സാമൂതിരി പി കെ എസ് രാജ വിടവാങ്ങി

Posted on: March 27, 2013 4:29 pm | Last updated: March 28, 2013 at 2:01 pm
SHARE

PKS-Raja

കോഴിക്കോട്: കോഴിക്കോട് സാമൂതിരി പി കെ എസ് രാജ (101) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ 6.40ന് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരിച്ചത്. രാവിലെ എട്ടോടെ കോഴിക്കോട്ടെ വീട്ടില്‍ പൊതുദര്‍ശത്തിന് വെച്ച മൃതദേഹം വൈകീട്ട് 5.45ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂര്‍ കോവിലകം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരീപുത്രന്‍ കുഞ്ഞനുജന്‍ രാജ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2003ല്‍ അന്നത്തെ സാമൂതിരി ഏട്ടനുണ്ണി രാജ അന്തരിച്ചതിനെ തുടര്‍ന്നാണ് പി കെ എസ് രാജ സാമൂതിരിയായത്. ഗുരുവായൂരപ്പന്‍ കോളജ്, സാമൂതിരി എച്ച് എസ് എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴിക്കോട് തളി മഹാക്ഷേത്രം, വളയനാട്, തൃപ്പങ്ങോട്, ആലത്തിയൂര്‍, തിരുന്നാവായ, തൃക്കരിയൂര്‍, നിറംകൈതക്കോട്ട തുടങ്ങി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നാല്‍പ്പതോളം ക്ഷേത്രങ്ങളുടെയും ട്രസ്റ്റിയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമാണ്. കോഴിക്കോടിന്റെ സാമൂഹിക, സാംസ്‌കാരിക, പൊതു മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു.
നിലമ്പൂര്‍ കോവിലകത്തെ പരേതയായ ഭാരതി രാജയാണ് ഭാര്യ. മക്കള്‍: സുധ, സരള, പരേതയായ സേതുലക്ഷ്മി. പി കെ കൃഷ്ണനുണ്ണിരാജ, ആര്‍ വാസു (ചെന്നൈ), പരേതനായ പി കെ വി രാജ എന്നിവരാണ് മരുമക്കള്‍.
എം കെ രാഘവന്‍ എം പി, കോര്‍പറേഷന്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം, ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍, സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, സിറ്റി പോലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍കുമാര്‍, മുന്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ബി ജെ പി സംസ്ഥാന്യൂപ്രസിഡന്റ് വി മുരളീധരന്‍, എം പി വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.