വെള്ളയില്‍ ഗവ. യു പി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Posted on: March 27, 2013 8:44 am | Last updated: March 27, 2013 at 8:44 am
SHARE

schoolകോഴിക്കോട്: തീരദേശത്തെ കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകരുന്ന വിദ്യാലയം അടച്ചുപൂട്ടാനൊരുങ്ങുന്നു. കനിവുകാട്ടാത്ത അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. വെള്ളയില്‍ ഗവ. യു പി സ്‌കൂളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഇത് തടയാനായി നാട്ടുകാര്‍ നേതൃത്വം നല്‍കുന്ന വിദ്യാലയ സംരക്ഷണ സമിതിയും റസിഡന്‍സ് അസോസിയേഷനും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും സ്ഥലത്തെ കുടുംബശ്രീ യൂനിറ്റുകളുമാണ് ഒന്നിച്ചുനിന്ന് നേതൃത്വം നല്‍കുന്നത്. ഒന്നാംതരം മുതല്‍ ഏഴാംതരം വരെയുള്ള ഈ സ്‌കൂളില്‍ ഇപ്പോള്‍ 10 കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. ഈ അധ്യയന വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണം തീരെ കുറവായതിനാല്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ് സ്‌കൂള്‍ കഴിയുന്നത്.
അടുത്ത അധ്യയന വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകുമെന്ന് നാട്ടുകാര്‍ നല്‍കിയ ഉറപ്പിലാണ് സ്‌കൂളിന്റെ സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ വന്ന വിദ്യാഭ്യാസ രംഗത്തെ ഉന്നതര്‍ മടങ്ങിയത്. അടുത്ത ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പരമാവധി കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നവംബറില്‍ തന്നെ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഓരോ വീടുകളും ഇവര്‍ കയറിയിറങ്ങി. നിരവധി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയുമാണ്. കഴിഞ്ഞ ദിവസങ്ങളിലായി രക്ഷിതാക്കളുടെ സംഗമവും എസ് എസ് എയുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ ടെസ്റ്റും രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എസ് എസ് എയുടെ നേതൃത്വത്തില്‍ തന്നെ സ്‌കൂളിനായി പുതിയ കെട്ടിടവും പണിയുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരത്തിലധികം വിദ്യാര്‍ഥികളും 40ല്‍പരം അധ്യാപകരും ഉണ്ടായിരുന്ന സ്‌കൂളായിരുന്നു ഇത്. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് സാഹചര്യങ്ങള്‍ കുറഞ്ഞുവരുന്നതാണ് വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്തുന്ന പ്രധാന കാരണം. കൂടാതെ വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിനനുസരിച്ച് മെച്ചപ്പെടാത്തതും തൊട്ടടുത്തുള്ള സ്‌കൂളുകളിലെ പുരോഗതിയും വെള്ളയില്‍ ഗവ. യു പി സ്‌കൂളില്‍ കുട്ടികള്‍ കുറയുന്നതിന് കാരണമായി. നാലഞ്ച് വര്‍ഷം മുമ്പ് പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്നത്തെ സ്‌കൂള്‍ പി ടി എയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ശ്രമം വേണ്ടരീതിയില്‍ ഫലം കണ്ടില്ല. ഇത്തവണ തങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാരും അധ്യാപകരും.