‍ ഹ്യൂഗോ അല്‍മെയ്ഡ എന്നിവരാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. റെഫലോവും ബെന്‍ ബസാതുമാണ് ഇസ്‌റാഈലിന്റെ സ്‌കോറര്‍മാര്‍.
ഗ്രൂപ്പ് എച്ച്ല്‍ ഇംഗ്ലണ്ടിനെ മോണ്ടെനെഗ്രോ 1-1ന് തളച്ചു. ഉക്രൈന്‍ 2-1ന് മൊള്‍ഡോവക്കെതിരെ ജയം കണ്ടപ്പോള്‍ പോളണ്ട് 5-0ന് സാന്‍ മാരിനോയെ തകര്‍ത്തു. ആറാം മിനുട്ടില്‍ വെയിന്‍ റൂണിയുടെ ഗോളില്‍ ഇംഗ്ലണ്ടാണ് ലീഡെടുത്തത്.
എഴുപത്തേഴാം മിനുട്ടില്‍ മോണ്ടെനെഗ്രോ സമനില നേടി. ഇതോടെ ഗ്രൂപ്പില്‍ പതിനാല് പോയിന്റോടെ മോണ്ടെനെഗ്രോ ആധിപത്യം തുടര്‍ന്നു. പന്ത്രണ്ട് പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ അവശേഷിക്കെ വെംബ്ലിയില്‍ ഒക്‌ടോബര്‍ പതിമൂന്നിന് ഇംഗ്ലണ്ട്-മോണ്ടെനെഗ്രോ രണ്ടാം പോരാട്ടമാണ് വിധിനിര്‍ണായകമാവുക.
ഗ്രൂപ്പ് എയില്‍ സെര്‍ബിയയോട് 2-0ന് പരാജയപ്പെട്ട സ്‌കോട്‌ലന്‍ഡ് പുറത്തായി. ക്രൊയേഷ്യ 2-1ന് വെയില്‍സിനെ കീഴടക്കിയപ്പോള്‍ ബെല്‍ജിയം 1-0ന് മാസിഡോണിയെ മറികടന്നു. പതിനാറ് പോയിന്റുകള്‍ വീതമുള്ള ബെല്‍ജിയം, ക്രൊയേഷ്യ ടീമുകള്‍ ഒന്നാംസ്ഥാനത്തിന് മത്സരിക്കുന്നു. ഗോള്‍ ശരാശരിയില്‍ ബെല്‍ജിയത്തിനാണ് മുന്‍തൂക്കം.