പോലീസ് വേഷമല്ല ഇവര്‍ അണിയേണ്ടത്

Posted on: March 27, 2013 7:55 am | Last updated: March 27, 2013 at 7:55 am
SHARE

SIRAJ.......നിരപരാധികളായ മുസ്‌ലിംകളെ ഭീകരവാദക്കുറ്റം ചുമത്തി ജയിലിലടക്കുന്ന പ്രവണതക്കറുതി വരുത്താനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സമര്‍പ്പിച്ച പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഭീകരവാദം ചുമത്തി ജയിലിലടക്കുന്ന നിരപരാധികളെ വിചാരണ ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുക, നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി, വിട്ടയക്കുന്ന നിരപരാധികള്‍ക്ക് നഷ്ടപരിഹാരം എന്നീ നിര്‍ദേശങ്ങളടങ്ങിയതാണ് പദ്ധതി. ഡല്‍ഹി പോലീസ് ലിയാഖത്ത് ഷായെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിലായിരിക്കണം ന്യൂനപക്ഷ മന്ത്രാലയം കഴിഞ്ഞ മാസം സമര്‍പ്പിച്ച പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം പെട്ടെന്നനുമതി നല്‍കിയത്.
നിരപരാധികളായ മുസ്‌ലിംകളെ കള്ളക്കേസില്‍ കുടുക്കി തടവിലിടുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചു വരികയാണ്. സംഘ്പരിവാര്‍ സൃഷ്ടിച്ച ‘ഇസ്‌ലാമോഫോബിയ’ ബാധിച്ച ഉദ്യോഗസ്ഥന്മാര്‍ രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളുടെയും, വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം മുന്‍പിന്‍ ചിന്തിക്കാതെ മുസ്‌ലിം സംഘടനകളുടെ മേല്‍ കെട്ടിവെക്കുകയും നിരപരാധികളെ പിടികൂടി ജയിലിലടക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിനറിയാമെന്ന് കഴിഞ്ഞ ദിവസം ന്യൂനപക്ഷ മന്ത്രി കെ എ റഹ്മാന്‍ ഖാന്‍ തന്നെ തുറന്നു സമ്മതിക്കുകയുണ്ടായി. ഇവരില്‍ പലരും വിചാരണ പോലും നേരിടാതെ വര്‍ഷങ്ങളായി തടവറയില്‍ നരകിക്കുകയാണ്.
മുസ്‌ലിം യുവാക്കളെ കേസില്‍ കുടുക്കുന്നതിനായി കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്നതില്‍ ചില പോലീസുദ്യോഗസ്ഥര്‍ക്കുള്ള അപാരമായ വൈദഗ്ധ്യത്തിനുളള ഏറ്റവും പുതിയ തെളിവാണ് കഴിഞ്ഞ വെള്ളിയാഴ്ച ലിയാഖത്ത് ഷായുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡപ്യൂട്ടി കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ അവതരിപ്പിച്ച കഥ. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ വെച്ച് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറെ പോലീസ് വിദഗ്ധമായി പിടികൂടിയെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. ഹോളി ആഘോഷത്തോടനുബന്ധിച്ചു സൗത്ത് ഡല്‍ഹി മാളിലും ചാന്ദ്‌നി ചൗക്കിലും സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ലിയാഖത്തിന്റെയും കൂട്ടാളികളുടെയും പദ്ധതിയെന്നും ലിയാഖത്തില്‍ നിന്നുള്ള വിവരമനുസരിച്ചു ഡല്‍ഹി ജുമാ മസ്ജിദിനടുത്ത ലോഡ്ജില്‍ നിന്ന് കുറേ ആയുധങ്ങള്‍ കണ്ടെടുത്തെന്നും അദ്ദേഹം തട്ടിവിട്ടു.
യഥാര്‍ഥത്തില്‍ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ചു സൈന്യത്തിനോ പോലീസിനോ മുമ്പില്‍ കീഴടങ്ങുന്നതിനായി കാശ്മീര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സറന്‍ഡര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ പോളിസി’ അനുസരിച്ചു പോലീസിന് മുമ്പില്‍ കീഴടങ്ങാനായി ഭാര്യക്കും മകനുമൊപ്പമെത്തിയതാണ് ലിയാഖത്ത്. ഹിസ്ബ് പ്രവര്‍ത്തകനായ ലിയാഖത്ത് കീഴടങ്ങാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ 2011-ല്‍ കാശ്മീര്‍ പോലീസിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യമെല്ലാം വെളിപ്പെടുത്തിക്കൊണ്ടാണ് കാശ്മീര്‍ പോലീസ് ലിയാഖത്തിനെ ഡല്‍ഹി പോലീസിന് കൈമാറുന്നത്. എന്നിട്ടും ഇത്തരം കള്ളക്കഥ കെട്ടിച്ചമച്ചു നിരപരാധികളെ കല്‍ത്തുറുങ്കിലടക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുന്ന പോലീസുദ്യോഗസ്ഥര്‍ മതേതര ഭാരതത്തിന് തന്നെ കളങ്കമാണ്. ഇത്തരക്കാര്‍ അണിയേണ്ടത് പോലീസ് വേഷമല്ല, ജയില്‍ വസ്ത്രമാണ്.
മലേഗാവ്, സംഝോധാ, മക്കാ മസ്ജിദ് സ്‌ഫോടനങ്ങളുണ്ടായപ്പോള്‍ നിരപരാധികളായ ഒട്ടേറെ മുസ്‌ലിം യുവാക്കളെ പോലീസ് പിടികൂടി തുറുങ്കിലടക്കുകയും അവരുമായി ബന്ധപ്പെടുത്തി പല കഥകളും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കാര്‍ക്കരെയുടെ നേതൃത്വത്തിലുള്ള സത്യസന്ധരായ എന്‍ ഐ എ ഉദ്യോഗസ്ഥരാണ് അവരുടെ നിരപരാധിത്വവും സംഘ്പരവാറാണ് മേല്‍സംഭവങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറിയ നിരവധി സ്‌ഫോടനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പിന്നിലെന്നുമുള്ള വസ്തുതയും പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം ഏതാനും മുസ്‌ലിം സംഘടകളുടെയും നൂറോളം മുസ്‌ലിം പ്രമുഖരുടെയും ഇ-മെയില്‍ ചോര്‍ത്തി കേരളത്തിലും കുറേ തീവ്രവാദികളെ സൃഷ്ടിക്കാന്‍ നമ്മുടെ പോലീസിലെ ചിലരും ശ്രമം നടത്തിയിരുന്നു. പ്രബുദ്ധ കേരളം ആ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതി സ്വാഗതാര്‍ഹമാണ്. എന്നാല്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളേറെയും വര്‍ഷങ്ങളോളം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ന്യൂനപക്ഷ മന്ത്രാലയം സമര്‍പ്പിച്ച പദ്ധതിയിലെ നിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കാനുള്ള ആര്‍ജവം ആഭ്യന്തര,ന്യൂനപക്ഷ മന്ത്രാലയങ്ങള്‍ കാണിക്കേണ്ടിയിരിക്കുന്നു.