നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ വരെ

Posted on: March 26, 2013 5:23 pm | Last updated: March 26, 2013 at 7:33 pm
SHARE

ദോഹ: കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള സമയ പരിധി ഏപ്രിലോട് കൂടി അവസാനിക്കുന്നു. ഏപ്രില്‍ അവസാനത്തോടെ കാമറകള്‍ സ്ഥാപിക്കാത്തവര്‍ക്കെതിരെ സുരക്ഷാ വിഭാഗം കര്‍ശന നിയമ നടപടികള്‍ക്കൊരുങ്ങുന്നതായി പ്രാദേശിക അറബി പത്രം ‘അല്‍ റായ’ റിപ്പോര്‍ട്ട് ചെയ്തു. 2011 ലെ ഗവണ്മെന്റ് ഉത്തരവിന്റെ പരിധിയില്‍ വരുന്ന കമ്പനികള്‍, ഹോട്ടലുകള്‍, ജ്വല്ലറികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളെ ബാധിക്കുന്ന ഈ നിയമം ലംഘിച്ചാല്‍ പരമാവധി മൂന്നു വര്‍ഷം ജയില്‍ വാസം അല്ലെങ്കില്‍ അമ്പതിനായിരം റിയാല്‍ പിഴയോ രണ്ടും കൂടി ഒന്നിച്ചോ അനുഭവിക്കേണ്ടി വരുമെന്നാണ് പ്രസ്തുത നിയമം അനുശാസിക്കുന്നത്. അതോടൊപ്പം ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി റദ്ദു ചെയ്യാനും സുരക്ഷാ വിഭാഗത്തിന് അധികാരം നല്കുന്നതാണ് നിയമം.
കാമറയുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നതിനും മറ്റു നിരീക്ഷണ സംവിധാനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനും സുരക്ഷാ വിഭാഗത്തിന് കമ്പനികളില്‍ പ്രവേശിക്കാനും നിയമം അനുവാദം നല്കുന്നുണ്ട്. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച വിവരം സന്ദര്‍ശകര്‍ക്ക് മനസിലാവുന്ന രൂപത്തില്‍ എഴുതി വെക്കാനും നിയമം അനുശാസിക്കുന്നു. ഇത് സംബന്ധമായി ആഭ്യന്തര വകുപ്പിന് കീഴിലെ സുരക്ഷാ വിഭാഗം സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ബോധ വല്കരണം നടത്തിയിരുന്നു.
രാജ്യത്ത് നടന്ന വിവിധ കേസുകളിലെ കുറ്റവാളികളെ പിടി കൂടുന്നതിന് ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ വളരെ സഹായകമായിട്ടുണ്ട്. അല്‍ സദ്ദിലെ പ്രമുഖ സ്ഥാപനത്തില്‍ നിന്ന് ഒരു സ്ത്രീയില്‍ നിന്ന് ഹാന്‍ഡ് ബാഗ് കവര്‍ന്ന പ്രതിയെ കണ്ടെത്തിയതും പേള്‍ ഖത്തറിലെ വിവിധ സ്ഥാപനങ്ങളില്‍ നടന്ന കവര്‍ച്ചയിലെ കുറ്റവാളികളെ എളുപ്പം പിടി കൂടാനയതും ഇത്തരം സംവിധാനങ്ങള്‍ വ്യാപകമാക്കാന്‍ സുരക്ഷാ വിഭാഗത്തെ പ്രേരിപ്പിക്കുന്നു.