Connect with us

Kerala

അതിരപ്പിള്ളിയില്‍ പുതിയ ഡാം സാധ്യമല്ല: ഗാഡ്ഗില്‍ കമ്മിറ്റി അംഗം

Published

|

Last Updated

തൃശൂര്‍: അതിരപ്പിള്ളിയില്‍ പുതിയ ഡാം നിര്‍മിക്കാന്‍ സാധ്യമല്ലെന്ന് ഗാഡ്ഗില്‍ കമ്മിറ്റി അംഗവും ജൈവ വൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ. വി എസ് വിജയന്‍ വ്യക്തമാക്കി. അതിരപ്പിള്ളി പ്രകൃതി സംരക്ഷണ സമിതി സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡാം കെട്ടുന്നത് വെള്ളം സംഭരിക്കാനാണെന്നിരിക്കെ ഇപ്പോള്‍ തന്നെ നിലവിലുള്ള ഡാമില്‍ വെള്ളമില്ല. വെള്ളത്തിന് മഴയും മഴക്ക് കാടും വേണം. എന്നാല്‍ കാട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന അതീവ പ്രാധാന്യമുള്ള പശ്ചിമ ഘട്ടത്തിലെല്ലാം ഏഴ് ശതമാനം തനതു കാടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 1920 മുതല്‍ 1990 വരെ കാടിന്റെ 40 ശതമാനമാണ് നഷ്ടപ്പെട്ടത്. ഇതിനെല്ലാം കാരണം കൈയേറ്റവും ക്വാറി പ്രവര്‍ത്തനവുമാണ്.

നീരൊഴുക്ക് കുറഞ്ഞ കേരളത്തിന്റെ 44 നദികളുടെ കാര്യം ശോചനീയമാണ്. ഇവിടുത്ത തണ്ണീര്‍ത്തടങ്ങളുടെ കൂടി നിലനില്‍പ്പ് നദികളെ ആശ്രയിച്ചാണ്. ഈ വൈവിധ്യത്തെ തകര്‍ത്തതോടയാണ് വെള്ളത്തിന്റെ സാധ്യത കുറഞ്ഞത്. 1950 ല്‍ 200 ദിവസം മഴയുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 140 ദിവസമായി കുറഞ്ഞിട്ടുമുണ്ട്. അങ്ങനെ വരുമ്പോള്‍ പുതിയ ഡാം എന്നത് പ്രായോഗികവുമല്ല. കേരളത്തില്‍ വലിയ ഡാമുകള്‍ സാധ്യമല്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഡാം വരില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നതുമാണ്.
പരിസ്ഥിതിയെ നശിപ്പിക്കാതെ എങ്ങനെ വികസനം കൊണ്ടുവരാമെന്നു തീരുമാനിക്കുന്നതിനുള്ള പശ്ചാത്തലമാണ് യഥാര്‍ഥത്തില്‍ ഗാഡ്ഗില്‍ ശുപാര്‍ശകള്‍. എന്നാല്‍ ഇതിനെതിരെ കാര്യമറിയാതെയാണ് പലരും രംഗത്തുവന്നത്. പരിസ്ഥിതി മൗലികവാദവും വികസന മൗലികവാദവും ഒരുപോലെ തെറ്റാണ്. പകരം ഇവ രണ്ടും ഒന്നിച്ചു പോകണം. അപ്പോഴും ആരുടെ വികസനം എന്നത് വിഷയമാണ്. പാവപ്പെട്ടവന്റെ വികസനം എന്നതാണ് ഗാഡ്ഗില്‍ ശിപാര്‍ശകളുടെ അന്തഃസത്ത. തലമുറകളുടെ നിലനില്‍പ്പിനു കൂടിയുള്ളതാകണം വികസനം. പ്രകൃതിയില്‍ ഇനി അധികം വിഭവങ്ങളില്ല. ഉള്ളത് നശിപ്പിക്കരുത്. കാരണം പുതിയത് നമുക്ക് ഉണ്ടാക്കാനാകില്ല. അതിനാല്‍ വികസനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടത് പ്രാദേശിക ജനതയില്‍ നിന്നാണ്.
ലോകത്തിലെ 35 പരിസ്ഥിതി പ്രധാന പ്രദേശങ്ങളില്‍ ഒന്നാണ് പശ്ചിമ ഘട്ടം. ജീനുകളുടെ കലവറയുമാണ്. ആറ് സംസ്ഥാനങ്ങളിലെ 28 കോടി ജനങ്ങളുടെ കുടിവെള്ളം, കൃഷി എന്നിവയും സംരക്ഷിക്കപ്പെടണമെങ്കില്‍ പശ്ചിമ ഘട്ട മേഖലയും അതിരപ്പിള്ളിയും ചാലക്കുടി പുഴയും സംരക്ഷിക്കപ്പെടണം- വിജയന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ പ്രൊഫ. പി ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. കെ ആര്‍ ദിവാകരന്‍ അധ്യക്ഷത വഹിച്ചു.

Latest