Connect with us

National

തീവ്രവാദം ഉപേക്ഷിച്ചവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കാശ്മീരില്‍ പ്രതിഷേധം

Published

|

Last Updated

pic-002_660_032613090254

ശ്രീനഗര്‍: തീവ്രവാദം ഉപേക്ഷിച്ച് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാശ്മീരില്‍ പ്രക്ഷോഭം. തീവ്രവാദം ഉപേക്ഷിച്ചവരുടെ കുടുംബാംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പുനരധിവാസ പദ്ധതിയെ കുറിച്ച് അറിഞ്ഞ് ഞങ്ങള്‍ മടങ്ങിയെത്തി. എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവും കുട്ടികളുമൊത്താണ് എത്തിയത്. ഞങ്ങളുടെ കൈയില്‍ പണമില്ല, തൊഴിലില്ല. കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിയില്‍ നിന്നിരിക്കുന്നു. ഭര്‍ത്താവിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് പോലുമില്ല.- തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതി പ്രകാരം എത്തിയയാളുടെ ഭാര്യ പറയുന്നു.

തീവ്രവാദം ഉപേക്ഷിച്ച് മടങ്ങിയെത്തിയ ലിയാഖത്ത് ഷാ ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെത്തിയതാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. തിരിച്ചുവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വന്നത്. ഞങ്ങളെല്ലാവരും മാതാവാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കണം. ഭര്‍ത്താക്കന്മാരെ തുടര്‍ച്ചയായി പോലീസ് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് തിരിച്ചെത്തിയ സേബ പറയുന്നു.
പഞ്ചാബിലും വടക്കുകിഴക്കന്‍ മേഖലയിലും തീവ്രവാദം ഉപേക്ഷിച്ചവരെ പുനരധിവസിപ്പിച്ച മാതൃകയില്‍ തങ്ങളെയും പുനരധിവസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര സര്‍ക്കാറുമായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 212 കാശ്മീര്‍ യുവാക്കളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാക് അധീന കാശ്മീരില്‍ നിന്ന് നേപ്പാള്‍ വഴി കുടുംബത്തോടൊപ്പം മടങ്ങിയെത്തിയത്. 2011ല്‍ 54 പേര്‍ ഇത്തരത്തില്‍ മടങ്ങിയെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. 150 പേര്‍ 2012ലും പുനരധിവാസ പദ്ധതിയിലുള്‍പ്പെട്ട് തിരിച്ചെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ എട്ട് പേരാണ് തിരിച്ചെത്തിയത്. ഇതില്‍ രണ്ട് പേര്‍ ഭാര്യമാര്‍ക്കൊപ്പമാണ് തിരിച്ചെത്തിയത്.

Latest