Connect with us

Malappuram

സ്വര്‍ണവും പണവുമായി മുങ്ങിയ വിവാഹ തട്ടിപ്പുകാരന്‍ അറസ്റ്റില്‍

Published

|

Last Updated

വേങ്ങര: ആഭരണവും പണവുമായി മുങ്ങിയ വിവാഹ തട്ടിപ്പുവീരനേയും സഹായികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും പരപ്പനങ്ങാടി റഹീം ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ പുളിക്കലകത്ത് സിദ്ദീഖ് (38) ഉം സഹായികളായി പ്രവര്‍ത്തിച്ച ചെറമംഗലം മാറപ്പില്‍ വീട്ടില്‍ ആലിക്കോയ (67), തൃക്കുളം കരിപറമ്പിലെ പാലക്കല്‍ മൂസ (55) എന്നിവരാണ് അറസ്റ്റിലായത്. നാലാം ഭാര്യ കണ്ണമംഗലം വട്ടപ്പൊന്ത കളിപ്പിലാക്കല്‍ ആദമിന്റെ മകള്‍ റഹീനയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞ മാസം 27നായിരുന്നു ഇവരുടെ വിവാഹം, ആദ്യ ഭാര്യ തെറ്റിപ്പോയെന്നും നിലവിലില്ലെന്നും തെറ്റിദ്ധരിപ്പിച്ച് അയ്യായിരം രൂപയും രണ്ടര പവന്‍ സ്വര്‍ണവും വാങ്ങിയിരുന്നു. ശേഷം പണവും സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. വിവാഹ സമയം വിദേശത്തായിരുന്നു വധുവിന്റെ സഹോദരന്‍ നാട്ടിലെത്തി പരപ്പനങ്ങാടിയില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിവായത്.
റസീനയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് സിദ്ദീഖ് കണ്ണൂര്‍, വണ്ടൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ഭാര്യമാരിലായി ആറ് കുട്ടികളുമുണ്ട്. ഒന്നാം പ്രതി സിദ്ദീഖിനെ അച്ചനമ്പലത്ത് നിന്നും ദല്ലാള്‍മാരായ ആലിക്കോയ, മൂസ എന്നിവരെ കൂരിയാട് നിന്നുമാണ് പോലീസ് പിടികൂടിയത്. മൂന്ന് പ്രതികളെയും മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു.