Connect with us

Malappuram

മിനറല്‍ വാട്ടര്‍ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

ചങ്ങരംകുളം: ജലക്ഷാമം നേരിടുന്ന ആലങ്കോട് പ്രദേശത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മിനറല്‍ വാട്ടര്‍ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയാണ് കോര്‍പ്പറേറ്റ് കമ്പനികളുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള കമ്പനിയുടെ നിര്‍മാണം നടത്തുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഏക്കര്‍ കണക്കിന് വരുന്ന ഭൂമിയുടെ ഒരു ഭാഗത്തായാണ് കമ്പനി നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഇവിടെയുണ്ടായിരുന്ന കുളത്തിന് മുകളിലായി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുകയും വലിയ ജല സംഭരണി നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്തായി ജലം ശുദ്ധീകരിക്കുന്നതിനും പാക്കിംഗ് നടത്തുന്നതിനും വേണ്ടിയുള്ള കെട്ടിടത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഇതിന് വേണ്ടി പുറത്ത് നിന്നുമുള്ള കമ്പനികളുടെ സാങ്കേതിക സഹായവും ഇയാള്‍ക്ക് ലഭിക്കുന്നുണ്ട്.
വേനലില്‍ ശക്തമായ ജലക്ഷാമംനേരിടുന്ന ഈമേഖലയില്‍ ആയിരത്തിലധികം വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കമ്പനി ആരംഭിച്ചാല്‍ കൂടിയ തോതില്‍ ജലമൂറ്റുന്നതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉള്‍വലിയുകയും രൂക്ഷമായ ജലക്ഷാമം നേരിടേണ്ടിവരുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
കമ്പനിക്കെതിരെ ശക്തമായി രംഗത്തിറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും സന്നദ്ധ സംഘടനകളും. എന്നാല്‍ മുവ്വായിരം ലിറ്റര്‍ മാത്രമെ ഒരുദിവസം എടുക്കുകയുള്ളൂവെന്നും അതിനുള്ള പഞ്ചായത്ത് അനുമതി ലഭിച്ചിട്ടുണ്ടെന്നും കമ്പനി ഉടമ പറയുന്നു. വര്‍ഷങ്ങളായി ഈകിണര്‍ വറ്റാറില്ലെന്നും കമ്പനി ഉടമ പറയുന്നുണ്ട്.

Latest