ഭാരവാഹികളുടെ കാലാവധി നീട്ടല്‍: ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ബഹളം

Posted on: March 27, 2013 8:56 am | Last updated: March 27, 2013 at 8:56 am
SHARE

വടകര: ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം ബഹളത്തില്‍ കലാശിച്ചു. പ്രസിഡന്റും സെക്രട്ടറിയും രാജിക്കൊരുങ്ങി. വടകര ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ കാലാവധി നീട്ടാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചത്. ഭാരവാഹികളുടെ കാലാവധി മാര്‍ച്ച് 31നാണ് അവസാനിക്കേണ്ടത്.
എന്നാല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് കാലാവധി ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ജനറല്‍ ബോഡിയോഗം വിളിച്ചുചേര്‍ക്കാന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് ഇന്നലെ യോഗം വിളിച്ചുചേര്‍ത്തത്. അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന യോഗം ബഹളവും വാക്കേറ്റവും കാരണം ഏറെ നേരം തടസ്സപ്പെട്ടു.
ഇതിനിടയില്‍ പ്രസിഡന്റ് അഡ്വ. ഇ കെ നാരായണനും സെക്രട്ടറി അഡ്വ. എ സനൂജും രാജിക്കൊരുങ്ങി. തുടര്‍ന്ന് ഈ മാസം 31 വരെ രണ്ടുപേരും തുടരാന്‍ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. എക്‌സിക്യൂട്ടീവ് തീരുമാനം റദ്ദാക്കിയതോടെയാണ് യോഗം പിരിഞ്ഞത്.