ചികില്‍സക്കായി രക്തം സ്വീകരിച്ച എട്ട് വയസ്സുകാരിക്ക് എച്ച്ഐവി

Posted on: March 27, 2013 2:31 pm | Last updated: March 27, 2013 at 11:33 pm
SHARE

hiv

മാനന്തവാടി:കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച ബാലികക്ക് എച്ച് ഐ വി സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ എട്ടര വയസ്സുകാരിക്കാണ് എച്ച് ഐ വി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. എട്ട് മാസം മുമ്പാണ് രണ്ട് ആശുപത്രികളില്‍ നിന്നായി രക്തം സ്വീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ എച്ച് ഐ വി ബാധിതരല്ലെന്ന് പരിശോധന നടത്തി സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷമായി രക്ത ത്തില്‍ ഹീമോഗ്ലോബിന്റെ അ ളവ് കുറയുന്ന തലാസീമിയ അസുഖത്തിന്റെ പിടിയിലായിരുന്നു കുട്ടി. ഇതേത്തുടര്‍ന്നാണ് ഡയാലിസിസിനായി ആശുപത്രികളില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. രണ്ടിടത്ത് നിന്നും രക്തം കയറ്റിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് കുട്ടിയുടെ തൊലിപ്പുറത്തുണ്ടായ ചൊറിച്ചിലിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയയാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ 17ന് പേരാവൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച് ഐ വി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നും നിരവധി തവണ രക്തം മാറ്റി. ഇതിനിടെ മാതാപിതാക്കളിലും അടുത്ത ബന്ധുക്കളിലും രക്തപരിശോധന നടത്തി. എന്നാല്‍ ഇവരാരും എച്ച് ഐ വി ബാധിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ബന്ധുക്കള്‍ ജോലി ചെയ്യുന്നിടത്തും ആരോഗ്യ വകുപ്പ് അധികൃതര്‍ രക്തപരിശോധന നടത്താന്‍ ശ്രമിച്ചതോടെയാണ് വിവരം പുറത്തായത്.
വയനാട് ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ കുട്ടിക്ക് എച്ച് ഐ വി ബാധിച്ചിരുന്ന വിവരം ഡി എം ഒ ഡോ. സമീറയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഡി എം ഒ ഒരു അന്വേഷണവും നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഇന്നലെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയ ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ പി എന്‍ രമണിയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
സര്‍ക്കാര്‍ ആശുപത്രി ലാബുകളില്‍ രക്തപരിശോധന കാര്യക്ഷമമല്ലന്ന് പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രക്തം പരിശോധനക്ക് നല്‍കുമ്പോള്‍ മലേറിയ, മഞ്ഞപ്പിത്തം അടക്കം പന്ത്രണ്ടില്‍പ്പരം പരിശോധനകള്‍ നടത്തണം. എന്നാല്‍, ഇത്തരം പരിശോധനകള്‍ നടത്താറില്ലെന്നും ആക്ഷേപമുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഏപ്രില്‍ ആദ്യവാരത്തില്‍ത്തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ പി എന്‍ രമണി അറിയിച്ചു.