അക്ഷയ സംരംഭകരുടെ കടബാധ്യത സര്‍ക്കാര്‍ വഹിക്കും

Posted on: March 27, 2013 9:09 am | Last updated: March 27, 2013 at 9:09 am
SHARE

akshayaമലപ്പുറം: കടബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായി അടച്ചു പൂട്ടിയ ജില്ലയിലെ അക്ഷയ സെന്ററുകളുടെ ബാധ്യത പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഇവരുടെ കടബാധ്യതയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ അടക്കും. ബാക്കി വരുന്ന തുകയില്‍ ബാങ്കുകള്‍ ഇളവു നല്‍കാനും ധാരണയുണ്ടായി. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
2010 ഫെബ്രുവരിയില്‍ സംരംഭകര്‍ക്കായി നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കടം അടച്ചു തീര്‍ക്കാന്‍ കഴിയാത്തവര്‍ക്കാണ് പുതിയ ഉത്തരവ് പ്രകാരം ബാധ്യത തീര്‍ക്കാനാവുക. പുതിയ ഉത്തരവ് പ്രകാരം വായ്പയുടെ പിഴയും പിഴപ്പലിശയും കുടിശ്ശികയായ മുതലിന്റെ 50 ശതമാനവും ബാങ്കുകള്‍ എഴുതി തള്ളും. ബാക്കി വരുന്ന 50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കും. ആധാര്‍ എന്റോള്‍മെന്റ് വഴി അക്ഷയ സെന്ററുകളില്‍ നിന്ന് സംസ്ഥാന ഐ ടി മിഷന് ലഭിക്കുന്ന വരുമാനം ഇതിനായി ഉപയോഗിക്കും. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അക്ഷയ സെന്ററുകള്‍ക്ക് ഉത്തരവ് ബാധകമാവില്ല. അടച്ചു പൂട്ടിയവര്‍ക്കു മാത്രമേ ഇത് ബാധകമാവൂ. മറ്റു ജില്ലകളിലെ അക്ഷയ സംരംഭകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും ഉത്തരവിലുണ്ട്.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും രണ്ടു വാര്‍ഡിന് ഒന്ന് എന്ന തോതില്‍ ആകെ 617 അക്ഷയ സെന്ററുകളാണ് 2002 ല്‍ അക്ഷയ പദ്ധതി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. എസ് ബി ടി, കാനറ ബേങ്ക്, സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്ക്, മലപ്പുറം ജില്ലാ സഹകരണ ബേങ്ക് തുടങ്ങിയവയില്‍ നിന്ന് സംരംഭകര്‍ക്ക് ലോണും നല്‍കി. രണ്ടു ലക്ഷത്തോളം രൂപയായിരുന്നു ലോണ്‍ തുക. പദ്ധതി നടത്തിപ്പ് പാളിയതോടെ പലരും കടക്കെണിയിലായി. ഇതോടെ സെന്ററുകള്‍ അടച്ചു പൂട്ടി.
പലരും കിടപ്പാടം വിറ്റും മറ്റും ലോണ്‍ അടച്ചു തീര്‍ത്തു. 265 സംരംഭകരുടെതായി 3.30 കോടി രൂപയായിരുന്ന വിവിധ ബാങ്കുകളില്‍ കടബാധ്യതയായി ഉണ്ടായിരുന്നത്. നൂറോളം സംരംഭകരുടെ പേരില്‍ ജപ്തി നടപടികളില്‍ കേസും നിലവിലുണ്ടായിരുന്നു. കടക്കെണിയിലായ സംരംഭകരെ സഹായിക്കാന്‍ ഫെബ്രുവരി 19ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പ്രകാരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൊണ്ടു വന്നു. ഇപ്രകാരം എടുത്ത വായ്പയുടെ പിഴയും പിഴപ്പലിശയും കുടിശ്ശികയായ മുതലിന്റെ 25 ശതമാനം തുകയും ബേങ്ക് എഴുതിത്തള്ളുകയും ചെയ്യും. ബാക്കിവരുന്ന 75 ശതമാനം മുതലില്‍ 37.5 ശതമാനം സംരംഭകനും അത്രതന്നെ സര്‍ക്കാറും അടച്ച് തീര്‍ക്കുന്നതായിരുന്നു പദ്ധതി. സംരംഭകന്‍ വിഹിതം അടച്ചാല്‍ മാത്രമേ സര്‍ക്കാര്‍ വിഹിതം അടക്കുമായിരുന്നുള്ളൂ. 2011 മാര്‍ച്ച് 31ന് അവസാനിച്ച പദ്ധതി പ്രകാരം 99 സംരംഭകര്‍ വിഹിതം അടച്ച് നടപടികള്‍ ഒഴിവാക്കി. ബാക്കി 166 പേര്‍ക്ക് ഭാരിച്ച തുക അടയ്ക്കാനായില്ല. ഇനിയും ബാക്കിയുള്ളവര്‍ക്കാണ് പുതിയ ഉത്തരവ് ബാധകമാവുക. അക്ഷയ എന്റര്‍പ്രണേഴ്‌സ് അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സമര പരിപാടികളുടെ ഫലമാണ് പുതിയ ഉത്തരവ്.