ഗദ്ദാഫിയുടെ കുടുംബത്തിന് ഒമാനില്‍ രാഷ്ട്രീയ അഭയം

Posted on: March 26, 2013 7:51 pm | Last updated: March 26, 2013 at 7:54 pm
SHARE

gaddafiമസ്‌കത്ത്:അന്തരിച്ച മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ കുടുംബത്തിന് ഒമാനില്‍ രാഷട്രീയ അഭയം. ഇന്നലെ അല്‍ ശബീബ അറബി പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗദ്ദാഫിയുടെ കുടുംബത്തിന് മാനുഷിക പരിഗണന നല്‍കി കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ അഭയം നല്‍കി വരുന്നുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഗദ്ദാഫിയുടെ കുടുംബം നാളുകള്‍ക്കു മുമ്പു തന്നെ ലിബിയ വിട്ടിരുന്നുവെന്ന് ലിബിയയിലെ അള്‍ജീരിയന്‍ അംബാസിഡര്‍ അബ്ദുല്‍ ഹാമിദ് ബസാഹിര്‍ പറഞ്ഞു. ഗദ്ദാഫിയുടെ കുടുംബാംഗങ്ങള്‍ ആരും അള്‍ജീരിയില്‍ ഇപ്പോള്‍ തുടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗദ്ദാഫിയുടെ വിധവ സഫിയ ഫര്‍കാശ്, മക്കളായ ഐശ, മുഹമ്മദ്, ഹന്നിബാല്‍, പേര മകന്‍ എന്നിവരാണ് ഒമാനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്നതെന്ന് ലിബിയന്‍ വൃത്തങ്ങളെയും ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാറിനെതിരായ ഏതെങ്കിലും രീതിയിലുള്ള രാഷട്രീയ, മാധ്യമ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരില്ലെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അഭയം നല്‍കിയത്.
ലിബിയ, അള്‍ജീരിയ ഭരണാധികാരികളുടെ പൂര്‍ണ അറിവോടെയാണ് കുടുംബം ഒമാനിലെത്തിയത്. ഇവര്‍ക്ക് യാത്ര ചെയ്യുന്നതിന് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അധികൃതര്‍ അനുവദിച്ചിരുന്നു. ഏതെങ്കിലും അറബ് രാജ്യത്ത് അഭയം തേടുന്നതിന് ഗദ്ദാഫിയുടെ കുടംബം താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനു കഴിഞ്ഞില്ലെങ്കില്‍ ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തോ യൂറോപ്യന്‍ രാജ്യത്തോ പോകാനായിരുന്നു ഉദ്ദേശ്യം.
ഗദ്ദാഫിയുടെ മകന്‍ ഹന്നിബാലിന്റെ ഭാര്യ അലൈന്‍ സകാഫ് തന്റെ മകനൊപ്പം ലബനോനിലേക്കു തിരിച്ചു പോയി. എന്നാല്‍, ഗദ്ധാഫിയുടെ ഭാര്യ സഫിയയും മകള്‍ ഐശയും മകന്‍ മുഹമ്മദിനൊപ്പം ഒമാനില്‍ തുടരുകയാണ്. ഒമാനിലെ തന്ത്രപ്രധാനമായ സ്ഥലത്താണ് ഗദ്ദാഫിയുടെ കുടംബം താമസിക്കുന്നതെന്നും വാര്‍ത്ത വിവരിക്കുന്നു. അതേസമയം, സആദി ഗദ്ദാഫി നൈഗറിലേക്കു പോകാന്‍ തയാറെടുക്കുകയാണത്രെ. ഇത്രയും നാള്‍ ലിബിയയില്‍ തന്നെ തങ്ങിയ അദ്ദേഹത്തോട് നാടു വിടാന്‍ ലിബിയന്‍ ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തി വരികയാണ്. ഒമാനില്‍ കുടുംബത്തോടൊപ്പം ചേരുന്നതിനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സആദി ഗദ്ദാഫി ലിബിയയില്‍ പൊതു മുതല്‍ ദുരുപയോഗം ചെയ്തുവെന്ന കേസ് നേരിടുന്നുണ്ട്. ലിബിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടാണ് ആരോപണം.