ശ്രീലങ്കയെ ശത്രു രാജ്യമായി കാണണമെന്ന് തമിഴ്‌നാട്‌

Posted on: March 27, 2013 3:35 pm | Last updated: March 28, 2013 at 2:04 pm
SHARE

ചെന്നൈ: ശ്രീലങ്കയെ സൗഹൃദ രാഷ്ട്രമായി കാണുന്നത് അവസാനിപ്പിക്കണമെന്ന് തമിഴ്‌നാട്. ഇന്നലെ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുഖ്യമന്ത്രി ജെ ജയലളിതയാണ് ഈ ആവശ്യമുന്നയിച്ചത്. ലങ്കയിലെ തമിഴര്‍ക്കായി പ്രത്യേകം രാജ്യമെന്ന ആവശ്യത്തില്‍ ജനഹിതപരിശോധന നടത്തണമെന്നും വിദേശത്തുള്ള ലങ്കന്‍ തമിഴരില്‍ നിന്നുള്‍പ്പെടെ അഭിപ്രായം തേടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പ്രത്യേക രാജ്യം എന്നത് ലങ്കന്‍ തമിഴരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ലങ്കയിലെ കൂട്ടക്കുരുതിയെ കുറിച്ച് വിശ്വാസയോഗ്യമായ അന്തര്‍ദേശീയ അന്വേഷണം നടത്തണം. തമിഴര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുന്നതിന് ലങ്കക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രത്തോട് ജയലളിത ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ പി എല്‍) കളിക്കുന്ന ലങ്കന്‍ താരങ്ങളെ ചെന്നൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ജയലളിത വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തെഴുതുകയും ചെയ്തു. ഇതേ തുടര്‍ന്ന് ലങ്കന്‍ കളിക്കാരെ ചെന്നൈയിലെ മത്സരങ്ങളില്‍ കളിപ്പിക്കേണ്ടതില്ലെന്ന് ഐ പി എല്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചു.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ ലങ്കക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ പിന്താങ്ങിയാല്‍ മാത്രം പോരാ, ഭേദഗതികളോടെ ഇതിനെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജയലളിത ആവശ്യപ്പെട്ടിരുന്നു.
തമിഴര്‍ക്കെതിരെ ലങ്കന്‍ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളില്‍ ഇന്ത്യ ശക്തമായ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെങ്ങും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥികളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ലങ്കക്കെതിരെ യു എന്നില്‍ കൊണ്ടുവരുന്ന പ്രമേയത്തെ ഭേദഗതികളോടെ ഇന്ത്യ പിന്തുണക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ ഡി എം കെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ യു എന്നില്‍ ലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചെങ്കിലും ഇന്ത്യ ഭേദഗതികളൊന്നും നിര്‍ദേശിച്ചിരുന്നില്ല.