Connect with us

Gulf

സഊദിയില്‍ ഗോഡൗണില്‍ തീപ്പിടിത്തം; ആറ് മലയാളികളുള്‍പ്പെടെ ഏഴ് മരണം

Published

|

Last Updated

റിയാദ്/നിലമ്പൂര്‍:ഇടുക്കിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറി ഞ്ഞ് എട്ട് പേര്‍ മരിച്ചതിന് പിന്നാലെ വീണ്ടും ദുരന്തം. സഊദിയിലെ ഹാഇലിന് സമീപം ഗഫാറിലെ സോഫ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് മലയാളികളും ഒരു യു പി സ്വദേശിയുമുള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്. മലപ്പുറം എടക്കര മൂത്തേടം താളിപ്പാടം അധികാരത്ത് സെയ്തലവിയുടെ മകന്‍ സിദ്ദീഖ് (42), കല്‍ക്കുളം കിഴക്കേ പനയന്നാമുറി പാപ്പച്ചന്റെ മകന്‍ ലാലു (40), ചെമ്മംതിട്ട വെള്ളൂര്‍ കിഴക്കേതില്‍ പത്മനാഭന്റെ മകന്‍ സത്യകുമാര്‍ എന്ന കുട്ടന്‍ (22), ചുങ്കത്തറ കാട്ടിച്ചിറ പുത്തന്‍പീടിക ഹംസയുടെ മകന്‍ ജൈസല്‍ (24), മങ്കട പള്ളിപ്പുറം കീരക്കുഴിയില്‍ മേമന മുഹമ്മദിന്റെ മകന്‍ സൈനുല്‍ ആബിദ് (24), വയനാട് കാട്ടിക്കുളം വട്ടപ്പാറയില്‍ വര്‍ക്കിയുടെ മകന്‍ ഷിജു(26) എന്നിവരും ഉത്തര്‍പ്രദേശ് സ്വദേശി ലത്തീഫു(37)മാണ് മരിച്ചത്. നാല് പേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മൂത്തേടം താളിപ്പാടം സ്വദേശിയായ മാന്താനത്ത് പുതുപ്പറമ്പില്‍ സജിയുടെ അല്‍ മന്‍സൂര്‍ മജ്‌ലിസ് എന്ന സോഫാ ഗോഡൗണില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ചോടെയാണ് തീപ്പിടിത്തമുണ്ടായത്. ഗോഡൗണിന്റെ പിറകിലെ മുറിയില്‍ താമസിച്ചിരുന്നവരാണ് അപകടത്തില്‍ പെട്ടത്. 13 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് പേര്‍ തലേന്ന് രാത്രി നാട്ടിലേക്ക് തിരിച്ചിരുന്നു. ഇവരെ യാത്രയയച്ച ശേഷം ഉറങ്ങാന്‍ കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം. ഗോഡൗണിലുണ്ടായിരുന്ന സ്‌പോഞ്ചിന് തീപ്പിടിച്ചുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേര്‍ മരിച്ചു.
ലാലുവിന്റെ മാതാവ്: തങ്കമ്മ. ഭാര്യ: സുജ, മക്കള്‍: റിച്ചു, ഗിഫ്റ്റി. സത്യകുമാറിന്റെ മാതാവ് : ജാനകി, സഹോദരി: സത്യലക്ഷ്മി. പരേതയായ പാത്തുക്കുട്ടിയാണ് സിദ്ദീഖിന്റെ മാതാവ്. ഭാര്യ: നഫീസ, മക്കള്‍: സഫ്‌വാന്‍, ഷഫീഖ്, ശമീമ. ജെയ്‌സലിന്റെ മാതാവ് ഫാത്തിമ. ഭാര്യ: റുബീന. മകന്‍: നസല്‍. സഹോദരങ്ങള്‍: ഫിറോസ് ബാബു, റഫീഖ്, ജംഷീന. സുബൈദയാണ് സൈനുല്‍ ആബിദിന്റെ മാതാവ്. ശറഫുദ്ദീന്‍, ശമീല എന്നിവര്‍ സഹോദരങ്ങളാണ്. ഷിജുവിന്റെ മാതാവ് : ഏലിയാമ്മ, സഹോദരങ്ങള്‍: ഷീജ, ഷീന.
കേന്ദ്ര സര്‍ക്കാറിന്റെ ചെലവില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് വിദേശ കാര്യ സഹമന്ത്രി ഇ അഹമ്മദ് ഡല്‍ഹിയില്‍ പറഞ്ഞു.