Connect with us

Kozhikode

ഡോക്ടര്‍മാര്‍ ക്ഷയരോഗ ദിനാചരണ പരിപാടി ബഹിഷ്‌കരിച്ചത് വിവാദമാകുന്നു

Published

|

Last Updated

താമരശ്ശേരി: ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് താമരശ്ശേരിയില്‍ നടന്ന ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി താമരശ്ശേരി താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചത് വിവാദമാകുന്നു. ഞായറാഴ്ച നടന്ന പരിപാടിയില്‍ ഡെ. ഡി എം ഒ അപ്പുണ്ണി പങ്കെടുത്തിരുന്നു. എന്നാല്‍ താലൂക്കാശുപത്രിയിലെ ഡെന്റല്‍ വിഭാഗത്തിലെ ഡോ. ജമാല്‍ മാത്രമാണ് പരിപാടിക്കെത്തിയത്. താലൂക്കാശുപത്രിയുടെ കീഴില്‍ താമരശ്ശേരിയില്‍ നടന്ന ജില്ലാതല പരിപാടിക്ക് നേതൃത്വം നല്‍കേണ്ട മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി അബ്ദുല്‍ റഷീദ് ഔദ്യോഗിക പരിശീലനത്തിലായിരുന്നു. സീനിയര്‍ ഡോക്ടറെ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കിലും ഇയാളുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. ദേശീയ തലത്തില്‍ പൊതുജന താത്പര്യാര്‍ഥം നടത്തുന്ന പരിപാടി പോലും “മൂപ്പിളമ” പ്രശ്‌നത്തിന്റെ പേരില്‍ ബഹിഷ്‌കരിച്ച നടപടിയില്‍ നാട്ടുകാരും പൊതു പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. താലൂക്കാശുപത്രിയിലെ ഒ പി യില്‍ നിന്നും ഡോക്ടര്‍മാര്‍ ഒരുമിച്ച് ചായ കുടിക്കാന്‍ പോകുന്നത് ഒഴിവാക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ പലപ്പോഴായി നിര്‍ദേശിച്ചിരുന്നുവെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ലെന്നാണ് ആക്ഷേപം. അപകടത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കാനായി പുതുതായി ആരംഭിച്ച കാഷ്വാലിറ്റി സംവിധാനത്തോട് സഹകരിക്കേണ്ടെന്ന് പോലും ചില ഡോക്ടര്‍മാര്‍ തീരുമാനിച്ചതായാണ് അറിവ്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ സ്വകാര്യ പ്രാക്ടീസില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ഡോക്ടര്‍മാരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ നിന്നും സ്ഥലം മാറ്റി പകരം ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.