സൂര്യനെല്ലി കേസ്:പി.ജെ കുര്യന് നോട്ടീസ്

Posted on: March 27, 2013 2:21 pm | Last updated: March 28, 2013 at 8:03 am
SHARE

pj kurien

തൊടുപുഴ: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി ധര്‍മരാജനും കോടതിയില്‍ ഹാജരാകണം. പെണ്‍കുട്ടിയുടെ ഹരജിയില്‍ തൊടുപുഴ ജില്ലാ കോടതിയുടെതാണ് ഉത്തരവ്. മെയ് 29ന് കേസ് പരിഗണിക്കും.
കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കുര്യനെതിരെ പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കുമളി പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജി ഈ മാസം രണ്ടിന് പീരുമേട് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചത്.
എല്ലാ നിയമവശങ്ങളും പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ഹരജി തള്ളിയതെന്ന് അപ്പീലില്‍ പറയുന്നു. കുമളി ഗസ്റ്റ് ഹൗസില്‍ കുര്യന്‍ പെ ണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഈയിടെ അറസ്റ്റിലാകും മുമ്പ് ഒരു ചാനലില്‍ ധര്‍മരാജന്‍ വെളിപ്പെടുത്തിയത്.
ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെ പെണ്‍കുട്ടി സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വീണ്ടും ഹൈക്കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെ കുര്യനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി രംഗത്തെത്തുകയായിരുന്നു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തതോടെയാണ് കേസ് വീണ്ടും സജീവമായത്.