Connect with us

Kerala

കര്‍ണാടകയില്‍ വാഹനാപകടം: മലയാളി ദമ്പതികളുള്‍പ്പെടെ ആറ് മരണം

Published

|

Last Updated

കാഞ്ഞങ്ങാട്:ബംഗളൂര്‍-മംഗലാപുരം ദേശീയപാതയില്‍ കത്രിഗട്ടെയില്‍ ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മലയാളി ദമ്പതികളുള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് അപകടം നടന്നത്.

വെള്ളരിക്കുണ്ട് നാട്ടക്കല്ലിനടുത്ത കൈതേനിയില്‍ താമസക്കാരായ സജികുമാര്‍ (48), ഭാര്യ ജെസി (38), ചാലക്കുടി സ്വദേശി ശേഖര്‍, കര്‍ണാടക സ്വദേശികളായ സുമന്ത്, അശോക്, രവി എന്നിവരാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍ പെരളം സ്വദേശി പി ഹരിപ്രസാദിനെ (49) അതീവ ഗുരുതരമായ പരുക്കുകളോടെ ഹാസനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശികളാണ് സജിയും ഭാര്യ ജെസിയും. പുട്ടപര്‍ത്തി സത്യസായിബാബ ആശ്രമത്തിലെ സേവകരാണ് ഈ ദമ്പതികളും ഓട്ടോ ഡ്രൈവര്‍ ഹരിപ്രസാദും. നേരത്തെ അസുഖ ബാധിതയായിരുന്ന ജെസിക്ക് അവിടെവെച്ച് പനി മൂര്‍ച്ഛിക്കുകയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആശ്രമാധികൃതര്‍ ആംബുലന്‍സ് തയ്യാറാക്കി ഇവരെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മംഗലാപുരം ആശുപത്രിയിലെ ചികിത്സയാണ് കൂടുതല്‍ സൗകര്യമെന്ന് കണ്ട് ആംബുലന്‍സില്‍ മംഗലാപുരത്തേക്ക് തിരിച്ചു. ഹരിപ്രസാദും ഇവരോടൊപ്പം പോകുകയായിരുന്നു.
ജെസിയുടെ പരിചരണത്തിനുണ്ടായിരുന്ന രണ്ട് ആശുപത്രി ജീവനക്കാരും ആംബുലന്‍സിന്റെ രണ്ട് ഡ്രൈവര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടും. അപകടത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സിനുള്ളില്‍ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്തത്. അപ്പോഴേക്കും ആറ് പേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ചെന്റായപട്ടണം ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
സജി- ജെസി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. തിരുവനന്തപുരത്ത് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്‌കൂളില്‍ പഠിക്കുന്ന അദിനാഷും (12) അതുലും(10).

---- facebook comment plugin here -----

Latest