ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി രാജിവെച്ചു

Posted on: March 26, 2013 8:43 pm | Last updated: March 27, 2013 at 12:19 am
SHARE

italy forin minister

റോം/ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്ന് ഇറ്റലിയില്‍ കത്തിപ്പടര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജുലിയോ തെര്‍സി രാജിവെച്ചു. പാര്‍ലിമെന്റിലാണ് തെര്‍സി രാജിവിവരം പ്രഖ്യാപിച്ചതെന്ന് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ എസ് എ റിപ്പോര്‍ട്ട് ചെയ്തു. നാവികരെ തിരിച്ചയക്കേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കാന്‍ സാധിച്ചില്ലെന്നും നാവികരോടുള്ള തന്റെ അനുഭാവത്തിന്റെ ഭാഗമായാണ് രാജിവെക്കുന്നതെന്നും തെര്‍സി പറഞ്ഞു.
പൊതു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ നാട്ടിലെത്തിയ നാവികരെ തിരിച്ചയക്കില്ലെന്ന് പ്രധാനമന്ത്രി മാരിയോ മോണ്ടിയുടെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി കര്‍ശന നടപടി സ്വീകരിക്കുകയും ഇന്ത്യ നയതന്ത്ര സമ്മര്‍ദം ശക്തമാക്കുകയും ചെയ്തതോടെ ഈ മാസം 22ന് നാവികരെ തിരിച്ചയക്കാന്‍ ഇറ്റലി തയ്യാറാകുകയായിരുന്നു. പ്രതികളായ മാസ്സിമിലിയാനോ ലാത്തോറെയെയും സാല്‍വത്തോറെ ജിറോനെയെയും വധശിക്ഷക്ക് വിധേയമാക്കില്ലെന്നും അറസ്റ്റ് ചെയ്യില്ലെന്നും ഉറപ്പ് ലഭിച്ച ശേഷമാണ് ഇവരെ തിരിച്ചയച്ചത്. വിദേശകാര്യ സഹമന്ത്രിയോടൊപ്പമാണ് നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്.
തിരിച്ചയച്ചത് കര്‍ശന നിബന്ധനകളുടെ അടിസ്ഥാനത്തിലായിട്ട് പോലും ഇറ്റലിയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. നാവികരെ രാജ്യത്ത് കൊണ്ടുവരികയും തിരിച്ചയക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഭരണ സഖ്യം വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ജനങ്ങളെ വഞ്ചിച്ചുവെന്ന വിമര്‍ശമാണ് പ്രധാനമായും ഉയര്‍ന്നത്. നാവികരെ തിരിച്ചെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ പേരില്‍ ഇറ്റാലിയന്‍ സ്ഥാനപതിയെ ഇന്ത്യന്‍ സുപ്രീം കോടതി ഭീഷണിപ്പെടുത്തിയെന്നും ഇറ്റാലിയന്‍ പത്രങ്ങള്‍ എഴുതിയിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇറ്റലി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കാവല്‍ മന്ത്രിസഭയില്‍ നിന്നുള്ള തെര്‍സിയുടെ രാജി.
നാവികരുടെ വിചാരണ പാട്യാല പ്രത്യേക കോടതിയില്‍ ആരംഭിക്കാനിരിക്കുകയാണ്. കൊല്ലം തീരത്താണ് രണ്ട് മീന്‍പിടിത്തക്കാര്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്. സംഭവം നടന്നത് അന്താരാഷ്ട്ര ജല അതിര്‍ത്തിയിലാണെന്നാണ് ഇറ്റലിയുടെ വാദം.