ആവിലോറ എം എം എ യു പി സ്‌കൂള്‍ സപ്തതി ആഘോഷങ്ങള്‍ ഇന്ന് തുടങ്ങും

Posted on: March 27, 2013 8:53 am | Last updated: March 27, 2013 at 8:53 am
SHARE

താമരശ്ശേരി: ആവിലോറ എം എം എ യു പി സ്‌കൂളിന്റെ സപ്തതി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. 1943 ല്‍ ചക്കിട്ടക്കണ്ടി കാദിരിക്കുട്ടി ഹാജി തുടക്കം കുറിച്ച സ്‌കൂള്‍ ഇന്ന് മടവൂര്‍ സി എം സെന്ററിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടിലെ ഒട്ടുമിക്കയാളുകളും ആദ്യാക്ഷരം നുകര്‍ന്ന സ്‌കൂളില്‍ ഇന്ന് എണ്ണൂറ്റി അമ്പതോളം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. സപ്തദിയാഘോഷം നാലു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ എന്‍ ഗോപീറാം, പി വി അഹമ്മദ് കബീര്‍ എളേറ്റില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളില്‍ 34 വര്‍ഷം സേവനമനുഷ്ഠിച്ച പി സെയ്ത് മാസ്റ്റര്‍ക്ക് ഇന്ന് യാത്രയയപ്പ് നല്‍കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി വനജ ഉദ്ഘാടനം ചെയ്യും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റംല മക്കാട്ടുപൊയില്‍ അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവി ഉപഹാര സമര്‍പ്പണം നടത്തും. സപ്തതി ആഘോഷപ്പതിപ്പ് പ്രകാശനം കൊടുവള്ളി ബി പി ഒ. എ കെ മുഹമ്മദ് അഷ്‌റഫ് നിര്‍വഹിക്കും.
എസ് കെ പൊറ്റക്കാട് ജന്മശതാബ്ദി പ്രഭാഷണം പി വി ഭക്തവത്സന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ കലാ സാഹിത്യ പരിപാടികള്‍ നടക്കും. എം പി ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് 12ന് എം കെ രാഘവന്‍ എം പി നിര്‍വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. കൊടുവള്ളി എ ഇ ഒ. കെ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം പി ടി എം ശറഫുന്നിസ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കെ ആലി മാസ്റ്റര്‍, ശ്യാമള രവീന്ദ്രന്‍ സംബന്ധിക്കും.