നടി സുകുമാരി അന്തരിച്ചു

Posted on: March 26, 2013 5:45 pm | Last updated: March 28, 2013 at 2:02 pm
SHARE

sukumari

ചെന്നൈ: പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയയാക്കിയിരുന്നു. ഇന്ന് രാവിലെ ചെന്നൈ ടിനഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കുന്ന മൃതദേഹം ഉച്ചയോടെ ചെന്നൈയില്‍ സംസ്‌കരിക്കും.
ഫെബ്രുവരി 27ന് വീട്ടിലെ പ്രാര്‍ഥനാമുറിയില്‍ നിലവിളക്ക് കൊളുത്തവെ തീ പടര്‍ന്നുപിടിച്ചാണ് സുകുമാരിക്ക് പൊള്ളലേറ്റത്. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ അവര്‍ അപകടനില തരണം ചെയ്തതായി കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
1940 ഒക്‌ടോബര്‍ ആറിന് നാഗര്‍കോവിലിലാണ് ജനനം. തസ്‌കരവീരന്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 2012ല്‍ അഭിനയിച്ച 3ജി ആണ് പുറത്തിറങ്ങിയ അവസാന ചിത്രം.
അന്തരിച്ച സംവിധായകന്‍ ഭീം സിംഗ് ആണ് ഭര്‍ത്താവ്. ചെന്നൈ മെഡിക്കല്‍ കോളജില്‍ ഡോക്ടറായ സുരേഷാണ് മകന്‍. മരുമകള്‍ ഉമ.