Connect with us

Ongoing News

പൊങ്ങല്‍, താഴല്‍ യന്ത്രവും മാണിയെന്ന മരതക മാണിക്യവും

Published

|

Last Updated

Niyamasabhaമാണി മനസ്സ് മാറ്റുമെന്ന പ്രതീക്ഷ പ്രതിപക്ഷം ഇപ്പോഴും കൈവെടിഞ്ഞിട്ടില്ല. ബജറ്റില്‍ അവഗണിച്ചു, ധനവകുപ്പ് കുളമാക്കി തുടങ്ങി പരാതികളേറെയുണ്ടെങ്കിലും മാണി കൂടെ വന്നാല്‍ കൊള്ളാമെന്നാണ് മനസ്സിലിരുപ്പ്. അത്‌കൊണ്ടാണ് ബജറ്റ് ചര്‍ച്ചയായാലും ബില്ലായാലും മാണിയെ അറിയാതെ ക്ഷണിച്ചു പോകുന്നത്. കൂടെ നിന്ന കാലത്ത് കൈവന്ന സൗഭാഗ്യങ്ങളും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോള്‍ നേരിടുന്ന അവഗണനയും ഇനി കൂടെ വന്നാല്‍ കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങളുമെല്ലാം അവര്‍ മാണിയെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.
കോണ്‍ഗ്രസ് സൃഷ്ടിച്ച ഫിസിക്കല്‍ പോളിസിയുടെ തടവറയില്‍ നിന്ന് പുറത്ത് വരണമെന്ന് പറഞ്ഞ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച തുടങ്ങിവെച്ച സുരേഷ് കുറുപ്പാണ് ആദ്യം ക്ഷണിച്ചത്. ജി സുധാകരന്‍ ഒരു പടി കൂടി കടന്നു. ഇടതുപക്ഷത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കൈവന്ന അവസരം നഷ്ടപ്പെടുത്തരുതെന്ന് ഉപേദശിച്ചു.
പതിനൊന്ന് ബജറ്റിന്റെ റെക്കോര്‍ഡിലാണ് മാണി. ആദ്യബജറ്റ് ഇടത് മുന്നണിക്കൊപ്പം നിന്ന കാലത്ത്. എല്‍ ഡി എഫില്‍ തന്നെ നിന്നിരുന്നെങ്കില്‍ ഇന്ന് 33 ബജറ്റ് അവതരിപ്പിക്കാമായിരുന്നു. ധന വകുപ്പ് ഐസക്കിന് പോലും നല്‍കില്ല. മാണിയുടെ കൈവശം ഭദ്രമായിരിക്കും.
കോണ്‍ഗ്രസില്‍ നിന്നപ്പോഴൊന്നും മാണിക്ക് ഗുണം ലഭിച്ചിട്ടില്ല. കെ പി സി സി പ്രസിഡന്റാകാന്‍ വരെ യോഗ്യത ഉണ്ടായിരുന്നു. കിട്ടിയത് വെറും ഒരു പൂച്ച ഡി സി സി സെക്രട്ടറി. കാക്കത്തൊള്ളായിരം പേരില്‍ ഒരുവന്‍.
യു ഡി എഫിനുള്ളില്‍ ഇപ്പോള്‍ സമരമാണ്. വെറും സമരമല്ല, വര്‍ഗസമരം. ഉമ്മന്‍ ചാണ്ടിയുടെ വന്‍കിട ബൂര്‍ഷ്വാസിയും മാണിയുടെ കര്‍ഷക ബൂര്‍ഷ്വാസിയും തമ്മില്‍ രൂക്ഷമായി ഏറ്റുമുട്ടുകയാണ്. അകത്ത് കടന്ന് ചിറകടിക്കാതെ വിശാലമായ ലോകത്തേക്ക് പറന്നുവരാന്‍ മാണിയെ സുധാകരന്‍ സ്‌നേഹപൂര്‍വം ക്ഷണിച്ചു.
മാണി വന്നാലും ഇല്ലെങ്കിലും സുധാകരന് ഒന്ന് ഉറപ്പാണ്. 2013ല്‍ ഈ സര്‍ക്കാര്‍ തകരും. അവസാന ആളിക്കത്തലാണ് ഇപ്പോള്‍ നടക്കുന്നത്.
ചിന്തകനും കവിയും വാഗ്മിയും മാത്രമല്ല, സുധാകരന്‍ ഒരു പ്രവാചകന്‍ കൂടിയാണെന്ന സത്യം പ്രസംഗം കേട്ടതോടെ മാണിക്കും ബോധ്യമായി. സര്‍ക്കാര്‍ ഈ വര്‍ഷം തകരുമെന്ന് പ്രവാചകന്‍മാര്‍ക്കല്ലാതെ ആര്‍ക്ക് പറയാന്‍ കഴിയും ?എന്തായാലും സര്‍ക്കാര്‍ തകരുമെന്ന ഭീഷണിയൊന്നും മാണിയോട് വേണ്ട.
വി എസ് മുതല്‍ സുരേഷ് കുറുപ്പ് വരെയുള്ളവരുടെ ക്ഷണം വെറുതായാകുമെന്ന് ബെന്നി ബഹ്‌നാന്‍. കാരണം, യു ഡി എഫിന്റെ മണിമുത്ത് മാത്രമല്ല, മരതക മാണിക്യമാണ് മാണി. അദ്ദേഹം യു ഡി എഫില്‍ ഉറച്ചുനില്‍ക്കുമെന്നും ബെന്നി. അങ്ങനെ ഉറപ്പിച്ചിരിക്കേണ്ടെന്നായി കോടിയേരി. കാരണം, 1971ല്‍ എല്‍ ഡി എഫില്‍ നിന്ന കാലത്ത് പാറപോലെ ഉറച്ചുനില്‍ക്കുമെന്ന് രാവിലെ പറഞ്ഞ മാണി ഉച്ചയായതോടെ മുന്നണി വിട്ട കാര്യം കോടിയേരി ഓര്‍ത്തെടുത്തു.
താലൂക്ക് പ്രശ്‌നം ഇനിയും സഭയില്‍ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ചാത്തന്നൂരിലും ചടയമംഗലത്തും താലൂക്കിന് വേണ്ടി ജി എസ് ജയലാല്‍ വാദിച്ചു. എല്ലാ കമ്മീഷനുകളും ശിപാര്‍ശ ചെയ്ത ഏറ്റുമാനൂര്‍ താലൂക്ക് ഏതുവഴിയാണ് പോയതെന്ന് സുരേഷ് കുറുപ്പിനും മനസ്സിലായില്ല.
ഭരണപക്ഷത്തുള്ളവര്‍ക്ക് കുറച്ച് കൂടുതല്‍ കിട്ടുകയെന്നത് പ്രകൃതി നിയമമാണെന്ന സത്യം പി കെ ബഷീര്‍ വെളിപ്പെടുത്തി. അതൊക്കെ എല്ലാ കാലത്തുമുള്ളതാണ്. പഞ്ചായത്ത് ബോര്‍ഡുകള്‍ മുതല്‍ സഹകരണ ബേങ്കുകളില്‍ വരെ സംഭവിക്കുന്ന ഈ യാഥാര്‍ഥ്യം എല്ലാവരും ഉള്‍ക്കൊള്ളണം.
ബജറ്റ് എങ്ങനെ നടപ്പാക്കണമെന്നുള്ള ദിശാബോധം കൂടി മാണി നിര്‍ദേശിച്ചത് പാലോട് രവിയെ അത്ഭുതപ്പെടുത്തി. ലിഫ്റ്റുകള്‍ക്കും എസ്‌കലേറ്ററുകള്‍ക്കുമെല്ലാം ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ആര്യാടന്‍ മുഹമ്മദ് ഇതിനൊരു നിയമം രൂപപ്പെടുത്തിയത്.
മാതൃഭാഷയോടുള്ള സ്‌നേഹം നിറഞ്ഞുതുളുമ്പുന്ന സാഹചര്യത്തില്‍ ബില്‍ കൊണ്ടുവന്നത് ആര്യാടനെ കുഴക്കി. ലിഫ്റ്റിനും എസ്‌കലേറ്ററിനും മലയാളത്തില്‍ എന്തു പറയും? മലയാളത്തിനുവേണ്ടി വാദിക്കുന്നവര്‍ മലയാള ഭാഷയുടെ ഈ പരിമിതികൂടി മനസ്സിലാക്കണമെന്ന് ചൂണ്ടിക്കാട്ടി ഡൊമിനിക് പ്രസന്റേഷനാണ് ചര്‍ച്ചയെ മലയാളത്തിലേക്ക് വഴി നടത്തിയത്.
കഴിഞ്ഞ ദിവസം മലയാളം സര്‍വകലാശാലാ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ മലയാളത്തിന്റെ മഹത്വം പറഞ്ഞവര്‍ ലിഫ്റ്റുകള്‍ക്കും എസ്‌കലേറ്ററുകള്‍ക്കും മലയാളത്തില്‍ എന്ത് പേര് നല്‍കും? മലയാള വാക്കുകള്‍ നേരത്തെ നിര്‍ദേശിച്ച ബെന്നി ബെഹ്‌നാന് ഡൊമിനിക്കിന്റെ നിരീക്ഷണം പിടിച്ചില്ല.
എല്ലാം മലയാളത്തിലാക്കണമെന്നൊന്നും താന്‍ പറഞ്ഞിട്ടില്ല. അരുന്ധതി റോയിപോലും മലയാളവാക്കുകള്‍ അതേപടി ഇംഗ്ലീഷില്‍ ഉപയോഗിച്ചിട്ടുണ്ട്. ആ രീതിയില്‍ മലയാളത്തിന്റെ മഹത്വം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബെന്നിയുടെ വിശാലമനസ്‌കതയില്‍ സംശയമില്ലാത്ത ഡൊമിനിക് മറ്റു ചിലരെയാണ് ഉദ്ദേശിച്ചതെന്ന് നയം വ്യക്തമാക്കി.
ലിഫ്റ്റിനെ പൊങ്ങല്‍ യന്ത്രം എന്നു മലയാളീകരിക്കുന്നതിന്റെ സാധ്യതകള്‍ എ പ്രദീപ്കുമാര്‍ ആരാഞ്ഞു. എന്നാല്‍, പൊങ്ങല്‍ മാത്രമല്ല താഴ്ത്തല്‍ യന്ത്രം കൂടിയാണ് ലിഫ്‌റ്റെന്നും മലയാളം പേര് ഉണ്ടാക്കാനുള്ള പാണ്ഡിത്യം തനിക്കില്ലെന്നും ബില്ലില്‍ പൈലറ്റ് ചെയ്ത ആര്യാടന്‍ പറഞ്ഞു. വൈദ്യുതി മന്ത്രിയാണെങ്കിലും സ്വിച്ചിന്റെ മലയാളം പറയാന്‍ ഇനിയും തനിക്കറിയില്ലെന്ന സത്യവും അദ്ദേഹം വെളിപ്പെടുത്തി.
ലിഫ്റ്റിനെയും എസ്‌കലേറ്ററിനെയും ബില്ലില്‍ തന്നെ മലയാളീകരിച്ചിട്ടുണ്ടെന്ന കാര്യം ഡൊമിനിക് വെളിപ്പെടുത്തി. ലിഫ്റ്റ് എന്നാല്‍, ഊര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്നതും ലംബദിശയില്‍ ചലിക്കുന്ന ഒരു കാറോടുകൂടിയതും യാത്രക്കാരെയോ ചരക്കുകളെയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വഹിച്ചുകൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തതുമായ ഒരു ഉയര്‍ത്തുയന്ത്ര സംവിധാനം. എസ്‌കലേറ്ററെന്നാല്‍ യാത്രക്കാരെ മുകളിലേക്കും താഴേക്കും ലംബദിശയില്‍ ചെറിയ ദൂരത്തേക്ക് വഹിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഊര്‍ജം കൊണ്ടുപ്രവര്‍ത്തിക്കുന്നതും തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുന്നതുമായ സ്റ്റെയര്‍വേ എന്നാണര്‍ഥം.
ഈ നിര്‍വചനങ്ങള്‍ കേട്ടതോടെ ഈ രണ്ട് പദങ്ങള്‍ക്കും കൃത്യമായ മലയാളം വാക്കുകള്‍ കിട്ടാത്തിടത്തോളം ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചാല്‍ മതിയെന്ന പൊതുധാരണയും വേഗം രൂപപ്പെട്ടു.

Latest