പട്ടാമ്പി താലൂക്ക്: നടപടികള്‍ അടുത്ത മാസം തുടങ്ങും

Posted on: March 26, 2013 12:20 pm | Last updated: March 26, 2013 at 12:20 pm
SHARE

പട്ടാമ്പി: നിര്‍ദിഷ്ട പട്ടാമ്പി താലൂക്കിനായുളള നടപടികള്‍ അടുത്ത മാസം തുടങ്ങും. അതിര്‍ത്തി നിര്‍ണയത്തിനായി സ്‌പെഷ്യല്‍ ഓഫിസറുടെ നിയമനത്തോടെയാകും നടപടികള്‍ ആരംഭിക്കുക.
പാലക്കാടിന്റെ പടിഞ്ഞാറന്‍ മേഖലയുടെ വികസനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് നിര്‍ദിഷ്ട പട്ടാമ്പി താലൂക്ക്. തൃത്താല, പട്ടാമ്പി നിയോജകമണ്ഡലങ്ങളിലെ 17 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് താലൂക്ക് വിഭാവനം ചെയ്യുന്നത്.
ഇതിന് പുറമെ താലൂക്കില്‍ ചേരാന്‍ താത്പര്യമുളള പഞ്ചായത്തുകളെയും ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതിര്‍ത്തി നിര്‍ണയത്തിനായുളള നടപടികള്‍ക്കൊപ്പം റവന്യൂ, സപ്ലൈ ഓഫിസുകളിലെ റെക്കോര്‍ഡുകളുടെ വേര്‍തിരിക്കലും ഉടന്‍ ആരംഭിക്കും.
2006 ല്‍ പട്ടാമ്പിയില്‍ പൂര്‍ത്തിയായ മിനി സിവില്‍ സ്‌റ്റേഷനാകും താലൂക്ക് ഓഫിസായി പ്രവര്‍ത്തിക്കുക. പതിനഞ്ചോളം ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമുളള കെട്ടിടത്തില്‍ നിലവില്‍ ആറ് ഓഫിസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ട് തന്നെ ഓഫിസിനുളള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാണ്. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ തഹസീല്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തോടെ മാസങ്ങള്‍ക്കുളളില്‍ താലൂക്ക് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.—പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന താലൂക്ക് ഇനി വൈകില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സ്ഥലം എം എല്‍ എയായ സി പി മുഹമ്മദും.