Connect with us

Palakkad

ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ചു തകര്‍ത്തു

Published

|

Last Updated

വടക്കഞ്ചേരി: ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ ആക്രമണം. നാല് സ്ത്രീകള്‍ക്ക് പരുക്കേറ്റു. അഞ്ച് വീടുകള്‍ തകര്‍ത്തു. ഇരുപതിനായിരം രൂപയും മൂന്ന് പവന്‍ സ്വര്‍ണവും കവര്‍ന്നു. വടക്കഞ്ചേരി ചെറുകണ്ണമ്പ്രയിലാണ് ഞായറാഴ്ച രാത്രി നാല്‍പ്പതോളം വരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്.
പരുവാശേരിയിലെ കുമ്മാട്ടിയോടാനുബന്ധിച്ച് ആണുങ്ങളാരും വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തി ആസൂത്രിതമായി അക്രമണം അഴിച്ച് വിടുകയായിരുന്നുവെന്ന് പരുക്കേറ്റവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും അവര്‍ ആരോപിച്ചു.
ചെറുകണ്ണമ്പ്ര സുഭാഷ് ചന്ദ്രബോസിന്റെ “ഭാര്യ ശാന്ത (57), മോഹനന്റെ “ഭാര്യ രുഗ്മിണി (47), നാരായണന്റെ “ഭാര്യ കമലം(60), പ്രഭാകരന്റെ “ഭാര്യ രുഗ്മിണി(55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വടക്കഞ്ചേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി വൈ എഫ് ഐ ചെറുകണ്ണമ്പ്ര യൂനിറ്റ് “ഭാരവാഹികളായ അജി, ബിജു, ശശി, വിനോദ് എന്നിവരുടെ വീടുകളിലാണ് അക്രമണം നടത്തിയത്.
അക്രമണത്തില്‍ അഞ്ച് വീടുകള്‍ തകര്‍ന്ന നിലയിലാണ്. അജിയുടെ വീട്ടിലെ ടി വി , വാതിലുകള്‍, ജനലുകള്‍, അലമാരകള്‍ എന്നിവയെല്ലാം തകര്‍ന്നിട്ടുണ്ട്. അലമാരയില്‍ സൂക്ഷിച്ച ഇരുപതിനായിരം രൂപയും മൂന്ന് പവന്‍ സ്വര്‍ണവും അക്രമികള്‍ കവര്‍ച്ച ചെയ്തതായി വീട്ടുകാര്‍ പറയുന്നു. മറ്റു വീടുകളിലെ ഓടുകള്‍, അലമാരകള്‍, ജനലുകള്‍ എന്നിവയെല്ലാം തകര്‍ത്ത് സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്യുകയായിരുന്നു.
വിനോദിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനും സംഘം അടിച്ച് തകര്‍ത്തു. ഗൃഹപ്രവേശം പോലും കഴിയാത്ത പുതിയ വീടും തകര്‍ത്തിട്ടുണ്ട്. ചെറുകണ്ണമ്പ്ര സെന്ററില്‍ സ്ഥാപിച്ച സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും കൊടികളും പ്രചാരണ ബോര്‍ഡുകളും മോട്ടോര്‍ ഷെഡും തകര്‍ത്തിട്ടുണ്ട്.
ഈ പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് ഹൗസാണ് തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് വീട്ടുടമകള്‍ വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest