മത്സ്യ ലോറികളില്‍ നിന്ന് മലിനജലം ഒഴുക്കുന്നത് പോലീസ് സ്റ്റേഷന് മുന്നില്‍

Posted on: March 26, 2013 12:09 pm | Last updated: March 26, 2013 at 12:09 pm
SHARE

തേഞ്ഞിപ്പലം: വിദൂരങ്ങളില്‍ നിന്ന് വരുന്ന മത്സ്യലോറികളില്‍ നിന്ന് മലിനജലം ഒഴുക്കുന്നത് ദേശീയപാതയില്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് മുന്നില്‍. ഇതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധമാണിവിടെ. രാത്രി സമയത്ത് പോലീസ് പട്രോളിംഗും പകല്‍ സമയത്ത് ഹൈവേ പട്രോളിംഗും ഉണ്ടായിട്ടും ഇവരെ പിടികൂടാനാകുന്നില്ല.
യാത്രക്കാരായ പലരും ബസില്‍ നിന്നും ഇവിടം എത്തുമ്പോള്‍ മൂക്ക് പൊത്തുന്ന സ്ഥിതിയാണുള്ളത്. മത്സ്യം കേട് വരാതിരിക്കാനായി ഐസ് ഉപയോഗിച്ചത് അലിഞ്ഞുണ്ടാകുന്ന ജലമാണ് തള്ളുന്നത്. ഇതിനെതിരെ പലയിടത്തും പ്രതിഷേധമുയര്‍ന്നിട്ടും പകല്‍ സമയത്ത് പോലും തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് മുന്നില്‍ മലിനജലം തള്ളുന്നത് പതിവായിരിക്കുകയാണ്. കൊടും വേനലിലും പല സ്ഥലത്തായി വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണിവിടെ. വാഹനങ്ങളില്‍ ജലം സംഭരിച്ചതാണ് ഇവിടെ ഒഴുക്കിവിടുന്നത്.