വിവര വിനിമയ സാങ്കേതിക പ്രദര്‍ശനത്തിന് തുടക്കമായി

Posted on: March 26, 2013 7:46 pm | Last updated: March 26, 2013 at 7:46 pm
SHARE

മസ്‌കത്ത്:വിവര സാങ്കേതിക മേഖലയിലെ പുത്തന്‍ ഉത്പന്നങ്ങളും സേവനങ്ങളുമായി ‘കോമക്‌സി’ന്റെ പുതിയ എഡിഷനു ഒമാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. മൈക്രോ സോഫ്റ്റ് ഉള്‍പെടെ ഐ ടി രംഗത്തെ ലോക രാജാക്കന്‍മാരും നാലാം തലമുറ മൊബൈല്‍ സേവനങ്ങളുമായി സാംസംഗ്, നോകിയ, എല്‍ ജി, ഹുവായ് തുടങ്ങിയ കമ്പനികളുടെയും സജീവ സാന്നിധ്യമുള്ള പ്രദര്‍ശനത്തില്‍ രാജ്യത്തെ ടെലികോം കമ്പനികളുടെ സാന്നിധ്യവും ശ്രദ്ധേയം.

അഞ്ചു ദിവസത്തെ പ്രദര്‍ശനം സിവില്‍ സര്‍വീസ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഉമര്‍ അല്‍ മര്‍ഹൂന്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതിക രംഗത്തെ പുതിയ വികാസങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ പ്രയോജനപ്പെടുന്നതാണ് പ്രദര്‍ശനമെന്ന് ഉദ്ഘാടന ശേഷം പവലിയനുകള്‍ സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു. എക്‌സിബിഷന്‍ സെന്റര്‍ സി ഇ ഒ അഹ്മദ് ബിന്‍ സാലിഹ് ബഅബൂദും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. കൂടാതെ മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, മജ്‌ലിസ് ശൂറ അംഗങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുത്തു.
‘ഡിജിറ്റില്‍ മാറ്റങ്ങളെ പിന്തുണക്കുന്നു’ എന്ന സന്ദേശത്തില്‍ നടക്കുന്ന പ്രദര്‍ശനം ഒമാന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് എക്ബിഷന്‍സും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റിയും സംയുക്തമായായാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഖ്യ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങളുമായി മേളയില്‍ പവലിയിനുകളൊരുക്കിയിരിക്കുന്നു. റോയല്‍ ഒമാന്‍ പോലീസ്, ആഭ്യന്തര മന്ത്രാലയം, ടെലികോം റഗുലേറ്ററി അതോറിറ്റി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, മസ്‌കത്ത് നഗരസഭ, ദോഫാര്‍ ഗവര്‍ണറേറ്റ്, നീതിന്യായ മന്ത്രാലയം തുടങ്ങി 30 ലധികം സ്ഥാപനങ്ങളാണ് തങ്ങളുടെ ഇ സേവനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുവൈത്ത്, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇലക്‌ട്രോണിക്‌സ് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നു.
വിവര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളും ഒരു കുടക്കീഴില്‍ പരിചയപ്പെടുത്തുന്ന മേളയില്‍ മൈക്രോ സോഫ്റ്റ് വിന്‍ഡോസ് എട്ടിനെയാണ് പരിചയപ്പെടുത്തുന്നത്. നോകിയയുമായി സഹകരിച്ചു പുറത്തിറക്കിയ വിന്‍ഡോസ് ഫോണുകളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. വിദ്യാഭ്യാസം, വ്യവസായം, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലയില്‍ ഇലക്‌ട്രോണിക്‌സ് വിപ്ലവം ഉപയോഗപ്പെടുത്തി വളര്‍ച്ച കൈവരിക്കുന്നതിന്റെ പരിപ്രേക്ഷ്യങ്ങളാണ് മേളയിലെ പ്രദര്‍ശനങ്ങള്‍. മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്, കമ്പ്യൂട്ടര്‍ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇ ഗവണ്‍മെന്റ് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതും ഷോപ്പറുമായി രണ്ടു പ്രധാന പവലിയനുകളാണ് മേളയിലുള്ളത്. വിവര വിനിമയ സാങ്കേതിക പ്രദര്‍ശനത്തിന് തുടക്കമായി.