ടി പി വധം:വാളുകളും കിണറ്റില്‍ തള്ളിയയാളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു

Posted on: March 27, 2013 12:34 am | Last updated: March 27, 2013 at 12:34 am
SHARE

tp slugകോഴിക്കോട്:ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമിസംഘം ഉപയോഗിച്ച അഞ്ച് വടിവാളുകളും അവ ചൊക്ലി സി എം സി ആശുപത്രിക്ക് സമീപത്തെ വാസുദേവ സര്‍വീസ് സ്റ്റേഷന് പിറകിലെ കിണറ്റില്‍ തള്ളിയ 31 ാം പ്രതി ലംബു പ്രദീപനെയും ഇന്നലെ വിസ്തരിച്ച രണ്ട് സാക്ഷികളും തിരിച്ചറിഞ്ഞു. കിണറ്റിലെ ജലമെടുത്ത പ്ലാസ്റ്റിക് ജാര്‍, കാര്‍ഡ് ബോര്‍ഡ് കഷ്ണങ്ങള്‍ എന്നിവ 33 ാം സാക്ഷി ടി രാജേഷ് തിരിച്ചറിഞ്ഞപ്പോള്‍ അവ കൂടാതെ ലംബു പ്രദീപന്‍ ധരിച്ചിരുന്ന കാവി മുണ്ടും ചന്ദന കളര്‍ ഷര്‍ട്ടും 34 ാം സാക്ഷി എസ് ശശിധരന്‍ പിള്ള കോടതിയില്‍ തിരിച്ചറിഞ്ഞു. 35 ാം സാക്ഷിയായി വിസ്തരിക്കാനിരുന്ന പി സലീഷിനെ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി.
ചൊക്ലി സി എം സി ആശുപത്രിക്ക് സമീപമുള്ള വാസുദേവ സര്‍വീസ് സ്റ്റേഷന് പത്ത് മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കിണറ്റില്‍ നിന്ന് അഞ്ച് വടിവാളുകള്‍ കരക്കെത്തിച്ച കിണര്‍ ശുചീകരണ തൊഴിലാളിയായ തലശ്ശേരി തിരുവങ്ങാട് സ്വദേശി ടി രാജേഷിനെയാണ് മാറാട് അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ ഇന്നലെ ആദ്യം വിസ്തരിച്ചത്. കേസിലെ 31 ാം പ്രതി ചൊക്ലി മാരംകുന്നുമ്മല്‍ ലംബു പ്രദീപ് എന്ന പ്രദീപന്‍ (28) കിണറ്റില്‍ തള്ളിയ അഞ്ച് വടിവാളുകള്‍ 2012 മെയ് 15 ന് കിണറ്റിലിറങ്ങി താനെടുത്തെന്ന് കോടതിയെ അറിയിച്ച രാജേഷ് പ്രദീപനെ കോടതിമുറിയില്‍ തിരിച്ചറിഞ്ഞു.
സി പി എം പ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തലശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബി ജെ പിക്കാര്‍ക്കൊപ്പം പ്രതിയായ രാജേഷ് ബി ജെ പി പ്രവര്‍ത്തകനാണെന്നും കള്ളമൊഴി നല്‍കുകയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞെങ്കിലും സാക്ഷി അത് നിഷേധിച്ചു. കൈയില്‍ കെട്ടിയത് ആര്‍ എസ് എസുകാരുടെ ചരടല്ലേ എന്ന ചോദ്യത്തിന് ‘അല്ല; അത് മന്ത്രിച്ച് കെട്ടിയ ചരടാണ്’ എന്ന് രാജേഷ് മറുപടി നല്‍കി. കിണറ്റില്‍ നിന്ന് കണ്ടെടുത്ത തരത്തിലുള്ള വാളുകള്‍ തേങ്ങ വെട്ടാന്‍ കൊടുവാളായി ഉപയോഗിക്കാറില്ലേയെന്ന ചോദ്യത്തിന് അവ കൊടുവാളല്ലെന്നും മറുപടി നല്‍കി.
കിണറ്റില്‍ നിന്ന് വാളുകള്‍ കണ്ടെടുക്കുമ്പോള്‍ മഹസറില്‍ സാക്ഷിയായി ഒപ്പിട്ട തലശ്ശേരി താലൂക്ക് ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് കൊല്ലം സ്വദേശി എസ് ശശിധരന്‍ പിള്ളയെയാണ് തുടര്‍ന്ന് വിസ്തരിച്ചത്. 34ാം സാക്ഷിയായ ശശിധരന്‍ പിള്ള ‘തഹസില്‍ദാര്‍ സുബൈറിന്റെ നിര്‍ദേശമനുസരിച്ചാണ് തലശ്ശേരി ഡി വൈ എസ് പിയുടെ ഓഫിസില്‍ പോയതെന്നും ആര്‍ ഡി ഒയില്‍ നിന്നുള്ള ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു രേഖാമൂലമുള്ള നിര്‍ദേശം തഹസില്‍ദാര്‍ നല്‍കിയതെന്ന് മനസ്സിലാക്കിയെന്നും’ കോടതിയെ അറിയിച്ചു.
പ്രതിയെ തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് പ്രയാസം നേരിടാതിരിക്കാന്‍ കോടതിമുറിയില്‍ ഹാജരായ പ്രതികളെ നിരത്തിനിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. രാജേഷും ശശിധരന്‍ പിള്ളയും സംശയിക്കാതെ തന്നെ ലംബു പ്രദീപനെ തിരിച്ചറിയുകയും ചെയ്തു. അച്ചടക്ക നടപടി ഭയന്നും പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരവും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സാക്ഷി കള്ളമൊഴി നല്‍കുകയാണെന്ന പ്രതിഭാഗത്തിന്റെ വാദം ശശിധരന്‍ പിള്ള നിഷേധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ ശ്രീധരന്‍ സാക്ഷികളെ വിസ്തരിച്ചപ്പോള്‍ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബി രാമന്‍പിള്ളയും അഡ്വ. കെ ഗോപാലകൃഷ്ണകുറുപ്പും ക്രോസ് വിസ്താരം നടത്തി. ഓര്‍ക്കാട്ടേരിയിലെ ടാക്‌സി ഡ്രൈവര്‍ രാധാകൃഷ്ണനെ ഇന്ന് കോടതിയില്‍ 35 ാം സാക്ഷിയായി വിസ്തരിക്കും.