ഒമാനില്‍ ആദ്യമായി വിഷമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നു

Posted on: March 27, 2013 6:00 pm | Last updated: March 27, 2013 at 6:00 pm
SHARE

waste_mang_webമസ്‌കത്ത്: ഒമാനിലെ ആദ്യത്തെ വിഷമാലിന്യ സംസ്‌കരണ പ്ലാന്റ് ഖുറമില്‍ നിര്‍മിക്കുന്നു. പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന പ്ലാന്റില്‍ തുടകത്തില്‍ 2.27 ദശലക്ഷം ടണ്‍ വിഷമാലിന്യങ്ങള്‍ സംസ്‌കരിക്കാനാകും. പിന്നീട് 2020ഓടെ 4.21 ദശലക്ഷം ടണ്‍ വിഷമാലിന്യം സംസ്‌കരിക്കാനാകും.
പ്ലാന്റില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന വസ്തുക്കള്‍ വരും തലമുറക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിര്‍മിച്ചെടുക്കും.
ഒമാന്‍ എന്‍വിറോണ്‍മെന്റല്‍ സര്‍വീസ് ഹോള്‍ഡിംഗ് കമ്പനി(ഒ ഇ എസ് എച്ച് )യാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊലൂറ്റേഴ്‌സ് പെയ് പ്രിന്‍സിപ്പല്‍(പി പി പി) പ്രകാരമാണ് രാജ്യത്തിന് ഏറെ ഉപകാരപ്രദമാകുന്ന വിഷമാലിന്യ സംസ്‌കരണ പ്ലാന്റ് ഖുറമില്‍ നിര്‍മിക്കുന്നതെന്ന് കമ്പനി ഡയറക്ടര്‍ മാര്‍ത്തിനസ് ജൂബര്‍ട്ട് പറഞ്ഞു. പദ്ധതിയുടെ നിയന്ത്രണം മുനിസിപ്പാലിറ്റിയുമായിച്ചേര്‍ന്ന് കമ്പനി നിര്‍വഹിക്കും. വിഷമാലിന്യങ്ങള്‍ സംഭരിക്കുന്നതും പ്ലാന്റില്‍ എത്തിക്കുന്നതുമെല്ലാം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലായിരിക്കും.
രണ്ട് ദിവസമായി അല്‍ ബുസ്താന്‍ പാലസില്‍ നടന്നുവന്ന രാജ്യാന്തര വേസ്റ്റ് മാനേജ്‌മെന്റ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് മാര്‍ത്തിനസ് ജൂബര്‍ട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്‌ളെമിംഗ് ഗള്‍ഫുമായിച്ചേര്‍ന്ന് മസ്‌കത്ത് മുന്‍സിപ്പാലിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്. രാജ്യത്ത് വിഷമാലിന്യങ്ങള്‍ പ്രകൃതിയില്‍ വ്യാപകായത് മനുഷ്യര്‍ക്കും സസ്യങ്ങള്‍ക്കും ദോഷം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിഷമാലിന്യ വേസ്റ്റ് ട്രീറ്റ്‌മെന്റ് (എച്ച് ഡബ്ല്യൂ ടി )ഉപയോഗിച്ച് സസ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന രീതി രാജ്യത്ത് നടപ്പിലാക്കിവരുന്നുണ്ട്. ദുകം മേഖലയില്‍ ആണ് ഇത്തരത്തില്‍ രാജ്യത്തെ ആദ്യ സസ്യം ഉത്പാദിപ്പിച്ചെടുത്തത്. കൂടുതല്‍  വിഷമാലിന്യങ്ങള്‍ സംഭരിക്കപ്പെടുന്ന അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് ദുകം പ്രദേശം.
വാഹനങ്ങളുടെ യാത്രകളും ഇവിടെ ധാരാളമായതിനാല്‍ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകാറുണ്ട്.
ഒമാന്‍ എന്‍വിറോണ്‍മെന്റല്‍ സര്‍വീസ് ഹോള്‍ഡിംഗ് കമ്പനിക്ക് കീഴില്‍ ഇലക്‌ട്രോണിക് ഡാറ്റകളുടെ അടിസ്ഥാനത്തില്‍ മാലിന്യം സംഭരിച്ച് വരുന്നുണ്ട്.  വിഷമാലിന്യ സംസ്‌കരണത്തിനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നതായും ഇതിന്റെ പൂര്‍ത്തീകരണത്തോടെ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും  മാര്‍ത്തിനസ് ജൂബര്‍ട്ട് പറഞ്ഞു.