കേരളാ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ പി സി ജോര്‍ജിന് രൂക്ഷ വിമര്‍ശം

Posted on: March 27, 2013 12:30 am | Last updated: March 27, 2013 at 12:30 am
SHARE

P C GEORGE തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്- എം പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ വിമര്‍ശം. നേതാക്കള്‍ അതിരുവിട്ട വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പി സി ജോര്‍ജ് തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തി സര്‍ക്കാറിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജോര്‍ജിനെതിരെ വിമര്‍ശമുയര്‍ന്നത്.
നേതാക്കള്‍ പരസ്പര ബഹുമാനം പുലര്‍ത്തണമെന്നും ആവശ്യമായ നിയന്ത്രണം പാലിക്കണമെന്നുമായിരുന്നു യോഗത്തിന്റെ പൊതുവികാരം. ഫ്രാന്‍സിസ് ജോര്‍ജിനെതിരെ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം അനാവശ്യമെന്ന് യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ മറ്റുള്ളവരോടൊപ്പം ചേര്‍ന്നുകൊണ്ട് തന്നെ വിമര്‍ശിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നതെന്ന് ജോര്‍ജും വിശദീകരിച്ചു. യോഗത്തില്‍ പി സി ജോര്‍ജിനെ ആരും പിന്തുണച്ചില്ല.
ചീഫ് വിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ അടുത്ത മാസം 16ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമിറ്റിയില്‍ ആകാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. സംസ്ഥാന കമ്മിറ്റി മെയ് നാലിന് ചേരാനും തീരുമാനിച്ചു. പി സി ജോര്‍ജിന്റെ അതിരുവിട്ട പ്രസ്താവനകള്‍ക്കെതിരെ ജോസഫ് വിഭാഗക്കാരായ നാല് പേര്‍ രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാണി വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ഉടനടി വിളിച്ചുചേര്‍ത്തത്.
ഇതിനിടെ ജോര്‍ജിനെ അംഗീകരിക്കില്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കി കോണ്‍ഗ്രസുകാര്‍ക്ക് ടി എന്‍ പ്രതാപന്‍ മൂന്നാമതും വിപ്പ് നല്‍കി. അടുത്ത മാസം ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ സഭയില്‍ നടക്കുന്ന ബില്ലുകളുടെ ചര്‍ച്ചക്കും വോട്ടെടുപ്പിനും ഹാജരായിരിക്കണമെന്ന് നിര്‍ദേശിച്ചാണ് വിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് യു ഡി എഫ് യോഗം ചേരാനിരിക്കെയാണ് പ്രതാപന്റെ ഈ നടപടി.