ലിഫ്റ്റുകള്‍ക്കും എസ്‌കലേറ്ററുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം

Posted on: March 27, 2013 6:00 am | Last updated: March 26, 2013 at 10:56 pm
SHARE

liftതിരുവനന്തപുരം:ലിഫ്റ്റുകള്‍ക്കും എസ്‌കലേറ്ററുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ബില്‍ സബ്ജകട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും സുരക്ഷിതമായ പ്രവര്‍ത്തനം, പരിപാലനം എന്നിവ ക്രമീകരിക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

ഉപയോക്താക്കളുടെ സുരക്ഷക്കായി ലിഫ്റ്റുകളും എസ്‌കലേറ്ററുകളും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്‍കരുതലുകളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ലിഫ്റ്റ്, എസ്‌കലേറ്റര്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.
ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം. പ്രദേശത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായിരിക്കണം അപേക്ഷ പരിഗണിച്ച് അനുമതിക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഒരു വര്‍ഷമായിരിക്കും ലൈസന്‍സിന്റെ കാലാവധി. നിശ്ചിത ഫീസ് ഒടുക്കിയശേഷം വാര്‍ഷികമായി പുതുക്കാം.
ലൈസന്‍സ് നിരസിക്കുകയാണെങ്കില്‍ കാരണങ്ങള്‍ രേഖാമൂലം ഉടമസ്ഥനെ അറിയിക്കണം. ലൈസന്‍സിലെ ഉപാധികളും വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപവരെ പിഴയും, ലംഘനം തുടര്‍ന്നാല്‍, തുടരുന്ന ഓരോ ദിവസത്തിനും അന്‍പതു രൂപ വരെ വീതം അധിക പിഴയും നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
കമ്പനികളാണ് കുറ്റം ചെയ്യുന്നതെങ്കില്‍, ആ സമയത്ത് കമ്പനിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിക്കെതിരെ നടപടിയെടുക്കണം. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സ്ഥാപിച്ചതോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതോ ആയ ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും പ്രവര്‍ത്തനം രണ്ട് മാസത്തേക്ക് തുടരാം. ഈ കാലയളവിനുള്ളില്‍ ലൈസന്‍സ് നേടിയിരിക്കണം. തെറ്റിദ്ധരിപ്പിച്ചോ കബളിപ്പിച്ചോ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായോ ആണ് ലൈസന്‍സ് നേടിയതെങ്കില്‍ റദ്ദാക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ ഉള്ള അധികാരം ഇന്‍സ്‌പെക്ടര്‍ക്കുണ്ടായിരിക്കും.
മുന്‍കൂര്‍ അനുമതിയില്ലാതെ ലിഫ്റ്റും എസ്‌കലേറ്ററും ഇന്‍സ്റ്റലേഷനില്‍ കൂട്ടിച്ചേര്‍ക്കാനോ മാറ്റം വരുത്താനോ പാടില്ല. ഉടമസ്ഥന് നോട്ടീസ് നല്‍കിയ ശേഷം ലിഫ്റ്റ്, എസ്‌കലേറ്റര്‍ സ്ഥാപിച്ച സ്ഥലത്ത് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്താം. പരിശോധനയില്‍ സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടാല്‍ നിശ്ചിത സമയത്തിനകം അറ്റുകുറ്റപ്പണി നടത്താന്‍ രേഖാമൂലം നിര്‍ദേശിക്കാം.
അതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാം. ലിഫ്‌റ്റോ എസ്‌കലേറ്ററോ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അപകടമുണ്ടായാല്‍ ഉടമസ്ഥന്‍ ഇതുസംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇന്‍സ്‌പെക്ടറെയോ ജില്ലാ മജിസ്‌ട്രേറ്റിനേയോ സര്‍ക്കാര്‍ ഇതിനായി നിര്‍ദേശിച്ച പ്രത്യേക ഉദ്യോഗസ്ഥനെയോ അറിയിക്കണം. ഇവയുടെ പ്രവര്‍ത്തനം രേഖാമൂലമുള്ള അനുമതി കൂടാതെ പുനരാരംഭിക്കരുതെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.