ബൈക്ക് റിപ്പയര്‍ ചെയ്യാന്‍ വൈകി; ഏജന്‍സി 30,000 രൂപ പിഴ നല്‍കണം

Posted on: March 26, 2013 12:18 pm | Last updated: March 26, 2013 at 12:18 pm
SHARE

money-exchange-madhya-pradeshപാലക്കാട്: ഹീറോ ഹോണ്ട ബൈക്ക് അംഗീകൃത ഏജന്‍സിയില്‍ റിപ്പയര്‍ ചെയ്യാന്‍ വൈകിയതിന് 30,000 രൂപ പിഴ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.
തത്തമംഗലത്ത് ലക്ഷ്മി നാരായണനാണ് പരാതിക്കാരന്‍. ബൈക്ക് 20 ദിവസത്തിനകം റിപ്പയര്‍ ചെയ്തു നല്‍കാമെന്നായിരുന്നു ഏജന്‍സി ഇദ്ദേഹത്തോട് പറഞ്ഞിരുന്നത്.
എന്നാല്‍ സ്‌പെയര്‍ പാര്‍ട്‌സ് കിട്ടാനില്ലെന്ന് പറഞ്ഞ് വണ്ടി തിരിച്ചു കൊടുക്കുന്നത് നീട്ടി കൊണ്ടുപോകുകയും 10 മാസത്തിന് ശേഷം നന്നാക്കി നല്‍കുകയുമാണ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
എതിര്‍ കക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ബോധ്യപ്പെട്ട കോടതി നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നല്‍കാന്‍ ഉത്തരവിട്ടു.
മറ്റൊരു കേസില്‍ ഇന്‍ഷ്വറന്‍സ് കമ്പനിയോട് 25,700 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. മുടപ്പല്ലൂര്‍ അനൂപ് രാജാളാണ് കേസിലെ കക്ഷി. അനൂപ് രാജ് സോഫ്റ്റ് ട്രിങ്ക്‌സ് വിതരണത്തിന് വാങ്ങിയ പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ട് പരാതിക്കാരന് പരുക്കേല്‍ക്കുകയും വാഹനത്തിന് സാരമായ കേടുപറ്റുകയും ചെയ്തു.
വണ്ടി നന്നാക്കി എടുക്കുന്നതിന് 1,39,857 രൂപ ചെലവായെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനി 91,000 രൂപ മാത്രമാണ് നല്‍കിയത്.
ഇതിനെ തുടര്‍ന്നാണ് അനൂപ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കോടതി ബാക്കി നല്‍കാനുളള തുകയും നഷ്ടപരിഹാരമായി 4000 രൂപയും കോടതി ചെലവായി 1000 രൂപയും സഹിതം 25,700 രൂപ അനൂപിന് നല്‍കാന്‍ വിധിക്കുകയായിരുന്നു.