കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ‘ആരോഗ്യ ക്ലിനിക്കു’കള്‍

Posted on: March 26, 2013 11:53 pm | Last updated: March 26, 2013 at 11:53 pm
SHARE

teenageകണ്ണൂര്‍:സംസ്ഥാനത്ത് കൗമാരപ്രായക്കാരില്‍ ആത്മഹത്യാ പ്രവണതയും മതിഭ്രമമുള്‍പ്പെടെയുള്ള മാനസിക വൈകല്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കൗമാരക്കാര്‍ക്ക് മാത്രമായി പ്രത്യേക ആരോഗ്യ ക്ലിനിക്കുകള്‍ തുടങ്ങുന്നു. ജില്ലാ ആസ്ഥാനങ്ങളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കൗമാര ആരോഗ്യ ക്ലിനിക്കുകള്‍ എന്ന പേരില്‍ പ്രത്യേകമായി പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമാകും. ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ഉച്ചക്ക് ശേഷം രണ്ട് മണി മുതല്‍ അഞ്ച് മണി വരെയായിരിക്കും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുക. പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി 180 പേര്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കിയിട്ടുള്ളത്. 60 ഡോക്ടര്‍മാര്‍, അത്രതന്നെ നഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ ക്ലിനിക്കുകളിലെ സേവനത്തിനായി തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം ക്ലിനിക്കുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ഗര്‍ഭാവസ്ഥക്ക് ശേഷം ത്വരിതഗതിയിലുള്ള വികാസ ഘട്ടമാണ് കൗമാരപ്രായമെന്നതിനാല്‍ ഈ പ്രായത്തിലുള്ള കുട്ടികളുടെ വളര്‍ച്ചക്ക് പുതിയ സാഹചര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ ഡോ. അമര്‍ പറഞ്ഞു. വ്യക്തിത്വത്തിനും സാമൂഹിക കാഴ്ചപ്പാടിനും ഭാവഭേദങ്ങളുണ്ടാകുന്ന കൗമാരകാലത്താണ് കുട്ടികളുടെ ആരോഗ്യവും പോഷണ രീതികളും മാനസിക സന്തുലിതാവസ്ഥയും പരിരക്ഷിക്കപ്പെടേണ്ടത്. ഹോര്‍മോണുകളുടെ വളര്‍ച്ച, ലൈംഗികതയിലെ പുതിയ കാഴ്ചപ്പാടുകള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോടുള്ള ആസക്തി, സദാചാരങ്ങളോട് പ്രതിബദ്ധതയില്ലായ്മ എന്നിവയൊക്കെ ഈ ഘട്ടത്തിലാണ് കുട്ടികളില്‍ രൂപപ്പെടുക. അതിനാല്‍ കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായി പരിഹാരം കാണാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് ക്ലിനിക്കുകളിലെ പ്രവര്‍ത്തനം പ്രധാനമായും ഉപയോഗപ്പെടുത്തുക.
സംസ്ഥാനത്ത് കൗമാരക്കാരുടെ ആത്മഹത്യയും മതിഭ്രമങ്ങളും ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞതിന്റെ പിന്നില്‍ ലൈംഗികതയോടുള്ള അപക്വമായ കാഴ്ചപ്പാടാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ്, മറ്റ് സന്ദേശവാഹക സംവിധാനങ്ങള്‍ എന്നിവയെല്ലാം വഴി സെക്‌സ് റാക്കറ്റ് സജീവമാകുമ്പോള്‍ ഏറ്റവുമധികം ഇരകളാകുന്നത് കൗമാരപ്രായക്കാരാണ്. മാനസിക ഉത്കണ്ഠ, വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ കുട്ടികളില്‍ ഏറിവരുന്നതായും സ്‌കൂളിലെ ഹെല്‍പ്പ് ഡെസ്‌കുകള്‍ മുഖാന്തരവും മറ്റും നടത്തിയ സര്‍വേകളില്‍ തെളിഞ്ഞിട്ടുണ്ട്. പരീക്ഷാത്തോല്‍വി, പ്രേമ നൈരാശ്യം, സാമ്പത്തിക പ്രതിസന്ധി, പെട്ടെന്നുണ്ടാകുന്ന നഷ്ടങ്ങള്‍ എന്നിവയൊക്കെയാണ് കുട്ടികളെ വലിയ മാനസിക പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനും ആവശ്യമെങ്കില്‍ ചികിത്സ തേടാനും ക്ലിനിക്കുകളില്‍ സൗകര്യമൊരുക്കുന്നത്.
നേരത്തെ എസ് എസ് എ പദ്ധതി വഴി സ്‌കൂളുകളില്‍ കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ആവിഷ്‌കരിച്ച മാര്‍ഗങ്ങള്‍ വലിയ വിജയം കണ്ടെത്തിയിരുന്നു. സ്വന്തം വീടുകളില്‍ നിന്നും മറ്റു പലയിടങ്ങളില്‍ നിന്നുമായി പീഡനമേല്‍ക്കേണ്ടി വന്നിരുന്ന നിരവധി കുട്ടികളാണ് എസ് എസ് എയുടെ ഹെല്‍പ്പ് ഡെസ്‌കുകളെ ആശ്രയിച്ച് രക്ഷപ്പെട്ടത്. അതില്‍ നിന്ന് ഏറെ വ്യത്യസ്തമായ രീതിയല്ലെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാകുമെന്ന വലിയൊരു പ്രത്യേകത പുതുതായി തുടങ്ങുന്ന കൗമാര ക്ലിനിക്കുകള്‍ക്കുണ്ടാകും.