Connect with us

Articles

കേരളത്തിലെ ഹിബാക്കുഷമാര്‍

Published

|

Last Updated

Endosulfan 5

malabar

ജപ്പാനിലെ ഹിരോഷിമയുടെയും നാഗസാക്കിയുടെയും സമീപ പ്രദേശങ്ങളില്‍ “ഹിബാക്കുഷ” യെന്ന ഒരു വിഭാഗമുണ്ട്. ഇതവരുടെ ചെല്ലപ്പേരല്ല; ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത ദുരന്തത്തിന്റെ ബാക്കി പത്രമായി അവര്‍ക്ക് മേല്‍ ആകസ്മികമായി വന്നു പതിച്ചതാണത്. അന്ന് ഹിരോഷിമയിലും നാഗസാക്കിയിലും ആ ദുരന്തം വര്‍ഷിച്ചത് പോലെ. ഹിരോഷിമയിലേയും നാഗസാക്കിയിലേയും ദുരന്തത്തിന്റെ ഇരകളാണ് “ഹിബാക്കുഷ” യെന്ന് അറിയപ്പെടുന്ന ഈ വിഭാഗം. ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍. വേദന തിന്നു കഴിയുന്നവര്‍. മരിച്ചൊടുങ്ങിയവര്‍ക്കിടയില്‍ ജീവിതം തിരിച്ചു കിട്ടിയവര്‍. പക്ഷേ ഇവര്‍ പറയുന്നു. “മരിച്ചവര്‍ ഞങ്ങളേക്കാള്‍ എത്ര ഭാഗ്യവാന്‍മാര്‍”. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും തങ്ങള്‍ അനുഭവിക്കുന്ന വേദനയാണ് ഹിബാക്കുഷമാരെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.
ജപ്പാനിലെ ഹിബാക്കുഷമാരെ പോലെ കേരളത്തിന്റെ വടക്കേ അറ്റത്തുമുണ്ട് കുറേ ഹിബാക്കുഷമാര്‍. കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ ജീവിതം കശക്കിയെറിയപ്പെട്ട കുറേ മനുഷ്യര്‍. എന്‍ഡോസള്‍ഫാന്‍ എന്ന ജീവനാശിനി മൃതപ്രായരും വികലാംഗരും അന്ധരും പിന്നെ കുറേ മനുഷ്യക്കോലങ്ങളുമാക്കിയ മനുഷ്യരുടെ നാട്. ജപ്പാനില്‍ ഹിബാക്കുഷമാരെ സൃഷ്ട്ടിച്ചത് മുതലാളിരാജ്യത്തിന്റെ യുദ്ധക്കൊതിയായിരുന്നെങ്കില്‍ ഇവിടെ അത് തോട്ടം മുതലാളിമാരുടെ ലാഭക്കൊതിയായിരുന്നു. പിന്നെ ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും ഒളിച്ചുകളിയും.
കാസര്‍കോട്ടെ മടിക്കൈയിലെ ദീപേഷിന് പറയാനുണ്ട് തന്റെ അനുഭവ കഥ. വിഷലായനി സമ്മാനിച്ച അന്ധതയെ തോല്‍പ്പിച്ച അകക്കണ്ണിന്റെ വെളിച്ചത്തില്‍ സ്വന്തം ജീവിതാനുഭവങ്ങളെ പകര്‍ത്താന്‍ ഈ പത്താം ക്ലാസുകാരന്‍ മലപ്പുറത്ത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനെത്തിയിരുന്നു. അന്നവന്‍ സദസ്സിനെ കൈയിലെടുത്തു, ഒപ്പം കണ്ണീരണിയിക്കുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ജീവനാശിനി ഒട്ടേറെ ജീവിതം കശക്കിയെറിഞ്ഞ കാസര്‍കോട്ടെ ഗ്രാമത്തില്‍ നിന്ന് യുവജനോത്സവ വേദിയിലെത്തിയ ദീപേഷിന് മറ്റൊന്നും പറയാനാകുമായിരുന്നില്ല. ഈ വിഷലായനിയെക്കുറിച്ചല്ലാതെ. സ്വന്തം അനുഭവങ്ങളെ ഹാസ്യത്തിന്റെയും ശോകത്തിന്റെയും അകമ്പടിയോടെ അരങ്ങിലെത്തിച്ചപ്പോള്‍ മരണത്തിന്റെ വ്യാപാരികളായ കുത്തക മുതലാളിമാരുടെ ലാഭക്കൊതിക്കിരയായി ഇന്നും ദുരിതമനുഭവിക്കുന്ന ഒരു നാടിന്റെ വിലാപ കാവ്യമായി അന്നത് മാറി. എന്‍ഡോസള്‍ഫാന്‍ ഊതിക്കെടുത്തിയ തന്റെ കണ്‍വെളിച്ചത്തെ ചൊല്ലി ഒട്ടും പരിഭവമില്ലാതെ വേദിയിലെത്തിയ ദീപേഷ് എന്‍ഡോസള്‍ഫാന്‍ തന്റെ നാടിന്റെ മണ്ണിലും നാട്ടാരുടെ ശരീരത്തിലും കോറിയിട്ട രൂപവൈകൃതങ്ങളുടെ കാണാക്കാഴ്ച്ചകള്‍ അവതരിപ്പിച്ചപ്പോള്‍ സദസ്സിന് അന്നത് നോവൂറുന്ന അനുഭവമായിരുന്നു.
തോട്ടം മുതലാളിയുടെ കീശ വീര്‍പ്പിക്കാന്‍ യന്ത്രപ്പക്ഷി പാറി നടന്ന് വിഷം തളിച്ചപ്പോള്‍ രൂപേഷിന്റെ കണ്ണില്‍ മാത്രമല്ല ഇരുട്ട് നിറച്ചത്. അങ്ങനെ നിരവധി പേരാണ് കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. കാഴ്ച പോയവര്‍ മാത്രമല്ല, മിണ്ടാനാകാത്തവര്‍, നടക്കാനാകാത്തവര്‍, കൈകാലുകള്‍ക്ക് ശേഷിയില്ലാത്തവര്‍, വളര്‍ച്ച മുരടിച്ചവര്‍, ഉടലിനേക്കാള്‍ വലിയ തലയുള്ളവര്‍…. അങ്ങനെ വേദന തിന്ന് കഴിയുന്ന കുറേ മനുഷ്യജീവനുകള്‍. ഇവര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടവര്‍ തന്നെ ഇവരുടെ ഒറ്റുകാരാകുന്ന അവസ്ഥ. എന്‍ഡോസള്‍ഫാനെതിരെ പറയുന്നവരും മുദ്രാവാക്യം വിളിക്കുന്നവരും തന്നെ ഒളിഞ്ഞുനിന്ന് മുതലാളിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെ ഇവര്‍ക്ക് നീതി ലഭിക്കും. ഇരയുടെ പക്ഷത്ത് നില്‍ക്കുകയും വേട്ടക്കാരന് വേണ്ടി ശബ്ദിക്കുകയും ചെയ്യുന്നവരുടെ നാട്ടില്‍ ഹിബാക്കുഷമാര്‍ ആരെ വിശ്വസിക്കണം.
വമ്പന്‍ മുതലാളിമാരുടെ വിഷക്കമ്പനിക്ക് വേണ്ടി സര്‍ക്കാറുകള്‍ നിലപാടെടുക്കുമ്പോള്‍ ഇവിടെ ഇവരുടെ ദുരിതം കേള്‍ക്കാന്‍ പോലും അവര്‍ക്കൊന്നും സമയമില്ല.
രാജ്യത്ത് ആദ്യമായി എന്‍ഡോസള്‍ഫാനെതിരെ സര്‍ക്കാര്‍ തലത്തില്‍ ആധികാരികമായ പഠനം നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ വിതക്കുന്ന ദുരന്തത്തിന്റെയും ദുരിതത്തിന്റെയും നേര്‍രേഖകളായിരുന്നു. മണ്ണിലും വെള്ളത്തിലും വായുവിലും എന്‍ഡോസള്‍ഫാന്‍ വിതക്കുന്ന ദുരന്തവും അത് നിരോധിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആധികാരികമായ ഈ പഠന റിപ്പോര്‍ട്ട് പക്ഷേ വെളിച്ചം കണ്ടില്ല. ആരോഗ്യ വകുപ്പു തന്നെ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. രാജ്യത്ത് ഒരു പഠനവും എന്‍ഡോസള്‍ഫാനെതിരെ നടന്നിട്ടില്ലെന്ന കമ്പനികളുടെ വാദത്തിനുള്ള ശക്തമായ മറുപടിയായിരുന്നു ഈ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലൂടെ ഇരകളുടെ പക്ഷത്ത് നില്‍ക്കേണ്ടവര്‍ പക്ഷേ എവിടെ നിന്നുവെന്ന് ലോകം കണ്ടു. വമ്പന്‍ കുത്തക മുതലാളിമാര്‍ക്ക് ഭരണക്കാര്‍ ചെയ്തു നല്‍കിയ വലിയ ഉപകാരം.
പൂഴ്ത്തിവെച്ചെങ്കിലും പിന്നീട് പുറത്തു വന്ന ഈ റിപ്പോര്‍ട്ടിലെ വരികളാണ് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ പോലും എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്കെതിരായ നിലപാടുകളായി ഉയര്‍ന്നുകേട്ടത്. റിപ്പോര്‍ട്ടുകളും പഠനങ്ങളും പിന്നെ കാസര്‍കോട്ടെ ഈ ദുരന്തചിത്രങ്ങളും. അങ്ങനെ തെളിവുകള്‍ മതിയാവോളമുണ്ട് വിഷക്കമ്പനിക്കെതിരെ നിലപാടെടുക്കാന്‍ ഭരണാധികാരികള്‍ക്ക്. റോഡരികില്‍ നാലാള്‍ കൂട്ടം കൂടുന്നതിനെതിരെ സ്വയം വിധി പറഞ്ഞ ഭരണാധികാരികളുടെ നാട്ടില്‍ കൂട്ടത്തോടെ ഒരു നാട്ടുകാര്‍ വേദന പങ്കിട്ടിട്ടും ആരും ഒന്നും കണ്ടില്ല. ഭരണകൂടവും നീതിപീഠവും ഇവരോട് മുഖം തിരിക്കുമ്പോള്‍ കുറേ മനുഷ്യസ്‌നേഹികളാണ് ഇവര്‍ക്ക് കൂട്ടായെത്തുന്നത്. കാസര്‍കോട്ടെ ഈ ദുരന്ത ഗ്രാമങ്ങളുടെ ചിത്രം മുന്നിലുണ്ടായിട്ടും എല്ലാവരും ഒത്തുവന്നിട്ടും ആ ദുരിതം പേറുന്നവര്‍ പറയുന്നത് ഇനിയും കേട്ടിട്ടില്ല നമ്മുടെ ഭരണാധികാരികള്‍. അവര്‍ക്ക് നല്‍കാനുള്ളത് ആശ്വാസവാക്കുകള്‍ മാത്രം. എല്ലാമറിഞ്ഞിട്ടും പറയുന്നത് ന്യായമായിട്ടും കാസര്‍ക്കോട്ടെ ബസ് സ്റ്റാന്റിന് മുന്നില്‍ എന്തിനാണാവോ നമ്മുടെ ഭരണക്കാര്‍ കുറേ പേരെ പട്ടിണിക്കിട്ടത്? അവഗണനക്കെതിരെ ഒന്നിച്ചു നിന്നിട്ടും കാര്യമൊന്നുണ്ടായില്ല. കാസര്‍കോട്ടുകാര്‍ പിന്നെയും കൂട്ടമായി തിരുവനന്തപുരത്തെത്തി കഴിഞ്ഞ ദിവസം. എന്നെത്തെയും പോലെ അവര്‍ക്കു കിട്ടിയത് കുറേ ഉറപ്പുകള്‍. പഠിക്കാന്‍ പിന്നെയും സമിതികളും പിറന്നിരിക്കുന്നു. എങ്കിലും ആശ്വസിക്കാവുന്ന ഈ ഉറപ്പുകള്‍ ഉടന്‍ നടപ്പിലാക്കുന്നത് ഈ പാവങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കും. യോഗശേഷം മുഖ്യമന്ത്രി പറഞ്ഞതെല്ലാം മനുഷ്യാവകാശ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമുള്ളതാണ്. മനുഷ്യാവകാശ കമ്മീഷനെ കാസര്‍സോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി അഭിവാദ്യം ചെയ്യാം. ജപ്പാനിലെ ഹിബാക്കുഷമാരെ സംരക്ഷിക്കാന്‍ ആ നാട് ഒന്നായി കൂടെയുണ്ട്. ഇവിടെ കാസര്‍സോട്ടെ ഹിബാക്കുഷമാരെ സംരക്ഷിക്കാന്‍ നമുക്കും കൂട്ടമായി കൂടെ നില്‍ക്കാം. ശുദ്ധവായു പോലും ശ്വസിക്കാനില്ലാത്തവര്‍ക്കായി അതെങ്കിലും നാട് ചെയ്‌തേ പറ്റൂ.